articles
ഡിജിറ്റല്‍ ആസക്തിയില്‍ നഷ്ടമാകുന്നത്
ആഗോളതലത്തില്‍ ഒരു വ്യക്തി ഒരു ദിവസം ശരാശരി മൂന്ന് മണിക്കൂര്‍ വരെ സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുമ്പോള്‍ ഇന്ത്യയില്‍ അഞ്ച് മണിക്കൂറിന് മുകളിലാണ് അത്. അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം ഉത്പാദനക്ഷമതയെയും വ്യക്തിബന്ധങ്ങളെയും സാരമായി ബാധിക്കുന്നു. മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്നതിന് വേണ്ടി സംവിധാനിച്ച സാങ്കേതികവിദ്യ പലപ്പോഴും മനുഷ്യരെ തമ്മില്‍ അകറ്റുന്നു.
ആധുനിക മനുഷ്യന്റെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്തെ വിരല്‍ത്തുമ്പില്‍ എത്തിച്ച സാങ്കേതികവിദ്യ, ആശയവിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുവെങ്കിലും അശാസ്ത്രീയമായ ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ആഗോളതലത്തില്‍ ഒരു വ്യക്തി ഒരു ദിവസം ശരാശരി മൂന്ന് മണിക്കൂര്‍ വരെ സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുമ്പോള്‍ ഇന്ത്യയില്‍ അഞ്ച് മണിക്കൂറിന് മുകളിലാണ് അത്. അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം ഉത്പാദനക്ഷമതയെയും വ്യക്തിബന്ധങ്ങളെയും സാരമായി ബാധിക്കുന്നു. യാഥാര്‍ഥ്യത്തിന്റെ പച്ചപ്പിനേക്കാള്‍ ഡിജിറ്റല്‍ സ്‌ക്രീനിലെ നിഴലുകളെ പ്രണയിക്കുന്ന കാലത്താണ് മനുഷ്യന്‍ ജീവിക്കുന്നത്.
ഇമോജികള്‍ക്കിടയില്‍ വികാരങ്ങളും ലൈക്കുകള്‍ക്കിടയില്‍ വ്യക്തിത്വങ്ങളും ഹോമിക്കപ്പെടുന്നു. മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്നതിന് വേണ്ടി സംവിധാനിച്ച സാങ്കേതികവിദ്യ പലപ്പോഴും മനുഷ്യരെ തമ്മില്‍ അകറ്റുന്നു. ഡിജിറ്റല്‍ ലോകത്തെ മായാകാഴ്ചകളില്‍ നഷ്ടമാകുന്ന ആരോഗ്യവും സമാധാനവുമാണ് സ്‌ക്രോളിംഗ് നിര്‍ത്താത്ത വിരലുകള്‍ നമുക്ക് സമ്മാനിക്കുന്നത്.
ഒരു വ്യക്തി എന്ത് കാണണം, എന്ത് ചിന്തിക്കണം എന്ന് അല്‍ഗോരിതങ്ങളും സോഷ്യല്‍ മീഡിയയും തീരുമാനിക്കുന്നു. ഏതാണ് സത്യം, ഏതാണ് അസത്യം എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. നമ്മള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മാത്രം വീണ്ടും വീണ്ടും കാണുന്നത് വഴി നമ്മുടെ ചിന്താഗതികള്‍ ഇടുങ്ങിയതാകുന്നു. സാങ്കേതികവിദ്യ വളരുമ്പോഴും മനുഷ്യന്‍ തന്റെ സ്വാഭാവികമായ സാമൂഹിക ബന്ധങ്ങളില്‍ നിന്നും ആരോഗ്യകരമായ ശീലങ്ങളില്‍ നിന്നും അകന്നുപോകുന്നു എന്നതാണ് കൈപ്പേറിയ അനുഭവം.
ആരോഗ്യപ്രശ്‌നങ്ങള്‍
ഒരു ദിവസം ഒരു വ്യക്തി ശരാശരി അഞ്ച് മണിക്കൂര്‍ ഫോണില്‍ ചെലവഴിക്കുന്നുണ്ട്. അതില്‍ 70 ശതമാനം സമയം സോഷ്യല്‍ മീഡിയയില്‍ അഭിരമിക്കുന്നു. ഇത് ഉറക്കം കുറയാനും സ്വാഭാവിക ജൈവികാവസ്ഥക്ക് ഭംഗം വരാനും കാരണമാകുന്നു. സോഷ്യല്‍ മീഡിയയുടെ ഉപയോഗം ഏറ്റവും കൂടുതല്‍ രാത്രികാലത്താണ്. ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഫോണ്‍ ഉപയോഗം ശരീരത്തിനെ ഉറങ്ങാന്‍ സഹായിക്കുന്ന മേലോട്ടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു. മൊബൈല്‍ സ്‌ക്രീനില്‍ നിന്നുള്ള വെളിച്ചം തലച്ചോറിനെ പകലാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ക്രമേണ പകല്‍ സമയത്ത് ക്ഷീണാവസ്ഥ ഉണ്ടാക്കുന്ന ഇന്‍സോമനിയ പോലുള്ള അവസ്ഥയിലേക്ക് മനുഷ്യനെ തള്ളിവിടുന്നു.
