Connect with us

Articles

ലഹരിക്കെതിരെ ജനകീയ പ്രതിരോധമുയരട്ടെ

കേവലം നിയമപാലനം കൊണ്ട് മാത്രം ലഹരിയുടെ വിപത്തിനെ നേരിടാനാകില്ല. ലഹരി ഒരു രാസവസ്തു മാത്രമല്ല. മറിച്ച് മനുഷ്യമനസ്സുകളുടെ സര്‍ഗാത്മകതയെയും ആത്മബോധത്തെയും തളര്‍ത്തുന്ന ഒരു പ്രതിസംസ്‌കാരം കൂടിയാണ്. ചിന്താശേഷിയുള്ള ഒരു തലമുറയെ വെറും ജഡങ്ങളാക്കി മാറ്റുന്ന ഈ കച്ചവടതന്ത്രത്തെ പരാജയപ്പെടുത്താന്‍ നിയമപുസ്തകങ്ങളിലെ വകുപ്പുകള്‍ക്കപ്പുറം മനുഷ്യത്വത്തിന്റെ വലിയൊരു കവചം നമുക്ക് ആവശ്യമുണ്ട്

Published

|

Last Updated

കേരളത്തിന്റെ സാമൂഹിക ഭദ്രതയെയും വരുംതലമുറയുടെ ആരോഗ്യത്തെയും കാര്‍ന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച “ഓപറേഷന്‍ തൂഫാന്‍’ അത്യന്തം പ്രസക്തവും കാലോചിതവുമായ ചുവടുവെപ്പാണ്. ഒരു ജനതയുടെ സാംസ്‌കാരിക ബോധ്യങ്ങളെയും ധാര്‍മിക അടിത്തറയെയും ഒരുപോലെ ശ്വാസംമുട്ടിക്കുന്ന ലഹരിയുടെ കരാളഹസ്തങ്ങളില്‍ നിന്ന് മോചനം നേടുക എന്നത് കേവലം ഒരു ഭരണകൂട ബാധ്യതയല്ല. ഒരു നാഗരികതയുടെ ആത്മവീര്യം വീണ്ടെടുക്കാനുള്ള പോരാട്ടം കൂടിയാണ്. വിദ്യാലയങ്ങള്‍ അറിവിന്റെ അക്ഷരമുറ്റങ്ങളിലേക്ക് കുട്ടികളെ സ്വീകരിക്കുന്ന ഈ വേളയില്‍ തന്നെ ഇത്തരമൊരു ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തെയാണ് അടയാളപ്പെടുത്തുന്നത്. അറിവ് വെളിച്ചമാണെങ്കില്‍, ലഹരി എന്നത് ആ വെളിച്ചത്തെ വിഴുങ്ങുന്ന അന്ധകാരമാണ്. ഈ അന്ധകാരത്തെ മുറിച്ചുനീക്കാന്‍ പ്രഖ്യാപിച്ച പദ്ധതി പുതിയ കാലത്തിന്റെ അനിവാര്യതയാണ്.

നന്മയുള്ള വിദ്യാര്‍ഥി സമൂഹത്തെക്കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ കാണുകയും ആ വലിയ ദൗത്യത്തിന്റെ കര്‍മനൈരന്തര്യത്തില്‍ മുന്നോട്ട് പോകുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമെന്ന നിലയ്ക്ക് എസ് എസ് എഫിന് വലിയ സന്തോഷമുണ്ട്. സമൂഹത്തിന് സംഭവിച്ചേക്കാവുന്ന സകല അപചയങ്ങള്‍ക്കും മുന്നില്‍ നിതാന്ത ജാഗ്രതയോടെ ഈ പ്രസ്ഥാനം കണ്ണുതുറന്നിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. തൊള്ളായിരത്തി എഴുപതുകള്‍ക്ക് ശേഷം ക്യാമ്പസിലെ യുവത്വവും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും കേരളത്തിന്റെ സാംസ്‌കാരിക നിലവാരങ്ങള്‍ക്ക് കുറുകെ ഒരു സമാന്തര ഭീഷണിയായി വളര്‍ന്ന ഘട്ടത്തിലും സാഹസികമായ ഉത്തരവാദിത്വങ്ങളുമായി മുന്നില്‍ നടക്കാന്‍ എസ് എസ് എഫിന് കഴിഞ്ഞിട്ടുണ്ട്. ഈ വിദ്യാര്‍ഥികളെ, അവരുടെ സമ്പന്നമായ വിഭവശേഷിയെ കാണാന്‍ കഴിഞ്ഞതും അവയെ സമര്‍ഥമായി ഈ രാജ്യത്തിന്റെ നിര്‍മാണാത്മക മുന്നേറ്റങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുമാണ് എസ് എസ് എഫിനെ നയിച്ചത്. കൃത്യമായ ഘട്ടങ്ങളില്‍ ലഹരിവിരുദ്ധ ക്യാമ്പയിനുകളുമായി സംഘടന രംഗത്തുണ്ടായിരുന്നു.

