Connect with us

Kerala

ഏകീകൃത സിവിൽകോഡ്, വന്ദേ മാതരം; അസം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

ബുൾഡോസർ രാജ്, മുസ്‌ലിം ജനവിഭാഗത്തെ വംശീയമായും വിശ്വാസപരമായും ഒറ്റപ്പെടുത്തുന്ന അതിക്രമങ്ങൾ, കുടിയൊഴിപ്പിക്കൽ, തൊഴിൽ വിവേചനം, കന്നുകാലി കശാപ്പ് നിയന്ത്രണം ഉൾപ്പടെയുള്ള വിവിധ വിഷയങ്ങളും മുഖ്യമന്ത്രിമാർക്കയച്ച കത്തിൽ പരാമർശിച്ചിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട് | അസമിൽ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുന്നതും പശ്ചിമ ബംഗാളിൽ മദ്‌റസ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിനു കീഴിൽ സംസ്ഥാനത്തുടനീളമുള്ള മദ്‌റസകളിൽ ‘വന്ദേ മാതരം’ പൂർണമായി ചൊല്ലണമെന്ന ഉത്തരവും പുറത്തുവന്ന പശ്ചാത്തലത്തിൽ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവർക്കാണ് ന്യൂനപക്ഷങ്ങൾക്കും മുസ്‌ലിം ജനവിഭാഗത്തിനുമുള്ള ആശങ്കകൾ വിശദമായി പ്രതിപാദിച്ചും ന്യൂനപക്ഷങ്ങളെ കൂടി ഉൾകൊണ്ടുള്ള വികസിത ഭരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും ഇ മെയിൽ സന്ദേശമയച്ചത്.

പ്രസ്തുത ഉത്തരവുകൾ പുറത്തുവന്നയുടൻ തന്നെ അതത് സംസ്ഥാനങ്ങളിലെ സാമൂഹ്യപ്രവർത്തകരുമായും നിയമവിദഗ്ധരുമായും അദ്ദേഹം ആശയവിനിമയം നടത്തുകയും ന്യൂനപക്ഷങ്ങൾക്കും മുസ്‌ലിം ജനവിഭാഗത്തിനും ഉണ്ടായേക്കാവുന്ന ആശങ്കകളെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നു. കൂടാതെ പ്രസ്തുത സംസ്ഥാനങ്ങളിൽ അടുത്തകാലങ്ങളിലായി മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ചും വിശദമായി അന്വേഷിച്ച് അടുത്തറിഞ്ഞ ശേഷമാണ് കാന്തപുരം മുഖ്യമന്ത്രിമാരെ ബന്ധപ്പെട്ടത്.

ഏകീകൃത സിവിൽകോഡ്, മദ്‌റസകളിലെ വന്ദേ മാതരം എന്നിവക്ക് പുറമെ ബുൾഡോസർ രാജ്, മുസ്‌ലിം ജനവിഭാഗത്തെ വംശീയമായും വിശ്വാസപരമായും ഒറ്റപ്പെടുത്തുന്ന അതിക്രമങ്ങൾ, കുടിയൊഴിപ്പിക്കൽ, തൊഴിൽ വിവേചനം, കന്നുകാലി കശാപ്പ് നിയന്ത്രണം ഉൾപ്പടെയുള്ള വിവിധ വിഷയങ്ങൾ മുഖ്യമന്ത്രിമാർക്കയച്ച കത്തിൽ പരാമർശിച്ചിട്ടുണ്ട്. മതപരമായി അഭിപ്രായ വ്യത്യാസങ്ങളുള്ള കാര്യങ്ങളിൽ പണ്ഡിതന്മാരുമായി കൂടിയാലോചിച്ച് നിയമനിർമാണങ്ങൾ നടത്തുന്നതാണ് ഒരു മതേതര രാജ്യമെന്ന നിലയിൽ അഭികാമ്യമെന്ന് സന്ദേശത്തിൽ അദ്ദേഹം സൂചിപ്പിച്ചു.

വികസന ക്ഷേമ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ജനങ്ങൾക്കിടയിൽ ഛിദ്രതയും ആശങ്കയും അകൽച്ചയുമുണ്ടാക്കിയേക്കാവുന്ന നടപടികൾ ഭരണകൂടം നിർബന്ധം പിടിക്കുന്നത് സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസത്തെയും പ്രതീക്ഷയേയും തകർക്കുമെന്നും മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന സമീപനം ഉണ്ടാവണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.

വിവിധ മതങ്ങളും സംസ്കാരങ്ങളും ഭാഷാ സമൂഹങ്ങളും ഗോത്ര ജനതയും ഐക്യത്തോടെയും സമാധാനത്തോടെയും അധിവസിക്കുന്ന പ്രദേശങ്ങളിൽ ചില വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന വിധത്തിലുള്ള നിയമ നിർമാണങ്ങൾ നാടിന്റെ സ്വസ്ഥതയെയും സമാധാന ജീവിതത്തെയും ബാധിക്കുമെന്ന് കാന്തപുരം ഓർമ്മിപ്പിച്ചു. രാഷ്ട്ര നിർമാണ കാലം മുതൽ നമ്മുടെ നേതാക്കളും ഭരണഘടനയും ഉദ്‌ഘോഷിക്കുന്ന മതേതരം, വൈവിധ്യത്തിലധിഷ്ഠിതമായ അഖണ്ഡത, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ഉറപ്പുവരുത്താനും ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്കുള്ള യശസ്സും അന്തസ്സും നിലനിർത്താനും ഭരണാധികാരികളും പൗരന്മാരും ഒരേ ബോധത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Content Highlights:

Indian Grand Mufti Kanthapuram AP Aboobacker Musliyar has sent detailed e-mails to Assam Chief Minister Himanta Biswa Sarma and West Bengal Chief Minister Suvendu Adhikari regarding recent policy decisions affecting minorities. He expressed deep concerns over the implementation of the Uniform Civil Code in Assam and the mandatory chanting of ‘Vande Mataram’ in West Bengal madrasas. The letters also highlighted pressing issues such as Bulldozer Raj, evictions, employment discrimination, and cattle slaughter restrictions. Kanthapuram urged the state governments to focus on inclusive development and protect secularism, fraternity, and communal harmony.

Latest