Ongoing News
സഞ്ജു മാര്‍ച്ചിലെ ഐ സി സി താരം; വനിതകളില്‍ അമേലിയ കൗര്‍
2026 ടി20 ലോകകപ്പിലെ നിര്‍ണായക സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം. ഈയൊരു നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി ക്രിക്കറ്റ് താരമാണ് സഞ്ജു.
മുംബൈ | ഇന്ത്യന്‍ ഓപണറും മലയാളി താരവുമായ സഞ്ജു സാംസണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ സി സി) 2026 മാര്‍ച്ച് മാസത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം. 2026 ടി20 ലോകകപ്പിലെ നിര്‍ണായക സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം. ഈയൊരു നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി ക്രിക്കറ്റ് താരമാണ് സഞ്ജു. വനിതാ വിഭാഗത്തില്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ അമേലിയ കെറിനാണ് പുരസ്‌കാരം. ഇത് മൂന്നാം തവണയാണ് അമേലിയ ഈ അംഗീകാരം സ്വന്തമാക്കുന്നത്. മാര്‍ച്ചില്‍ നടന്ന ഏകദിനങ്ങളിലും ടി20യിലും നടത്തിയ പ്രകടനങ്ങള്‍ക്കാണ് താരത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
സഹതാരവും ഇന്ത്യയുടെ ബൗളിങ് തുരുപ്പ്ചീട്ടുമായ ജസ്പ്രിത് ബുംറയെയും ദക്ഷിണാഫ്രിക്കയുടെ കോണോര്‍ എസ്റ്റര്‍ഹുയിസനെയും മറികടന്നാണ് സഞ്ജു പുരസ്‌കാര ജേതാവായത്. ആസ്‌ത്രേലിയയുടെ ബെത് മൂണി, ദക്ഷിണാഫ്രിക്കയുടെ അയബോംഗ കാക എന്നിവരെ മറികടന്നാണ് അമേലിയയുടെ നേട്ടം.
ഇത്തവണത്തെ ടി20 ലോകകപ്പിലെ തുടക്ക മത്സരങ്ങളില്‍ ഫോം കണ്ടെത്താനാകാതെ വിഷമിച്ച സഞ്ജു ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ താളം കണ്ടെത്തി. സമ്മര്‍ദത്തെ അതിജീവിച്ചാണ് വെസ്റ്റിന്‍ഡീസിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന ക്വാര്‍ട്ടറില്‍ താരം ഗംഭീര പ്രകടനം കാഴ്ചവച്ചത്. പുറത്താകാതെ 97 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഇംഗ്ലണ്ടിനെതിരെ മുംബൈയില്‍ നടന്ന സെമിയിലും ന്യൂസിലന്‍ഡിനെതിരെ അഹമ്മദാബാദില്‍ നടന്ന ഫൈനലിലും 89 വീതം റണ്‍സും സഞ്ജു അടിച്ചെടുത്തു. താരത്തിന്റെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ 2026 ടി20 ലോകകപ്പ് സ്വന്തമാക്കിയത്. തുടര്‍ച്ചയായി രണ്ട് തവണ ലോകകപ്പ് ചാമ്പ്യന്മാര്‍, മൂന്ന് തവണ കിരീടം ചൂടുന്ന ആദ്യ ടീം എന്നീ നേട്ടങ്ങളും അങ്ങനെ ഇന്ത്യയെ തേടിയെത്തി.
ബാറ്റിലും ബൗളിംഗിലും തിളങ്ങുന്ന താരമാണ് അമേലിയ കെര്‍. മാര്‍ച്ചിലെ നാല് ഏകദിനങ്ങളിലായി 78.57 സ്‌ട്രൈക്ക് റേറ്റില്‍ 176 റണ്‍സാണ് അമേലിയ വാരിക്കൂട്ടിയത്. 3.77 ശരാശരിയില്‍ 18 വിക്കറ്റുകളും താരം കടപുഴക്കി.




