Connect with us

From the print

ഒരു വര്‍ഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 19 പേര്‍

കടിയേറ്റാലുള്ള ചികിത്സയെ കുറിച്ചും പാമ്പ് എത്തിപ്പെടാനുള്ള സാഹചര്യങ്ങളെ കുറിച്ചുമുള്ള അജ്ഞതയാണ് മരണങ്ങള്‍ കൂടാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Published

|

Last Updated

കോഴിക്കോട് | ചൂട് കൂടിയതോടെ സംസ്ഥാനത്ത് പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 19 പേര്‍ പാന്പുകടിയേറ്റ് മരിച്ചുവെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. കടിയേറ്റാലുള്ള ചികിത്സയെ കുറിച്ചും പാമ്പ് എത്തിപ്പെടാനുള്ള സാഹചര്യങ്ങളെ കുറിച്ചുമുള്ള അജ്ഞതയാണ് മരണങ്ങള്‍ കൂടാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചിറയിന്‍കീഴ് സ്വദേശി ഏഴ് വയസ്സുകാരന്‍ ദീക്ഷല്‍ ഇന്നലെ പാമ്പുകടിയേറ്റ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. തൃശൂര്‍ കൊടകര മറ്റത്തൂരില്‍ എട്ട് വയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. തിരുവനന്തപുരം കിളിമാനൂരില്‍ 75കാരി സുധര്‍മ കിണറിനടുത്ത് നിന്ന് പാമ്പു കടിയേറ്റ് മരിച്ചതും ഈ മാസമാണ്. എന്നാല്‍ വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2020ല്‍ ആവിഷ്‌കരിച്ച മിഷന്‍ സര്‍പ്പയുടെ ബോധവത്കരണവും മറ്റുമായി മുന്‍കാലത്തേക്കാള്‍ മരണനിരക്ക് കുറച്ച് കൊണ്ടുവരാന്‍ കഴിഞ്ഞതായി സര്‍പ്പ ആപ്പ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് അന്‍വര്‍ യൂനുസ് സിറാജിനോട് പറഞ്ഞു.

കാരണം മുമ്പെങ്ങുമില്ലാത്ത ചൂട്
പാമ്പുകള്‍ മാളം വിട്ടിറങ്ങാന്‍ കാരണം ചൂടിന്റെ ആധിക്യം. ചൂടില്‍ അനുഭവിക്കുന്ന സ്ട്രെസ്സാണ് പാമ്പുകളെ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്. സാധാരണഗതിയില്‍ പാമ്പുകള്‍ ഇരപിടിക്കാന്‍ വേണ്ടി മാത്രമാണ് പുറത്തേക്കിറങ്ങാറുള്ളതെങ്കിലും വിഷപ്പാന്പുകളുടെ പ്രജനന സമയവും കടുത്ത ചൂടും ഒത്തുവരുന്ന സമയത്ത് പാമ്പുകളെ വ്യാപകമായി കാണാന്‍ സാധ്യതയുണ്ടെന്ന് മുഹമ്മദ് അന്‍വര്‍ യൂനുസ് പറഞ്ഞു. ഈ സമയത്ത് വലിയ കരുതല്‍ വേണമെന്നും സ്ട്രെസ്സ് ലെവല്‍ കൂടുന്നതിനാല്‍ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

വിറക്, ഇഷ്ടിക കൂട്ടിയിടരുത്
വീടുകള്‍ക്ക് സമീപം പാമ്പുകള്‍ക്ക് ഒളിയിടങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കരുത്. ഇഷ്ടിക, വിറക്, തടി പോലുള്ളവ കൂട്ടിയിടരുത്. വീടിന് ചുറ്റും പൊത്തും മാളങ്ങളും ഉണ്ടെങ്കില്‍ അടയ്ക്കണം. പാമ്പുകളെ ആകര്‍ഷിക്കുന്ന എലി പോലുള്ള ജീവികളുടെ സാന്നിധ്യം ഒഴിവാക്കണം. പടര്‍ന്നുനില്‍ക്കുന്ന ചെടികളിലൂടെ വീട്ടിനകത്തേക്ക് പാമ്പ് കയറിവരാനുള്ള സാധ്യതയുണ്ട്. ചുമരിനോട് ചാരിവെക്കുന്ന പണിയായുധങ്ങള്‍ വഴി പാമ്പുകള്‍ വീട്ടിനുള്ളിലേക്ക് വരാന്‍ സാധ്യതയുള്ളതിനാല്‍ വാതിലുകളും ജനലുകളും അടച്ചിടണം. ഉമ്മറപ്പടിയില്ലാത്ത വാതിലുകളിലെ താഴ്ഭാഗം ചവിട്ടി പോലുള്ളവ വെച്ച് സുരക്ഷിതമാക്കണം. രാത്രി പുറത്തിറങ്ങുമ്പോള്‍ വെളിച്ചം കരുതുന്നത് പാമ്പുകളുടെ കടിയേല്‍ക്കാതിരിക്കാതിരിക്കാന്‍ സഹായിക്കും. ഷൂവിനകത്ത് ചെറിയ പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. വീട്ടുമുറ്റത്തുള്ള വളര്‍ത്തുപുല്ലുകളിലും ചെടിച്ചട്ടികളിലും ഈര്‍പ്പമുണ്ടാകുന്നതിനാല്‍ പാമ്പുകള്‍ വന്നിരിക്കാന്‍ സാധ്യതയുണ്ട്. പകല്‍ സമയത്താണെങ്കില്‍ പോലും ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പാമ്പിനെ കണ്ടാല്‍ എന്ത് ചെയ്യണം?
വീടിനകത്തോ മുറിയിലോ പാമ്പിനെ കണ്ടാല്‍ വാതില്‍ അടച്ചിടണം. ഓരോ പ്രദേശത്തും വനം വകുപ്പ് നിശ്ചയിച്ച പ്രത്യേക സര്‍പ്പ ആപ്പ് വളണ്ടിയര്‍മാരുണ്ട്. അവരെ വിവരമറിയിക്കുകയും പിടിച്ച് കാട്ടില്‍ വിടുകയും ചെയ്യും.

സര്‍പ്പ ആപ്പ്
അംഗീകൃത പാമ്പ് രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നതിനുള്ള ഒരു വേദിയാണ് സര്‍പ്പ ആപ്പ്. പാന്പ് കടിയേറ്റാല്‍ നല്‍കേണ്ട ചികിത്സയെക്കുറിച്ച് ശരിയായ ഉപദേശം ഇതിലൂടെ നല്‍കുന്നു. എല്ലാ ജില്ലകളിലും സര്‍പ്പ ആപ്പ് കോ-ഓര്‍ഡിനേറ്റര്‍മാരുണ്ട്.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്