പാന്‍ മസാലക്കെതിരെ തീര്‍ത്ത പ്രതിരോധവും, “ലഹരി: അധികാരികളേ, നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ വിദ്യാര്‍ഥി പ്രക്ഷോഭ പരിപാടികളും അവയില്‍ ചിലതു മാത്രമാണ്. അതിനേക്കാളുപരി, സാമൂഹികമായ മൂലധനങ്ങളായി ഈ വിദ്യാര്‍ഥികളെ പരിവര്‍ത്തിപ്പിക്കുന്നതിനുള്ള സാധ്യതകളെയാണ് സംഘടന അന്വേഷിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട്, മറ്റാരേക്കാളും എസ് എസ് എഫിന് ഈ പദ്ധതിയെ സ്വീകരിക്കാന്‍ കഴിയും.
ലഹരി മാഫിയകള്‍ വിദ്യാലയ മുറ്റങ്ങളിലേക്ക് വിഷത്തിന്റെ വലയെറിയുന്ന ഈ സന്നിഗ്ധ ഘട്ടത്തില്‍, കേവലം നിയമപാലനം കൊണ്ട് മാത്രം ഈ വിപത്തിനെ നേരിടാനാകില്ല എന്ന തിരിച്ചറിവാണ് ഓപറേഷന്‍ തൂഫാന്‍ മുന്നോട്ട് വെക്കുന്നത്. ലഹരി കേവലം ഒരു രാസവസ്തു മാത്രമല്ല. മറിച്ച് മനുഷ്യമനസ്സുകളുടെ സര്‍ഗാത്മകതയെയും ആത്മബോധത്തെയും തളര്‍ത്തുന്ന ഒരു പ്രതിസംസ്‌കാരം കൂടിയാണ്. ചിന്താശേഷിയുള്ള ഒരു തലമുറയെ വെറും ജഡങ്ങളാക്കി മാറ്റുന്ന ഈ കച്ചവടതന്ത്രത്തെ പരാജയപ്പെടുത്താന്‍ നിയമപുസ്തകങ്ങളിലെ വകുപ്പുകള്‍ക്കപ്പുറം മനുഷ്യത്വത്തിന്റെ വലിയൊരു കവചം നമുക്ക് ആവശ്യമുണ്ട്. ശിക്ഷയേക്കാള്‍ ജാഗ്രതക്കും കുറ്റപ്പെടുത്തലിനേക്കാള്‍ കരുതലിനും മുന്‍ഗണന നല്‍കുന്ന നിര്‍മാണാത്മകമായ ഒരു തലത്തിലാണ് ഈ പദ്ധതിക്ക് നിലയുറപ്പിക്കാന്‍ കഴിയുക. നഗര കേന്ദ്രീകൃതമായ അധോലോകങ്ങളില്‍ നിന്ന് ഗ്രാമീണ വിശുദ്ധിയിലേക്ക് പടരുന്ന ഈ വിഷം, വാസ്തവത്തില്‍ നമ്മുടെ വീടുകളിലെ വിളക്കുകളെയാണ് കെടുത്തുന്നത്. ഗ്രാമങ്ങളിലെ സാധാരണക്കാരായ മനുഷ്യരുടെ ആകുലതകളെ കേള്‍ക്കാനും അവരുടെ മക്കളെ മരണത്തിന്റെ വ്യാപാരികളില്‍ നിന്ന് സംരക്ഷിക്കാനും ഈ നാര്‍ക്കോ ഹണ്ടിന് കഴിയേണ്ടതുണ്ട്. വേട്ടയാടപ്പെടേണ്ടത് ഇരകളായ കുട്ടികളല്ല, മറിച്ച് ലഹരിയുടെ വിത്തുവിതയ്ക്കുന്ന ഇരുട്ടിന്റെ ശക്തികളാണ്.
ലഹരിയുടെ വിതരണ ശൃംഖലയെ കേവലം മുറിച്ചുമാറ്റുകയല്ല, മറിച്ച് അതിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ മണ്ണില്‍ നിന്ന് അതിനെ പിഴുതെറിയുകയാണ് വേണ്ടത്. വിദ്യാലയ പരിസരങ്ങളെ തങ്ങളുടെ വിപണിയാക്കുന്ന ഏജന്റുമാരെ നിയമത്തിന് മുന്നിലെത്തിക്കുമ്പോള്‍, നാം യഥാര്‍ഥത്തില്‍ ചെയ്യുന്നത് ഒരു തലമുറയുടെ സ്വപ്‌നങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ്. ലഹരി നല്‍കുന്ന താത്കാലികമായ ഉന്മാദം ശാശ്വതമായ നാശമാണെന്ന ബോധ്യം ഓരോ കുഞ്ഞുമനസ്സിലും ഉറപ്പിക്കാന്‍ നമുക്ക് സാധിക്കണം. ഈ ബോധവത്കരണം ഒരു ഔദ്യോഗിക ചടങ്ങല്ല. മറിച്ച് വരുംതലമുറയോടുള്ള നമ്മുടെ ചരിത്രപരമായ കടമയാണ്. വിദ്യാലയ മുറ്റങ്ങളിലേക്ക് ലഹരി മാഫിയകള്‍ കണ്ണെറിയുന്ന ഈ കാലഘട്ടത്തില്‍, നിയമപാലകരും പൊതുസമൂഹവും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.
ലഹരിക്ക് അടിപ്പെട്ടവരെ വെറുമൊരു കുറ്റവാളിയായി കാണാതെ, അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ തദ്ദേശീയമായ സര്‍ക്കാര്‍ അംഗീകൃത കൗണ്‍സലിംഗ് സെന്ററുകള്‍ ആരംഭിക്കുക. നിലവില്‍ ഇത്തരം കാര്യങ്ങളില്‍ വെഫി പോലെയുള്ള സംഘങ്ങളെ പ്രതിരോധ ചലനങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താം. ലഹരിക്ക് പകരമായി സാമൂഹികമായ പദ്ധതികളെ ടാര്‍ഗറ്റ് ചെയ്യുന്ന ക്ലബ്ബുകള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുക. വൈകുന്നേരങ്ങളില്‍ കുട്ടികളെ സര്‍ഗാത്മകമായി തിരക്കുള്ളവരാക്കി മാറ്റുന്നത് ലഹരിയിലേക്കുള്ള ആകര്‍ഷണം കുറയ്ക്കും. മക്കളുടെ സ്വഭാവ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ രക്ഷിതാക്കളെ, പ്രത്യേകിച്ച് അമ്മമാരെ ബോധവത്കരിക്കുന്ന സെഷനുകള്‍ സംഘടിപ്പിക്കുക.

