articles
ഇനിയെങ്കിലും ഭരണകൂടങ്ങള്‍ കോടതിയെ കേള്‍ക്കുമോ?
നിലവിലെ ഉത്തരവ് കര്‍ശനമായി തന്നെ നടപ്പാക്കണമെന്നും പിടികൂടിയ നായകളെ വന്ധ്യംകരണത്തിന് ശേഷം അതേ സ്ഥലത്ത് തന്നെ തിരികെ കൊണ്ടുപോയി ഉപേക്ഷിക്കരുതെന്നും കോടതി പ്രസ്താവിക്കുന്നു. കുട്ടികള്‍ക്ക് നേരെയുള്ള തെരുവുനായ ആക്രമണങ്ങള്‍ അതീവ ഗൗരവമായി കാണുന്നുവെന്നും തെരുവുനായകളുടെ കടിയേറ്റ് ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ സംസ്ഥാനത്തിന് നിശബ്ദരായിരിക്കാന്‍ കഴിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
തെരുവുനായ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി പൊതുജനങ്ങളുടെ ജീവനും സുരക്ഷക്കും ഭീഷണിയാകുന്ന നായകളെ ദയാവധം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ആശുപത്രികള്‍, സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവുനായകളെ അടിയന്തരമായി നീക്കണമെന്ന കഴിഞ്ഞ നവംബറിലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ മൃഗസ്‌നേഹികളും സംഘടനകളും സമര്‍പ്പിച്ച ഹരജികള്‍ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ച് തള്ളിയിരിക്കുകയാണ്.
ഭരണഘടനയുടെ 21ാം അനുഛേദത്തിലെ ജീവിക്കാനുള്ള അവകാശം, പൊതുസ്ഥലങ്ങളില്‍ ശാരീരികമായ പരുക്കോ ആക്രമണമോ ജീവന് ഭീഷണിയായേക്കാവുന്ന നായ്ക്കളുടെ കടിയടക്കമുള്ള ഭീഷണിയോ ഇല്ലാതെ ഓരോ പൗരനും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണെന്ന് നിരീക്ഷിച്ച കോടതി മനുഷ്യ ജീവന് നേരെയുള്ള പ്രതിരോധിക്കാവുന്ന ഭീഷണികള്‍ക്ക് മുന്നില്‍ കേവലം കാഴ്ച്ചക്കാരായി നില്‍ക്കാന്‍ ഭരണകൂടത്തിനാകില്ലെന്നും ഓര്‍മപ്പെടുത്തുന്നു.
കേസില്‍ മൂന്ന് ഭാഗങ്ങളായാണ് കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിലെ ഉത്തരവ് കര്‍ശനമായി തന്നെ നടപ്പാക്കണമെന്നും പിടികൂടിയ നായകളെ വന്ധ്യംകരണത്തിന് ശേഷം അതേ സ്ഥലത്ത് തന്നെ തിരികെ കൊണ്ടുപോയി ഉപേക്ഷിക്കരുതെന്നും കോടതി പ്രസ്താവിക്കുന്നു. കുട്ടികള്‍ക്ക് നേരെയുള്ള തെരുവുനായ ആക്രമണങ്ങള്‍ അതീവ ഗൗരവമായി കാണുന്നുവെന്നും തെരുവുനായകളുടെ കടിയേറ്റ് ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ സംസ്ഥാനത്തിന് നിശബ്ദരായിരിക്കാന്‍ കഴിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. തെരുവുനായ ശല്യം തടയുന്നതിനായി കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് എഫ് ഐ ആറോ മറ്റ് ക്രിമിനല്‍ നടപടികളോ സ്വീകരിക്കരുതെന്നും അവരുടെ ഔദ്യോഗിക നടപടികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ തലത്തില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്ന ഒരു എ ബി സി സെന്റര്‍ വേണമെന്നും ആന്റി റാബിസ് വാക്‌സീന്‍ കര്‍ശനമായി ഉറപ്പാക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. തെരുവുനായ ശല്യം ഭീകരമായ അവസ്ഥയിലേക്ക് എത്തിയതിന് പൂര്‍ണ ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാറുകളുടെ നിഷ്‌ക്രിയത്വമാണെന്നും നിയമങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതില്‍ അധികൃതര്‍ കാണിച്ചത് കടുത്ത അനാസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് ഹൈക്കോടതികള്‍ വിലയിരുത്തണമെന്നും ഇതിന് രണ്ടംഗ ബഞ്ച് രൂപവത്കരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പൊതുജനാരോഗ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് തെരുവുനായ ആക്രമണം. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ നാഷനല്‍ റാബിസ് കണ്‍ട്രോള്‍ പ്രോഗ്രാം റിപോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം 37 ലക്ഷം പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റെന്നും 54 പേര്‍ പേവിഷ ബാധയേറ്റ് മരണപ്പെട്ടെന്നുമാണ് കണക്കുകള്‍. ആഗോള തലത്തില്‍ തന്നെ പേവിഷബാധാ മരണങ്ങളുടെ 36 ശതമാനം മരണവും ഇന്ത്യയിലാണ് നടക്കുന്നതെന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലെ സ്ഥിതിയും അതീവ ഗൗരവമാണ്. കേരളത്തില്‍ ഏതാണ്ട് ഒമ്പത് ലക്ഷം നായ്ക്കള്‍ ഉണ്ടെന്നാണ് നിഗമനം.