ദീര്‍ഘനേരം ഒരേ ഇരിപ്പില്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ണിന്റെ കാഴ്ചശക്തി കുറയുന്നതിനും കാരണമാകുന്നു. നടുവേദന, കഴുത്ത് വേദന എന്നിവയും ഇതിന്റെ ഉപോത്പന്നമാണ്. ചെറിയ വീഡിയോകളും റീലുകളും ഷോട്ടുകളും നിരന്തരം സ്‌ക്രോള്‍ ചെയ്യുന്നത് മനുഷ്യന്റെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവായ അറ്റന്‍ഷന്‍സ് സ്പാനിനെ കുറയ്ക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം മസ്തിഷ്‌കത്തിന് വാര്‍ധക്യം ഉണ്ടാക്കുന്നു എന്ന ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ പഠന റിപോര്‍ട്ടുകള്‍ പുറത്തുവന്നതാണ്. സ്‌ക്രീന്‍ അടിമത്തം തലച്ചോറിനെ ബാധിക്കുന്നു.
നാഡീവ്യൂഹത്തില്‍ തകരാറുണ്ടാക്കുന്നു. അമിതമായ സ്‌ക്രീന്‍ ഉപയോഗം തലച്ചോറിലെ ഗ്രേ മാറ്റര്‍ കുറയാന്‍ കാരണമാകുന്നു. ഇത് തീരുമാനങ്ങളെടുക്കുന്നതിനുള്ള കഴിവ്, ഓര്‍മശക്തി, ഏകാഗ്രത എന്നിവയെ ദോഷകരമായി ബാധിക്കും. സ്‌ക്രീന്‍ ഉപയോഗം ദഹന വ്യവസ്ഥയെയും ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍. രാത്രിയിലെ നീല വെളിച്ചം ഉറക്കം കെടുത്തുന്നത് വഴി കുടലിലെ നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നു. ഇത് ശരീരത്തിലും തലച്ചോറിലും വീക്കം ഉണ്ടാക്കുകയും അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ കാര്യം
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ഇന്ത്യയിലെ മൂന്നിലൊന്ന് യുവാക്കളും ഏതെങ്കിലും തരത്തിലുള്ള ഒരു സോഷ്യല്‍ മീഡിയയുടെ ആസക്തിക്ക് അടിമയാണ്. ഇന്ത്യയില്‍ വിദ്യാര്‍ഥികളില്‍ 72.7 ശതമാനവും എട്ട് മണിക്കൂറില്‍ താഴെ മാത്രമാണ് ഉറങ്ങുന്നത്. 15 മിനുട്ട് സൂര്യപ്രകാശം ശരീരത്തിനേറ്റാല്‍, ശരീരത്തിലെ ബയോളജിക്കല്‍ ക്ലോക്ക് ശരിയായി പ്രവര്‍ത്തിക്കും. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം കാരണം ഇതിന് സാധിക്കുന്നില്ല.
എന്താണ് പരിഹാരം
സോഷ്യല്‍ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കുന്നത് വെറും അച്ചടക്കത്തിന്റെ ഭാഗമല്ല, മറിച്ച് നമ്മുടെ തലച്ചോറിനെയും ശരീരത്തെയും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള ഒരു പ്രധാന നടപടി കൂടിയാണ്. അടിയന്തരമായി ഫോണിലെ ആപ്പ് ലിമിറ്റുകള്‍ സെറ്റ് ചെയ്യണം. നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്യുകയും ശബ്ദമുണ്ടാക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. കൂടാതെ കിടപ്പുമുറിയിലും ഭക്ഷണം കഴിക്കുന്ന സമയത്തും ഫോണ്‍ഫ്രീ സോണാക്കി മാറ്റുക. ഫോണ്‍ മനുഷ്യനെ നിയന്ത്രിക്കുന്നതിന് പകരം ഫോണിനെ മനുഷ്യന്‍ നിയന്ത്രിക്കണം. സോഷ്യല്‍ മീഡിയയില്‍ കാണുന്നത് എല്ലാം വസ്തുതകളല്ല, പലപ്പോഴും എഡിറ്റ് ചെയ്ത ചിത്രങ്ങളും കൃത്രിമമായി നിര്‍മിച്ച സന്തോഷങ്ങളുമാണ്. വ്യാജവാര്‍ത്തകളുടെ പെരുമഴയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ആ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ സാധിക്കണം.
2025-2026ലെ ഗ്ലോബല്‍ മൈന്‍ഡ് ഹെല്‍ത്ത് റിപോര്‍ട്ട് പ്രകാരം യുവാക്കളുടെ മാനസികാവസ്ഥ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഏറ്റവും താഴ്ന്ന നിലയിലാണ്. 18- 24 വയസ്സുകള്‍ക്കിടയിലുള്ളവരില്‍ ഉത്കണ്ഠയും വിഷാദവും വര്‍ധിക്കുന്നു. യുവാക്കളില്‍ ഡിജിറ്റല്‍ ഐസൊലേഷന്‍ അനുഭവപ്പെടുന്നു. ഒരു വീട്ടിലെ നാല് പേരും ഒരേ മുറിയില്‍ ഇരുന്ന് നാല് ഫോണുകളില്‍ ലോകം കാണുന്നു. തൊട്ടടുത്ത് ഇരിക്കുന്നവരോട് പോലും സംസാരിക്കാന്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന അവസ്ഥ. ശാരീരികമായി അടുത്താണെങ്കിലും മാനസികമായി ആളുകള്‍ അകലുന്നു. ശരീരഭാഷയില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. ബോധപൂര്‍വമായ ഇടപെടലിലൂടെ മാത്രമേ നമുക്കിതിനെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ.



