Articles
ആഖ്യാനമൊരുങ്ങുന്നത് മറ്റൊരു ബാബരിക്കോ?
എല്ലാ ആരാധനാലയങ്ങളെയും ചരിത്രപരമായ പുനഃപരിശോധനക്ക് വിധേയമാക്കുകയും എ എസ് ഐ ഹിന്ദുത്വ താത്പര്യങ്ങള്‍ക്കനുസൃതമായി റിപോര്‍ട്ട് തയ്യാറാക്കുകയും കോടതി അതിനെ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്താല്‍ രാജ്യം സങ്കീര്‍ണമായ നിയമ പോരാട്ടങ്ങള്‍ക്കും സാമൂഹിക ധ്രുവീകരണത്തിനും ഭിന്നതക്കും സാക്ഷ്യം വഹിക്കും. ഇത് ഭരണഘടനയിലും പരമോന്നത നീതി സംവിധാനങ്ങളിലും രാജ്യത്തെ നിയമങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെ തന്നെയാണ് തകര്‍ക്കുന്നത്.
ഇന്ത്യയുടെ വൈവിധ്യങ്ങളെയെല്ലാം പരമാവധി ഉള്‍ക്കൊള്ളാന്‍ പ്രാപ്തമായ രീതിയിലാണ് ഭരണഘടന സംവിധാനിച്ചിട്ടുള്ളത്. ഓരോ പൗരനും ഏതൊരു മതത്തെയും അംഗീകരിക്കാനും അതനുസരിച്ച് ജീവിക്കാനും അവരുടെ മതചിഹ്നങ്ങളെ ഉയര്‍ത്തിപ്പിടിക്കാനുമുള്ള അവസരവും അവകാശവും ഭരണഘടന നല്‍കുന്നുണ്ട്. ഓരോ മതത്തിന്റെയും അന്തസ്സത്തയുടെ പ്രതീകമായി നിലകൊള്ളുന്ന ആരാധനാലയങ്ങളുടെ നിര്‍മാണവും സംരക്ഷണവും അതില്‍ ഏറെ പ്രധാനമാണ്. ഭരണഘടനയുടെ അനുഛേദം 25 മതസ്വാതന്ത്ര്യത്തിനുള്ള അവകാശം നല്‍കുമ്പോള്‍, അനുഛേദം 26 ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടെ മതകാര്യങ്ങളും ആരാധനാലയങ്ങളും നിയന്ത്രിക്കാനുള്ള അവകാശത്തെയാണ് വകവെച്ച് നല്‍കുന്നത്. ഈ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാഹചര്യങ്ങളേറെയുണ്ടാകുമെന്നതിനാല്‍ തന്നെ അത് സംരക്ഷിക്കേണ്ട ചുമതല ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത് രാജ്യത്തിന്റെ നീതിപീഠങ്ങളിലാണ്. എന്നാല്‍ ആ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്ന രീതിയിലുള്ള സംഭവ വികാസങ്ങള്‍ പലപ്പോഴും നീതിന്യായ സംവിധാനത്തില്‍ നിന്ന് വരുന്നുവെന്നത് അത്യന്തം ഖേദകരമാണ്.
ഇന്ത്യയില്‍ ആരാധനാലയങ്ങളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് ദീര്‍ഘകാലത്തെ പഴക്കമുണ്ടെങ്കിലും, ബാബരി മസ്ജിദ് വിധിക്ക് ശേഷം ചരിത്രപ്രസിദ്ധമായ പള്ളികളെ ലക്ഷ്യമിട്ട് ഉയര്‍ന്നുവരുന്ന നിയമപരവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍ രാജ്യത്തുടനീളമുള്ള മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള ആശങ്കയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ധറിലെ കമാല്‍മൗല മസ്ജിദിനെക്കുറിച്ച് മധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്നുണ്ടായ സമീപകാല വിധി ഈ ചര്‍ച്ചകളിലെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. യഥാര്‍ഥത്തില്‍, ഒരു സമുദായത്തിന്റെ അസ്തിത്വത്തെയും ചരിത്രത്തെയും ഭരണഘടനാപരമായ സംരക്ഷണത്തെയും ഇന്ത്യയിലെ മതസൗഹാര്‍ദത്തിന്റെ ഭാവിയെയും ചോദ്യം ചെയ്യുന്ന സങ്കീര്‍ണ പ്രശ്‌നം കൂടിയാണിത്.
മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കമാല്‍മൗല മസ്ജിദ്, പതിമൂന്നാം നൂറ്റാണ്ടില്‍ മാളവ സുല്‍ത്താനേറ്റിന്റെ കാലത്താണ് സ്ഥാപിതമായതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചരിത്രരേഖകള്‍ പ്രകാരം, കമാല്‍ ഷാ എന്ന സൂഫിവര്യന്‍ അവിടെയൊരു ആത്മീയ കേന്ദ്രം സ്ഥാപിക്കുകയും തുടര്‍ന്ന് ആ സമുച്ചയത്തിനുള്ളില്‍ ഒരു മസ്ജിദ് നിര്‍മിക്കുകയുമായിരുന്നു. അന്ന് മുതല്‍ ഈ സ്ഥലം ഒരു പള്ളിയായി തന്നെയാണ് നിലനിന്നുപോരുന്നത്.
എന്നാല്‍ ഈ മസ്ജിദുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ ചരിത്രം ആരംഭിക്കുന്നത് തന്നെ ബ്രിട്ടീഷ് ഭരണകാലത്താണ്. 1904ഓടെയാണ് ചില ഹൈന്ദവ സംഘടനകള്‍ ഈ സ്ഥലത്തിന്മേല്‍ അവകാശവാദം ഉന്നയിക്കാന്‍ തുടങ്ങിയത്. പത്താം നൂറ്റാണ്ടില്‍ ഈ പ്രദേശം ഭരിച്ചിരുന്ന പരമാര രാജവംശത്തിലെ രാജാ ഭോജന്‍ നിര്‍മിച്ച സരസ്വതി ക്ഷേത്രമാണിതെന്നും ഭോജശാല എന്നറിയപ്പെട്ടിരുന്ന സരസ്വതി ദേവിക്കായുള്ള വിജ്ഞാന കേന്ദ്രം പില്‍ക്കാലത്ത് പള്ളിയാക്കി മാറ്റുകയായിരുന്നുവെന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍, അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം ഈ അവകാശവാദങ്ങള്‍ തള്ളിക്കളയുകയും ഇതൊരു മസ്ജിദ് തന്നെയാണെന്ന് അംഗീകരിക്കുകയും ചെയ്തുവെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്.
എന്നാലും തുടര്‍ന്നുള്ള ദശകങ്ങളില്‍ ഹൈന്ദവ സംഘടനകളുടെ ഭാഗത്ത് നിന്നുള്ള ആവശ്യങ്ങള്‍ ശക്തമായതോടെ അത് വലിയ നിയമ- രാഷ്ട്രീയ പ്രശ്‌നമായി മാറി. പ്രശ്‌നം സങ്കീര്‍ണമായതോടെ 2003ല്‍ സര്‍ക്കാറും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും (എ എസ് ഐ) ഒരു താത്കാലിക ക്രമീകരണം കൊണ്ടുവരികയായിരുന്നു. ഇതനുസരിച്ച് ചൊവ്വാഴ്ചകളില്‍ ഹിന്ദുക്കള്‍ക്ക് ഇവിടെ പൂജ നടത്തുന്നതിനും വെള്ളിയാഴ്ചകളില്‍ മുസ്‌ലിംകള്‍ക്ക് ജുമുഅ നിസ്‌കാരം തുടരുന്നതിനും അനുമതി നല്‍കി. അന്ന് മുതല്‍ ഇരുവിഭാഗവും ഈ ഭരണപരമായ വിട്ടുവീഴ്ചയുടെ അടിസ്ഥാനത്തിലാണ് സമുച്ചയം ഉപയോഗിച്ചിരുന്നത്. എങ്കിലും, സ്ഥലത്തിന്റെ പൂര്‍ണമായ നിയന്ത്രണം വിട്ടുകിട്ടണമെന്നും ഇതൊരു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നുമുള്ള ആവശ്യം ഹൈന്ദവ സംഘടനകള്‍ തുടര്‍ന്നുപോന്നു. 