articles
ഗള്‍ഫ് പ്രതിസന്ധിയില്‍ പതിയിരിക്കുന്ന അപകടങ്ങള്‍
ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തികമോ രാഷ്ട്രീയമോ ആയ പ്രതിസന്ധി ഉണ്ടായാല്‍ അതിന്റെ വലിയ ആഘാതം കേരളത്തില്‍ നേരിട്ട് അനുഭവപ്പെടും. ഗള്‍ഫ് മേഖലയില്‍ ഉണ്ടായ യുദ്ധങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും കേരളത്തെ പലപ്പോഴും ബാധിച്ചത് നമ്മള്‍ അനുഭവിച്ചതാണല്ലോ. അവിടെയുണ്ടായ അസ്ഥിരത, എണ്ണവിലയിലെ മാറ്റങ്ങള്‍, സ്വദേശിവത്കരണം, തൊഴില്‍ നിയന്ത്രണ നയങ്ങള്‍ തുടങ്ങിയവ പ്രവാസി തൊഴിലാളികളുടെ തൊഴില്‍ സാധ്യതയെ ഇന്നും സാരമായി ബാധിക്കുന്നു.
മുഹമ്മദ് ഇര്‍ശാദ് കെ
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഇടമാണ് കേരളം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പുതിയ കാലത്ത് വായിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയില്‍ ഒന്നാമത്തേത് കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് കുടിയേറ്റവും അതിലൂടെ ലഭിക്കുന്ന വരുമാനവുമാണ്. രണ്ടാമത്തേത് കേരളത്തില്‍ വേഗത്തില്‍ വളര്‍ന്നു വരുന്ന ലോണ്‍ അധിഷ്ഠിത ജീവിതശൈലിയും. ഇവ ചേര്‍ന്നാണ് പുതിയ കാലത്തെ കേരളത്തിലെ ഉപഭോഗശേഷിയും വിപണി വളര്‍ച്ചയും നിയന്ത്രിക്കുന്നത്. എന്നാല്‍ ഈ രണ്ട് ഘടകങ്ങളും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഭാവിയില്‍ വലിയ സാമ്പത്തിക സമ്മര്‍ദത്തിലേക്കും മന്ദഗതിയിലേക്കും നയിക്കാനുള്ള സാധ്യതയെയാണ് നമ്മള്‍ ഭയക്കേണ്ടത്.
കേരളത്തില്‍ നിന്നുള്ള വിദേശ കുടിയേറ്റം, പ്രത്യേകിച്ച് മലബാര്‍ മേഖലകളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള തൊഴില്‍ കുടിയേറ്റം, സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ കുടിയേറ്റത്തെക്കുറിച്ച് ഏറ്റവും വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുന്നത് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി ഡി എസ്) നടത്തി വരുന്ന കേരള മൈഗ്രേഷന്‍ സര്‍വേ (കെ എം എസ്) ആണ്. കെ എം എസിന്റെ നിലവിലെ റിപോര്‍ട്ട് പ്രകാരം കേരളത്തില്‍ നിന്നുള്ള വിദേശ കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം 22.8 ലക്ഷം ആണ്. ഇതില്‍ ചെറിയൊരു ശതമാനം വിദ്യാഭ്യാസത്തിനായി കുടിയേറിയവരാണെങ്കിലും കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെ തൊഴിലും വരുമാനവും വിദേശ രാജ്യങ്ങളിലാണെന്ന് മനസ്സിലാക്കാനാകും. ഒപ്പം കെ എം എസ് 2023 പ്രകാരം കേരളത്തിലേക്ക് വരുന്ന കുടുംബ റമിറ്റന്‍സ് ഏകദേശം 37,058 കോടിയോളമാണ്. ഈ കണക്കുകളില്‍ നിന്ന് തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വരുമാനം എത്രത്തോളം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്നു എന്ന് വ്യക്തമാകുന്നുണ്ട്. ഈ പണം കേരളത്തിലെ വിദ്യാഭ്യാസം, ആരോഗ്യചികിത്സ, വീടുകളുടെ നിര്‍മാണം, ബേങ്കിംഗ് നിക്ഷേപം, ചെറുകിട വ്യാപാരം തുടങ്ങിയ മേഖലകളെ ശക്തമായി പിന്തുണക്കുന്നുമുണ്ട്. കൂടാതെ മലബാറില്‍ ഈ വരുമാനം കുടുംബ ജീവിതത്തിന്റെ അടിസ്ഥാനവുമായി മാറിയിട്ടുണ്ട്.
