Connect with us

Health

അടിയന്തര രോഗനിർണ്ണയത്തിൽ ഡോക്ടർമാരെ പിന്തള്ളി എ ഐ; ഹാർവാർഡ് പഠന റിപ്പോർട്ട് പുറത്ത്

76 രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ 67 ശതമാനം കേസുകളിലും കൃത്യമായ രോഗനിർണ്ണയം നടത്താൻ എ ഐക്ക് കഴിഞ്ഞു

Published

|

Last Updated

വാഷിംഗ്ടൺ | ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ അടിയന്തര ചികിത്സാ വിഭാഗത്തിലെ (എമർജൻസി ഡിപ്പാർട്ട്മെന്റ്) രോഗനിർണ്ണയത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഡോക്ടർമാരേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നതായി കണ്ടെത്തി. ഓപ്പൺ ഐ ഒ1 എന്ന നൂതന ഐ ടി മോഡൽ ഉപയോഗിച്ചാണ് പഠനം നടത്തിയത്. യഥാർത്ഥ ജീവിതത്തിലെ അടിയന്തര സാഹചര്യങ്ങളും മുൻകൂട്ടി നിശ്ചയിച്ച ക്ലിനിക്കൽ കേസുകളും വിശകലനം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്.

രോഗികളുടെ വിവരങ്ങൾ അടങ്ങിയ എഴുതപ്പെട്ട രേഖകൾ നൽകിയപ്പോൾ ഡോക്ടർമാരേക്കാൾ കൃത്യമായി രോഗം തിരിച്ചറിയാൻ ഐ ടിക്ക് സാധിച്ചു. 76 രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ 67 ശതമാനം കേസുകളിലും കൃത്യമായ രോഗനിർണ്ണയം നടത്താൻ എ ഐക്ക് കഴിഞ്ഞു. എന്നാൽ ഇതേ സാഹചര്യത്തിൽ ഡോക്ടർമാരുടെ കൃത്യത 50 മുതൽ 55 ശതമാനം വരെയായിരുന്നു. രോഗിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായപ്പോൾ എ ഐയുടെ കൃത്യത 82 ശതമാനമായി ഉയർന്നു. ചികിത്സാ പ്ലാനുകൾ തയ്യാറാക്കുന്നതിലും എ ഐ മികച്ച പ്രകടനമാണ് നടത്തിയത്.+

സമ്മർദ്ദമേറിയ സാഹചര്യങ്ങളിൽ വിവരങ്ങൾ വിശകലനം ചെയ്യുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും എ ഐക്ക് വലിയ മുൻതൂക്കമുണ്ട്. മനുഷ്യ സഹജമായ മുൻവിധികളില്ലാതെ വലിയ തോതിലുള്ള ഡാറ്റ വേഗത്തിൽ പരിശോധിക്കാൻ എ ഐക്ക് സാധിക്കും. ഉദാഹരണത്തിന് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി എത്തിയ ഒരു രോഗിയുടെ കാര്യത്തിൽ ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിയാതിരുന്ന പാറ്റേണുകൾ എ ഐ തിരിച്ചറിഞ്ഞത് പഠനം ചൂണ്ടിക്കാട്ടുന്നു.

എങ്കിലും എ ഐക്ക് ചില പരിമിതികളുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. രോഗിയുടെ ശാരീരിക ലക്ഷണങ്ങൾ നേരിട്ട് കാണാനോ പെരുമാറ്റം നിരീക്ഷിക്കാനോ എ ഐക്ക് കഴിയില്ല. അതിനാൽ തന്നെ എ ഐ എന്നത് ഒരു സഹായിയായും രണ്ടാമതൊരു അഭിപ്രായം തേടാനുള്ള മാർഗ്ഗമായും മാത്രമേ നിലവിൽ കാണാൻ സാധിക്കൂ.

ഹാർവാർഡിലെ അർജുൻ മൻറായ്, ആദം റോഡ്മാൻ തുടങ്ങിയ ഗവേഷകർ പറയുന്നത് ഭാവിയിൽ ക്ലിനിക്കൽ തീരുമാനങ്ങൾ എടുക്കുന്നതിൽ എ ഐ വലിയ സഹായമാകുമെന്നാണ്. എന്നാൽ ചികിത്സാ രംഗത്തെ പിഴവുകൾക്ക് ആര് ഉത്തരവാദിത്തം ഏൽക്കും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വരേണ്ടതുണ്ട്.

Content highlight

A study led by Harvard Medical School researchers indicates that advanced AI systems, specifically OpenAI o1, can surpass human doctors in diagnosing patients in emergency settings. The AI demonstrated 67% accuracy compared to the 50-55% range for physicians when interpreting electronic health records. While experts view AI as a powerful diagnostic support tool, they emphasize that it currently serves as a second-opinion resource rather than a full replacement for human clinical judgment.

Latest