കേരളത്തില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ തെരുവുനായകളുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത് എട്ട് ലക്ഷത്തിലധികം പേരാണ്. ഈ കാലയളവില്‍ തെരുവുനായകളുടെ ആക്രമണം മൂലം നേരിട്ട് 42 മരണങ്ങളുണ്ടായി. തെരുവുനായകളുടെ ആക്രമണം കാരണം ഉണ്ടായ വാഹനാപകടങ്ങള്‍, പേവിഷ മരണങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ മരണ നിരക്ക് ഇനിയും ഉയരും.
തെരുവുനായ ശല്യവും പേവിഷബാധയും വലിയ പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുമ്പോഴും നായ്ക്കളുടെ ശാസ്ത്രീയ നിയന്ത്രണത്തിനായി കാര്യക്ഷമമായ സംവിധാനങ്ങളുടെ അപര്യാപ്തത രാജ്യത്ത് ദൃശ്യമാണ്. മനുഷ്യന്‍ പുറന്തള്ളുന്ന മാലിന്യങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളും തെരുവുനായകളെ വിളിച്ചു വരുത്തുന്നവയാണ്. ചേരികളിലെയും തെരുവുകളിലെയും ഉയര്‍ന്ന ജനസംഖ്യ നായകളെ സ്വതന്ത്രമായി വിഹരിക്കുന്ന പോറ്റുമൃഗങ്ങളായി വളര്‍ത്തുന്നു. 12 ദശലക്ഷത്തിലധികം ആളുകള്‍ വസിക്കുന്ന മുംബൈയില്‍ മാത്രം പ്രതിദിനം 500 ടണ്‍ മാലിന്യമാണ് അവര്‍ പുറന്തള്ളുന്നത്. അതുമൂലം മുംബൈ നഗരത്തില്‍ തെരുവുനായകള്‍ പെറ്റുപെരുകുന്നത് സ്ഥിരം വാര്‍ത്തയാണ്. തെരുവുനായകളുടെ പ്രജനന നിയന്ത്രണത്തിനുള്ള ഫണ്ട് ഇല്ലാത്തത് മൂലം ഇടക്കാലത്ത് വന്ധ്യംകരണം മുടങ്ങുകയും ആ ഇടവേളയില്‍ അവശേഷിക്കുന്ന നായകള്‍ പെറ്റുപെരുകാനിടയാകുകയും ചെയ്തു.
മൃഗസ്‌നേഹത്തിന്റെ പേരില്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് മഹത്വവത്കരിച്ച് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം വെച്ച് വിളമ്പുന്ന രീതി, തെരുവുനായകള്‍ പെരുകാന്‍ ഇടവരുത്തുന്നു. രോഗം ബാധിച്ചവയെ ദയാവധത്തിന് വിധേയമാക്കുമ്പോള്‍ പലയിടത്തും മൃഗസ്നേഹികള്‍ അതിന് തടസ്സം നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എല്ലാ തെരുവുനായകളെയും നല്‍കാം കൊണ്ടുപൊയ്ക്കോളൂ എന്ന് മൃഗസ്നേഹികളെ നേരത്തേ കേരള ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. രാജ്യത്തെ ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബ്ലോക്ക്, താലൂക്ക് തലത്തില്‍ പോലും തെരുവുനായകളെ പിടികൂടി പ്രജനന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സ്ഥിരം സംവിധാനങ്ങള്‍ ഇന്ന് നിലവിലില്ലെന്നത് ആശങ്കയേറ്റുന്നതാണ്. തദ്ദേശ സ്ഥാപനങ്ങളും ജനകീയ കമ്മിറ്റികളും ഫലപ്രദമായ ഇടപെടല്‍ നടത്തിയാലേ തെരുവുനായകളുടെ ഭീഷണി നിയന്ത്രിക്കാനാകൂ.
