National
നിസാര തര്‍ക്കത്തിന്റെ പേരില്‍ വാച്ച്മാനെ കാറിടിച്ച് കൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍
സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
ഡല്‍ഹി | നിസ്സാര തര്‍ക്കത്തിന്റെ പേരില്‍ വാച്ച്മാനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിസിഎ വിദ്യാര്‍ഥിയും ഹരിയാന സ്വദേശിയുമായി വിനയ്(22), ഡല്‍ഹി സ്വദേശി ആയുഷ് ചൗഹാന്‍(18) എന്നിവരാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ പീരഗഡിയില്‍ 60 വയസ്സുകാരനായ വാച്ച്മാനെ കൊലപ്പെടുത്തിയ കേസിലാണ് പോലീസ് നടപടി. മുന്‍പുണ്ടായ ഒരു നിസ്സാര തര്‍ക്കത്തിന്റെ പേരില്‍ പ്രതികാരം വീട്ടാനാണ് പ്രതികള്‍ വാച്ച്മാനെ ആദ്യം വടികൊണ്ട് അടിക്കുകയും, പിന്നീട് എസ്യുവി കാര്‍ രണ്ടുതവണ ശരീരത്തിലൂടെ കയറ്റിയിറക്കി കൊലപ്പെടുത്തുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് പീരഗഡി ഗ്രാമത്തിന്റെ പ്രവേശന കവാടത്തിന് സമീപമുള്ള ടെമ്പോ സ്റ്റാന്‍ഡില്‍ ഒരാള്‍ ചോരയില്‍ കുളിച്ചു കിടക്കുന്നു എന്ന വിവരം പോലീസിന് ലഭിക്കുന്നത്. വാഹനാപകടത്തില്‍ പെട്ടതാണെന്ന രീതിയിലായിരുന്നു സന്ദേശം. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ബിജേന്ദര്‍ എന്നയാളുടെ മൃതദേഹമാണ് റോഡില്‍ കണ്ടെത്തിയത്. ഇയാള്‍ ഈ ടെമ്പോ സ്റ്റാന്‍ഡിലെ വാച്ച്മാനായി ജോലി നോക്കുകയായിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായി.
സംഭവസ്ഥലം പരിശോധിച്ച പോലീസിന് ഇത് സാധാരണ ഒരു വാഹനാപകടമല്ലെന്ന് മനസ്സിലായി. റോഡില്‍ ടയറുകള്‍ ഉരഞ്ഞുണ്ടായ വലിയ പാടുകള്‍ ഉണ്ടായിരുന്നു. കൂടാതെ, ബിജേന്ദറിന്റെ ശരീരത്തില്‍ വാഹനം കയറിയിറങ്ങിയതിന്റെയും ഭാരമേറിയ വസ്തുകൊണ്ട് ഒന്നിലധികം തവണ അടിയേറ്റതിന്റെയും പരിക്കുകളുണ്ടായിരുന്നു.തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്കാറിലെത്തിയ പ്രതികള്‍ ആദ്യം വടികൊണ്ട് ബിജേന്ദറിനെ മര്‍ദ്ദിക്കുകയും പിന്നീട് കാര്‍ കയറ്റി കൊലപ്പെടുത്തുകയുമയിരുന്നു
ഏകദേശം ഒരു മാസം മുമ്പ് ബിജേന്ദറും കസ്റ്റഡിയിലായ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തിനിടയില്‍ വാച്ച്മാന്‍ തന്നെ ചീത്തവിളിച്ചതിലുള്ള പക മനസ്സില്‍ വെച്ചാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടി സുഹൃത്തുക്കളുമായി ചേര്‍ന്ന് ഈ കൊലപാതകം ആസൂത്രണം ചെയ്തത്.
സംഭവദിവസം നാലുപേരും കാറിലെത്തി വാച്ച്മാനെ ഭീഷണിപ്പെടുത്തുകയും വടികൊണ്ട് അടിക്കുകയും ചെയ്ത ശേഷം വണ്ടിയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
പോലീസിനെ വഴിതെറ്റിക്കാന്‍ പ്രതികള്‍ കാറിന്റെ ഒറിജിനല്‍ നമ്പര്‍ പ്ലേറ്റ് മാറ്റിയിരുന്നു. എന്നാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ പോലീസ് ഒറിജിനല്‍ നമ്പര്‍ കണ്ടെത്തുകയുണ്ടായി. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയുടെ അമ്മായിയുടെ പേരിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കൊലപാതകത്തിന് ഉപയോഗിച്ച കാറും വടിയും പോലീസ് കണ്ടെടുത്തു. പ്രതികളുടെ മൊബൈല്‍ ഫോണുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയായ വിനയും പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയും മുമ്പ് ഹരിയാനയില്‍ സമാനമായ ഒരു അക്രമക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഏതെങ്കിലും ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.