2024ല്‍ ഈ സമുച്ചയത്തില്‍ വിശദമായ സര്‍വേ നടത്താന്‍ എ എസ് ഐയോട് കോടതി നിര്‍ദേശിച്ചതോടെ തര്‍ക്കം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. സര്‍വേ വേളയില്‍, ഈ സമുച്ചയത്തിന്റെ ചില ഭാഗങ്ങള്‍ക്ക് പത്താം നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് സൂചിപ്പിക്കുന്ന സംസ്‌കൃത ലിഖിതങ്ങളും വാസ്തുവിദ്യാ തൂണുകളും നിര്‍മിതികളും കണ്ടെത്തിയതായി എ എസ് ഐ അവകാശപ്പെട്ടു. മുമ്പ് രാജാ ഭോജനുമായി ബന്ധപ്പെട്ട ഒരു സരസ്വതി ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നതായി “കാണപ്പെടുന്നു’ എന്നാണ് എ എസ് ഐ റിപോര്‍ട്ടില്‍ ഒടുവില്‍ പറഞ്ഞുവെച്ചത്. ഇവിടെ മുതലാണ് രൂക്ഷമായ വിവാദം ഉടലെടുക്കുന്നത് തന്നെ. നൂറ്റാണ്ടുകളായി പള്ളിയായി പ്രവര്‍ത്തിക്കുന്ന ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം, ചരിത്രപരമായ ചില വ്യാഖ്യാനങ്ങളുടെയോ അനുമാനങ്ങളുടെയോ പുരാവസ്തു സാധ്യതകളുടെയോ മാത്രം അടിസ്ഥാനത്തില്‍ മാറ്റാന്‍ കഴിയുമോ? “അങ്ങനെ കാണപ്പെടുന്നു’, അല്ലെങ്കില്‍ “അവിടെ ഉണ്ടായിരുന്നിരിക്കാം’ തുടങ്ങിയ വാചകങ്ങള്‍ നിലവിലുള്ള ഒരു ആരാധനാലയത്തിന്റെ പദവി മാറ്റുന്നതിന് മതിയായ കാരണങ്ങളാകുമോ എന്ന പ്രസക്തമായ ചോദ്യങ്ങള്‍ ഇവിടെ ഉയര്‍ന്നുവന്നു. മസ്ജിദിന്റെ ചരിത്രപരമായ അസ്തിത്വം തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് മുസ്‌ലിം പക്ഷം വ്യക്തമാക്കുന്നത്. നൂറ്റാണ്ടുകളായി ഇത് പള്ളിയായി തന്നെയാണ് നിലനില്‍ക്കുന്നതെന്നും ഇസ്‌ലാമിക വാസ്തുവിദ്യാ ശൈലികള്‍ ഇവിടെ ദൃശ്യമാണെന്നും അവര്‍ പറയുന്നു. അവിടെ മുമ്പ് ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് വ്യക്തവും ശക്തവുമായ തെളിവുകളൊന്നും ഹാജരാക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, കേവലം അനുമാനങ്ങളെയും സാധ്യതകളെയും മാത്രം ആശ്രയിച്ചിരിക്കുന്ന 2,000 പേജുകളുള്ള എ എസ് ഐയുടെ റിപോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കി മധ്യപ്രദേശ് ഹൈക്കോടതി ഈ സ്ഥലം രാജാ ഭോജന്റെ സരസ്വതി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
കൂടാതെ, മുസ്‌ലിംകള്‍ക്ക് പള്ളി നിര്‍മിക്കുന്നതിനായി മറ്റൊരു സ്ഥലം കണ്ടെത്താമെന്നും കോടതി നിര്‍ദേശിച്ചു. ബാബരി വിധിയില്‍ കണ്ട അതേ മുദ്ര ഇവിടെയും ആവര്‍ത്തിച്ചു എന്നര്‍ഥം. ബാബരി മസ്ജിദ് വിധിക്ക് ശേഷം, ചരിത്രപ്രസിദ്ധമായ പള്ളികളെ സര്‍വേകളിലൂടെയും പുരാവസ്തു അവകാശവാദങ്ങളിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയും ചോദ്യം ചെയ്യുന്ന രീതി രാജ്യത്ത് ശക്തിപ്പെടുകയാണ്. വിധിയെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്‌തെങ്കിലും ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വിധിക്കെതിരെ സുപ്രീം കോടതിയില്‍ നിയമ പോരാട്ടത്തിനിറങ്ങാനിരിക്കുകയാണ്.