2017 മുതല്‍ 2021 വരെ സംസ്ഥാനത്ത് കുടുംബശ്രീ മുഖേന 79,426 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചിരുന്നുവെങ്കിലും ആവശ്യത്തിന് നായപിടിത്തക്കാരെ ലഭ്യമാകാത്തതിനാലും കുടുംബശ്രീ മുഖേനയുള്ള ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി തടഞ്ഞതിനാലും വന്ധ്യംകരണം മുടങ്ങി. പൊതുജനങ്ങളുടെ മനോഭാവത്തില്‍ വന്ന മാറ്റത്തോടൊപ്പം ഭക്ഷ്യാവശിഷ്ടങ്ങളുടെ അധികരിച്ച ലഭ്യതയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി നടപ്പാക്കുന്ന നിയന്ത്രണ മാര്‍ഗങ്ങളുടെ അപര്യാപ്തതയും തെരുവുനായ പ്രശ്‌നം രൂക്ഷമാക്കിയതിന്റെ അടിസ്ഥാന കാരണങ്ങളാണ്.
തെരുവുനായ ശല്യം ഒഴിവാക്കാന്‍ പൊതുവെ സ്വീകാര്യമായ മാര്‍ഗം വന്ധ്യംകരണം വഴിയുള്ള ജനന നിയന്ത്രണവും പേവിഷ പ്രതിരോധ കുത്തിവെപ്പുമാണ്. തെരുവുകളില്‍ നിന്ന് ഭക്ഷണം കിട്ടാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് തെരുവുനായകളുടെ പ്രശ്‌നം പരിഹരിക്കാനുള്ള ആദ്യപടി. വീട്, ഹോട്ടല്‍, റസ്റ്റോറന്റുകളില്‍ നിന്ന് പുറന്തള്ളുന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ പൊതുസ്ഥലങ്ങളില്‍ കൊണ്ടിടുന്നതിന് പകരം ശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിലൂടെയും പൊതു ജാഗ്രതയിലൂടെയും തെരുവുനായ പ്രശ്‌നത്തെ വലിയൊരളവോളം നിയന്ത്രിക്കാനാകും. തെരുവുനായകള്‍ക്ക് പൊതു ഇടങ്ങളില്‍ ഭക്ഷണം നല്‍കുന്നത് ഒഴിവാക്കി പ്രത്യേക ഫീഡിംഗ് പോയിന്റുകള്‍ സ്ഥാപിക്കണം.
തെരുവുനായ വിഷയത്തില്‍ പ്രാദേശികാടിസ്ഥാനത്തില്‍ തന്നെ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. പ്രശ്‌നബാധിത വാര്‍ഡുകളെ വ്യത്യസ്ത കാറ്റഗറികളിലായി തിരിച്ച് പരിഹാരം തേടേണ്ടതുണ്ട്. ഓരോ വാര്‍ഡിലെയും തദ്ദേശ ഭരണ സ്ഥാപങ്ങള്‍ ആ പ്രദേശത്തെ തെരുവുനായകളുടെ കണക്കെടുക്കുകയും അവയെ വീട്ടുടമസ്ഥന്റെ കീഴിലുള്ളത്, തെരുവില്‍ പെറ്റുവളരുന്നത്, തെരുവില്‍ കൊണ്ടുവിട്ടത്, പുറത്തുനിന്ന് വന്നവ, അക്രമ സ്വഭാവമുള്ളവ തുടങ്ങി വ്യത്യസ്ത ഗണത്തില്‍ ഉള്‍പ്പെടുത്തി ആവശ്യമായ നടപടികളെടുക്കണം. അക്രമകാരികളായ നായകളെ പിടികൂടി ഷെല്‍ട്ടറിലേക്ക് മാറ്റുകയും മെരുക്കിയെടുക്കാന്‍ പറ്റാത്തവയെ നിയമം അനുശാസിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യുകയും വേണം. ഇത്തരത്തില്‍ ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനം നടത്തിയാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാകും.







