Connect with us

Kerala

സി ബി എസ് ഇ ഡിജിറ്റല്‍ മൂല്യനിര്‍ണ്ണയ സംവിധാനത്തിലെ ഗുരുതര സാങ്കേതിക പിഴവുകള്‍ പരിഹരിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെസി വേണുഗോപാല്‍ എംപി

. ന്യായമായ അവകാശങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങേണ്ട സാഹചര്യം അതീവ ആശങ്കാജനകമാണെന്നും കെസി വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

Published

|

Last Updated

ന്യൂഡല്‍ഹി |  സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഡിജിറ്റല്‍ മൂല്യനിര്‍ണ്ണയ സംവിധാനത്തിലെ ഗുരുതരമായ സാങ്കേതിക പിഴവുകള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെസി വേണുഗോപാല്‍ എംപി പ്രധാനമന്ത്രിക്ക് കത്തുനല്‍കി.ശരിയായ രീതിയില്‍ മുല്യനിര്‍ണ്ണയം നടത്താത്തത് അനേകം വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെ പ്രതിസന്ധിയിലാക്കി. ന്യായമായ അവകാശങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങേണ്ട സാഹചര്യം അതീവ ആശങ്കാജനകമാണെന്നും കെസി വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

പുതിയ ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിംഗ് ഡിജിറ്റല്‍ മൂല്യനിര്‍ണയ സംവിധാനത്തില്‍ വ്യാപകപിഴവുകളാണുള്ളത്. ശരിയായ ഉത്തരങ്ങള്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പൂജ്യം മാര്‍ക്ക് നല്‍കി.പണമടച്ച് ലഭിച്ച ഉത്തരക്കടലാസുകളുടെ സ്‌കാന്‍ കോപ്പികള്‍ മങ്ങിയതും വായിക്കാന്‍ കഴിയാത്തതുമാണ്.കൂടാതെ ഉത്തരക്കടലാസ് മാറി നല്‍കുന്ന സ്ഥിതിയുമാണ്. ഇതുകാരണം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യഥാര്‍ത്ഥ മാര്‍ക്ക് പരിശോധിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

സെര്‍വര്‍ തകരാറുകള്‍ കാരണം പലപ്പോഴും പോര്‍ട്ടലിന്റെ പ്രവര്‍ത്തനം മുടങ്ങുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. പുനഃമൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷാ ഫീസായി ഉയര്‍ന്ന തുകകള്‍ പോര്‍ട്ടലില്‍ കാണിക്കുന്നതും ആശയകുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

ഇതിനിടെ ഉത്തരക്കടലാസ് കോപ്പിക്കായുള്ള അപേക്ഷയുടെ അവസാന തീയതി കഴിഞ്ഞ രാത്രി അവസാനിച്ചിരുന്നു. പുനഃമൂല്യനിര്‍ണയത്തിനുള്ള അവസാന തീയതി മേയ് 29-നാണ്. നിലവില്‍ പോര്‍ട്ടലിന്റെ സാങ്കേതിക പിഴവുകാരണം വിദ്യാര്‍ത്ഥികള്‍ ശിക്ഷ അനുഭവിക്കേണ്ട ദുര്‍വിധിയാണ്. വിദ്യാര്‍ത്ഥികളുടെ ഉയര്‍ന്ന വിദ്യാഭ്യാസ പ്രവേശന അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

 

Latest