ഈ വിധി ഉയര്‍ത്തുന്ന ഏറ്റവും ഗുരുതരമായ ഭരണഘടനാപരമായ ചോദ്യം, “1991ലെ ആരാധനാലയ നിയമം’ സംബന്ധിച്ചുള്ളതാണ്. ബാബരി മസ്ജിദ് തര്‍ക്കം രാജ്യത്തെയാകെ ഉലച്ചിരുന്ന അതീവ സങ്കീര്‍ണമായ കാലഘട്ടത്തിലാണ് ഈ നിയമം പാര്‍ലിമെന്റ് പാസ്സാക്കിയത്. അതായത്, 1947 ആഗസ്റ്റ് 15ന് രാജ്യത്തെ ആരാധനാലയങ്ങള്‍ ഏത് അവസ്ഥയിലായിരുന്നോ, ആ മതപരമായ സ്വഭാവം മാറ്റമില്ലാതെ തുടരണമെന്നാണ് ഈ നിയമം അനുശാസിക്കുന്നത്. ഈ നിയമത്തിന്റെ അന്തസ്സത്തയെ തകര്‍ക്കുന്നതാണ് കമാല്‍മൗല മസ്ജിദ് വിഷയത്തിലെ മധ്യപ്രദേശ് ഹൈക്കോടതി വിധി.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികള്‍ പുരാവസ്തു പുനര്‍വ്യാഖ്യാനങ്ങള്‍ക്കും നിയമപരമായ മാറ്റങ്ങള്‍ക്കും വിധേയമാക്കാമെന്ന സാഹചര്യം വന്നാല്‍, രാജ്യത്തുടനീളമുള്ള മറ്റ് നിരവധി ചരിത്രപരമായ ആരാധനാലയങ്ങള്‍ക്കെതിരെയും സമാനമായ അവകാശവാദങ്ങള്‍ ഉയര്‍ന്നുവരും. എല്ലാ ആരാധനാലയങ്ങളും ചരിത്രപരമായ പുനഃപരിശോധനക്ക് വിധേയമാക്കുകയും എ എസ് ഐ ഹിന്ദുത്വ താത്പര്യങ്ങള്‍ക്കനുസൃതമായി റിപോര്‍ട്ട് തയ്യാറാക്കുകയും കോടതി അതിനെ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്താല്‍ രാജ്യം സങ്കീര്‍ണമായ നിയമ പോരാട്ടങ്ങള്‍ക്കും സാമൂഹിക ധ്രുവീകരണത്തിനും ഭിന്നതക്കും സാക്ഷ്യം വഹിക്കും. ഇത് ഭരണഘടനയിലും പരമോന്നത നീതി സംവിധാനങ്ങളിലും രാജ്യത്തെ നിയമങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെ തന്നെയാണ് തകര്‍ക്കുന്നത്.
മറുഭാഗത്ത്, വിധിയെ അനുകൂലിക്കുന്ന ഹിന്ദുത്വ സംഘടനകള്‍ ഇതിനെ ‘ചരിത്രപരമായ നീതി’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് സമീപ വര്‍ഷങ്ങളില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ പിന്തുണയും ലഭിക്കുന്നുണ്ട്. എന്നാല്‍ വലിയൊരു ചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും പരിഹരിക്കപ്പെടാത്തതുമായ ചരിത്രപരമായ അവകാശവാദങ്ങള്‍ക്ക് വേണ്ടി ഇന്നത്തെ സാമൂഹിക സമാധാനം ബലികഴിക്കപ്പെടേണ്ടതുണ്ടോ? മധ്യകാല തര്‍ക്കങ്ങള്‍ സമകാലിക രാഷ്ട്രീയത്തെയും നിയമവ്യവസ്ഥയെയും നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ ഒരു ആധുനിക ജനാധിപത്യ രാജ്യത്തിന് എങ്ങനെയാണ് മുന്നോട്ട് പോകാനാകുക? 1991ലെ നിയമം വഴി രാജ്യം പരിഹരിച്ചുവെന്ന് കരുതിയ ഒരു വലിയ തര്‍ക്കത്തിനാണ് കമാല്‍മൗല മസ്ജിദ് വിധിയിലൂടെ വീണ്ടും തുടക്കമിട്ടിരിക്കുന്നത്.