പറഞ്ഞ് വരുന്ന ആശങ്ക, ഇതൊരു ശക്തി മാത്രമല്ല, വലിയൊരു ദൗര്‍ബല്യവും കൂടിയാണ് എന്നാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തികമോ രാഷ്ട്രീയമോ ആയ പ്രതിസന്ധി ഉണ്ടായാല്‍ അതിന്റെ വലിയ ആഘാതം കേരളത്തില്‍ നേരിട്ട് അനുഭവപ്പെടും. നമ്മള്‍ പലപ്പോഴായി അതിന് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. ഗള്‍ഫ് മേഖലയില്‍ ഉണ്ടായ യുദ്ധങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും കേരളത്തെ പലപ്പോഴും ബാധിച്ചത് നമ്മള്‍ അനുഭവിച്ചതാണല്ലോ. ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടായ അസ്ഥിരത, എണ്ണവിലയിലെ മാറ്റങ്ങള്‍, സ്വദേശിവത്കരണം, തൊഴില്‍ നിയന്ത്രണ നയങ്ങള്‍ തുടങ്ങിയവ പ്രവാസി തൊഴിലാളികളുടെ തൊഴില്‍ സാധ്യതയെ ഇന്നും സാരമായി ബാധിക്കുന്നു. ജോലി നഷ്ടപ്പെടുക, ശമ്പളം കുറയുക, പുതിയ അവസരങ്ങള്‍ കുറയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ കേരളത്തിലേക്ക് വരുന്ന ഗള്‍ഫ് റമിറ്റന്‍സ് കുറയും. അതിന്റെ ഫലമായി കേരളത്തിലെ ഉപഭോഗം കുറയുകയും വ്യാപാര മേഖല തളരുകയും ബേങ്കിംഗ് മേഖലയിലടക്കം സമ്മര്‍ദങ്ങള്‍ വര്‍ധിക്കുകയും ചെയ്യും.
കേരള സമ്പദ്‌വ്യവസ്ഥയില്‍ കുടിയേറ്റ ആശ്രിതത്വം യഥാര്‍ഥത്തില്‍ എത്രത്തോളം അപകടകരമാണെന്ന് തെളിഞ്ഞത് കൊവിഡ് മഹാമാരി കാലത്താണ്. 2020-21 കാലഘട്ടത്തില്‍ വിമാന സര്‍വീസുകളും യാത്രകളും നിയന്ത്രിച്ചതോടെ അനേകം മലയാളികള്‍ക്ക് ഗള്‍ഫില്‍ ജോലി നഷ്ടപ്പെട്ടു. പലരും നാട്ടിലേക്ക് മടങ്ങി. ഇതോടെ റമിറ്റന്‍സ് വരുമാനത്തില്‍ വലിയ ഇടിവുണ്ടായി. മുമ്പ് കുവൈത്ത് യുദ്ധ കാലത്തും നമ്മള്‍ ഇത്തരം മടക്കയാത്രകള്‍ നേരിട്ടതായിരുന്നു. കൊവിഡ് കാലത്ത് തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാനോ തൊഴില്‍ സാധ്യതകള്‍ നല്‍കാനോ കേരളത്തിനായില്ല എന്നതാണ് വാസ്തവം. ഇതിന്റെ ഫലമായി തൊഴിലില്ലായ്മ വര്‍ധിക്കുകയും സംസ്ഥാനത്ത് പരോക്ഷമായെങ്കിലും വലിയ സാമ്പത്തിക മന്ദഗതി രൂപപ്പെടുകയും ചെയ്തു. വരുമാനം കുറഞ്ഞെങ്കിലും ചെലവുകളും ബാധ്യതകളും തുടര്‍ന്നുകൊണ്ടിരുന്നു. പ്രത്യേകിച്ച് ലോണ്‍ എടുത്തവര്‍ക്ക് തിരിച്ചടവ് വലിയ ബുദ്ധിമുട്ടായി. നിലവിലെ പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ സമാനമായൊരു സാഹചര്യം ഗള്‍ഫ് മേഖലയില്‍ ഉയര്‍ന്ന് വരുന്നത് കാണുന്നുണ്ട്. ഒരു പക്ഷേ ഈ സാഹചര്യം കൊവിഡ് കാലത്തേക്കാള്‍ വലിയ തോതില്‍ കേരളത്തെ ബാധിക്കും എന്ന ആശങ്കയാണ് നമ്മെ അലട്ടേണ്ടത്.
ലോണ്‍ അധിഷ്ഠിത ജീവിതം
അടുത്ത കാലത്തായി വളരെ ശക്തമായി കേരളത്തില്‍ വളര്‍ന്നുവരുന്ന പ്രവണതയാണ് ലോണ്‍ അധിഷ്ഠിത ജീവിതശൈലി. വീടിന് ലോണ്‍, വാഹനത്തിന് ലോണ്‍, വിദ്യാഭ്യാസത്തിന് ലോണ്‍, ചികിത്സയ്ക്ക് ലോണ്‍, അതുപോലെ ചെറിയ ആവശ്യങ്ങള്‍ക്ക് പോലും വ്യക്തിഗത ലോണ്‍ എന്നിവ സ്വീകരിക്കുന്ന പ്രവണത ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. ഇന്ന് ആളുകള്‍ “ഇപ്പോള്‍ വാങ്ങുക, പിന്നീട് അടയ്ക്കുക’ എന്ന ആശയം കൂടുതലായി പിന്തുടരുന്നു.