ഇന്ന് ലഹരി ഇടപാടുകള്‍ പലതും സോഷ്യല്‍ മീഡിയ വഴിയും ഡാര്‍ക്ക് വെബ് വഴിയുമാണ് നടക്കുന്നത്. ഇത് തടയാന്‍ പോലീസിന്റെ സൈബര്‍ വിംഗ് വിപുലീകരിക്കുകയും ലഹരിവിരുദ്ധ സ്‌ക്വാഡുമായി ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യണം. വിദ്യാലയങ്ങളുടെ 500 മീറ്റര്‍ ചുറ്റളവ് സീറോ ടോളറന്‍സ് സോണ്‍ ആയി പ്രഖ്യാപിക്കണം. ഇവിടങ്ങളില്‍ ലഹരി വസ്തുക്കളോ പുകയില ഉത്പന്നങ്ങളോ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടകളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുക. വിദ്യാലയ പരിസരത്തെ അസ്വാഭാവിക ചലനങ്ങള്‍ നിരീക്ഷിക്കാനും റിപോര്‍ട്ട് ചെയ്യാനും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരും പോലീസും വിദ്യാര്‍ഥി പ്രതിനിധികളും അടങ്ങുന്ന ജാഗ്രതാ സമിതികള്‍ രൂപവത്കരിക്കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരോ ഐഡന്റിറ്റിയോ വെളിപ്പെടുത്താതെ ലഹരി ഇടപാടുകളെ കുറിച്ച് പോലീസിനെ അറിയിക്കാന്‍ ഒരു പ്രത്യേക മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ വാട്‌സ്ആപ്പ് നമ്പര്‍ സജ്ജമാക്കുക. വിദ്യാര്‍ഥികള്‍ക്ക് പേടി കൂടാതെ വിവരങ്ങള്‍ കൈമാറാന്‍ ഇത് സഹായിക്കും.

ലഹരിക്കെതിരെയുള്ള പോരാട്ടം സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല. മാതാപിതാക്കള്‍, അധ്യാപകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥി സംഘടനകള്‍ എന്നിവര്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ലഹരിമുക്ത കേരളം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകൂ എന്ന തിരിച്ചറിവ് ഇപ്പോള്‍ അനിവാര്യമായും മലയാളിക്കുണ്ടായിരിക്കണം. ഇത്തരം മുന്നേറ്റങ്ങള്‍ക്ക് കൂടെ നില്‍ക്കാന്‍ കഴിയാതെ നമ്മളോട് തന്നെ തോറ്റവരായി മാറരുത് നമ്മള്‍.

Latest