ആദ്യനോട്ടത്തില്‍ ഇത് വളര്‍ച്ചയുടെ ഒരു സൂചനയായി തോന്നാം. കാരണം ലോണ്‍ ലഭ്യമാകുന്നതിലൂടെ ആളുകള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങും. വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കും. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖല, വാഹന വിപണി, വ്യാപാരം തുടങ്ങിയ മേഖലകള്‍ വളരും. പക്ഷേ ഈ വളര്‍ച്ചയുടെ അടിത്തറ കടമാണങ്കില്‍ അത് എത്ര കാലം നിലനില്‍ക്കും എന്നാണ് കാണേണ്ടത്. തിരിച്ചടവുകള്‍ കൂടുമ്പോള്‍ കുടുംബത്തിന്റെ മാസവരുമാനത്തില്‍ നിന്ന് വലിയൊരു ഭാഗം ബേങ്കുകളിലേക്കോ ഫിനാന്‍സ് സ്ഥാപനങ്ങളിലേക്കോ പോകുന്നു. അതോടെ കുടുംബങ്ങളുടെ നിക്ഷേപങ്ങള്‍ കുറയുന്നു. ഒരു ചെറിയ പ്രതിസന്ധി വന്നാല്‍ പോലും കുടുംബം തകര്‍ന്നുപോകുന്ന സാഹചര്യം രൂപപ്പെടുന്നു.
ഈ സാഹചര്യം സമ്പദ്‌വ്യവസ്ഥയെ മൊത്തം ബാധിക്കുന്നതെങ്ങനെയാണ് എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു വ്യക്തിക്ക് ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ വന്നാല്‍ അത് വ്യക്തിപരമായ പ്രശ്‌നം മാത്രമല്ല. തിരിച്ചടവുകള്‍ കൂടുമ്പോള്‍ ബേങ്കുകള്‍ക്ക് നഷ്ടം വരും. ബേങ്കുകളുടെ നഷ്ടം വര്‍ധിക്കുമ്പോള്‍ ബേങ്കുകള്‍ പുതിയ ലോണ്‍ നല്‍കുന്നത് കുറയ്ക്കും. ഇത് വിപണിയിലെ പണപ്രവാഹം കുറയ്ക്കുകയും പണം ചാക്രികമായി സര്‍ക്കുലേറ്റ് ചെയ്യാത്തതിനാല്‍ ഡിമാന്‍ഡ് കുറയുകയും ചെയ്യും. അത് കാരണം വ്യാപാരം മന്ദഗതിയിലാകും. കമ്പനികളും സ്ഥാപനങ്ങളും ഉത്പാദനം കുറയ്ക്കും. തൊഴിലവസരങ്ങള്‍ കുറയും. തൊഴിലവസരങ്ങള്‍ കുറഞ്ഞാല്‍ ആളുകളുടെ വരുമാനം കുറയും. വരുമാനം കുറയുമ്പോള്‍ വീണ്ടും ലോണ്‍ തിരിച്ചടവുകള്‍ മുടങ്ങും. ഇതൊരു അപകടകരമായ വൃത്താകാര പ്രതിസന്ധിയാണ്. ഇത് കേരളത്തിലെ സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലേക്കും ഡിപ്രഷന്‍ പോലുള്ള അവസ്ഥയിലേക്കും കൊണ്ടെത്തിക്കും.
ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കിയാല്‍ 1929ലെ ആഗോള മാന്ദ്യത്തിന്റെ കാരണം സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചയായിരുന്നെങ്കിലും അതിന്റെ അടിത്തറ കടാധിഷ്ഠിത ഉപഭോഗവും ലോണ്‍ തിരിച്ചടവ് സംവിധാനത്തിന്റെ തകര്‍ച്ചയുമായിരുന്നുവെന്ന് കാണാന്‍ സാധിക്കും. 1920കളില്‍ അമേരിക്കയില്‍ ആളുകള്‍ കടമെടുത്ത് വീടുകളും കാറുകളും വാങ്ങി. ഓഹരി വിപണിയിലും കടമെടുത്ത് നിക്ഷേപം നടത്തി. വിപണി ഉയര്‍ന്നപ്പോള്‍ എല്ലാം ശരിയായതുപോലെ തോന്നി. എന്നാല്‍ പ്രതിസന്ധി വന്നപ്പോള്‍ ആളുകള്‍ക്ക് കടം തിരിച്ചടക്കാന്‍ കഴിയാതെ വന്നു. ബേങ്കുകള്‍ തകര്‍ന്നു. വ്യവസായ സ്ഥാപനങ്ങള്‍ അടഞ്ഞു. തൊഴിലില്ലായ്മ കുത്തനെ ഉയര്‍ന്നു. അമേരിക്കയില്‍ തൊഴിലില്ലായ്മ 25 ശതമാനം വരെ എത്തിയതായി ചരിത്രം പറയുന്നു. അതായത് ഓരോ നാല് പേരില്‍ ഒരാള്‍ക്ക് ജോലി ഇല്ലാത്ത സ്ഥിതി. കേരളത്തില്‍ ഇതുപോലൊരു പ്രതിസന്ധി സംഭവിക്കാന്‍ സാധ്യത കുറവാണെങ്കിലും, സമാനമായ ചില ഘടകങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു എന്ന് പറയേണ്ടി വരും. കേരള സമ്പദ്‌വ്യവസ്ഥ ഒരു പരിധിവരെ ഗള്‍ഫ് വരുമാനത്തിന് ആശ്രിതമാണ്.
അതോടൊപ്പം ലോണ്‍ ആശ്രിതത്വം കൂടുന്നു. അതിനാല്‍ ഒരു ആഗോള പ്രതിസന്ധി വന്നാല്‍ റമിറ്റന്‍സ് കുറയും, ഗാര്‍ഹിക വരുമാനം കുറയും, ഉപഭോഗം തകരും, തിരിച്ചടവ് തടസ്സപ്പെടും, ബേങ്കിംഗ് മേഖലക്ക് സമ്മര്‍ദം വരും, തൊഴിലില്ലായ്മ ഉയരും, വിപണി മന്ദഗതിയിലാകും.
സി ഡി എസിന്റെ സര്‍വേ വ്യക്തമാക്കുന്നത് കേരളത്തില്‍ വിദേശ കുടിയേറ്റവും റമിറ്റന്‍സും ഇപ്പോഴും വലിയ ശക്തിയാണെന്നതാണ്. 2023ലെ 37,058 കോടി റമിറ്റന്‍സ് കേരളത്തിലെ സമ്പദ്‌വ്യവസ്ഥക്ക് വലിയ പിന്തുണയാണ്. എന്നാല്‍ ഇത് തന്നെ ഒരു മുന്നറിയിപ്പാണ്. കാരണം ഈ വരുമാനം കുറയുന്ന സാഹചര്യം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഗള്‍ഫ് മേഖലകളിലെ വരുമാനത്തെ ആശ്രയിച്ച് കൊണ്ടാണ് വലിയ തരത്തിലുള്ള ലോണ്‍ സംസ്‌കാരം കേരളത്തില്‍ രൂപപ്പെടുന്നത്.
അപകട സാധ്യതകള്‍ കുറയ്ക്കാന്‍ കേരളം ചില നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഗള്‍ഫ് കുടിയേറ്റം സംസ്ഥാനത്തിന് നല്‍കിയ വളര്‍ച്ച വലുതാണ്. എന്നാല്‍ അതിനൊപ്പം ലോണ്‍ സംസ്‌കാരം വളരുന്നത് പുതിയ അപകട സാധ്യതകളും സൃഷ്ടിക്കുന്നു. ഗള്‍ഫ് ആശ്രിതത്വം കുറയ്ക്കുകയോ തിരിച്ചുവരുന്നവര്‍ക്ക് കേരളത്തില്‍ തന്നെ തൊഴില്‍ ഇടങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യണം. ഐ ടി, ചെറുകിട വ്യവസായം, കൃഷി അധിഷ്ഠിത വ്യവസായങ്ങള്‍ പോലുള്ള മേഖലകള്‍ ശക്തിപ്പെടുത്തണം. യുവജനങ്ങള്‍ക്ക് നൈപുണി വികസനം സാധ്യമാക്കണം. സാമ്പത്തിക സാക്ഷരത വളര്‍ത്തണം. ലോണ്‍ ആശ്രയിച്ച് ജീവിക്കുന്ന പ്രവണത നിയന്ത്രിക്കാന്‍ സമൂഹത്തിലും സര്‍ക്കാര്‍തലത്തിലും ബോധവത്കരണം വേണം. കരുതലോടെയിരുന്നാല്‍ ബലൂണ്‍ പോലെ വീര്‍ത്ത സമ്പദ് വ്യവസ്ഥ കണ്‍മുമ്പില്‍ പൊട്ടിപ്പോകുന്നത് തടയാനും ഇക്കോണമിക് ബൂം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്താനും നമുക്ക് സാധിക്കും.







