Connect with us

Articles

തണുപ്പുതേടി പാന്പുകളെത്തും; ജാഗ്രത വേണം

ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് കുഞ്ഞ് മരിച്ചതിൽ കുടുംബം ആശുപത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ഡോക്ടർ ഒന്ന് തൊട്ടുനോക്കാൻ പോലും തയ്യാറായില്ലെന്നും ചികിത്സയിലുണ്ടായ വീഴ്ചയാണ് മരണ കാരണമെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കുട്ടിയുടെ രക്തസാമ്പിളെടുത്ത് നടത്തിയ പരിശോധനയിൽ വിഷ സാന്നിധ്യം കണ്ടെത്താനായില്ലെന്നത് ലാബ് പരിശോധനയിലുണ്ടായ വീഴ്ച വ്യക്തമാക്കുന്നതാണ്. പലയിടത്തും ആന്റിവെനം ലഭ്യമല്ലെന്നും പരാതിയുണ്ട്

Published

|

Last Updated

രണ്ട് കുഞ്ഞുങ്ങളടക്കം മൂന്ന് പേരാണ് അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചത്. വേനൽ കടുത്തതോടെ തണുപ്പ് കൊള്ളാൻ പാമ്പുകൾ നാടിറങ്ങിയത് മൂലം പാമ്പുകടി സ്ഥിരം വാർത്തയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് വീടിനുള്ളിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങാൻ കിടന്ന ചിറയൻകീഴ് സ്വദേശിയായ രണ്ട് വയസ്സുകാരൻ ദിക്ഷലിന് പാമ്പുകടിയേറ്റത്. തൃശൂർ കൊടകരയിൽ സഹോദരനൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് തലയിണക്കിടയിൽ നിന്ന് പാമ്പുകടിയേറ്റ് എട്ട് വയസ്സുകാരൻ ആൽജോ മരിച്ചത്. പരുക്കേറ്റ സഹോദരൻ അനോഷ് ചികിത്സയിലാണ്.
ഭയമാണ്
വനം വകുപ്പിന്റെ കണക്കുകൾ പ്രകാരം 2016- 17 മുതൽ 2025- 26 വരെയുള്ള കാലയളവിൽ 598 പേരാണ് പാമ്പുകടിയേറ്റ് മരിച്ചത്. കഴിഞ്ഞ വർഷം മാത്രം 26 പേർ മരിച്ചു. മനുഷ്യ- വന്യജീവി സംഘർഷത്തിൽ സംസ്ഥാനത്തുണ്ടായ 904 മരണങ്ങളിൽ 574 എണ്ണവും പാമ്പുകടിയേറ്റാണ്. മനുഷ്യജീവനെടുക്കുന്നതിൽ ആനകളേക്കാളും കടുവകളേക്കാളും ബഹുദൂരം മുന്നിലാണ് പാമ്പുകൾ.

പാമ്പുകൾ മനുഷ്യ സാന്നിധ്യം തീരെ ഇഷ്ടപ്പെടാത്ത ജീവികളാണ്. മനുഷ്യരെ പൊതുവേ ഭയമാണ്. ശാന്തമായി സഞ്ചരിക്കുക, വിശക്കുമ്പോൾ മാത്രം ഇര തേടുക, ഭക്ഷണശേഷം വിശ്രമിക്കുക എന്നിവയാണ് രീതി. വേനൽ കടുത്തതോടെ തണുപ്പ് തേടിയാണ് പാമ്പുകൾ നാടിറങ്ങിത്തുടങ്ങിയത്. വീടിനുള്ളിലും പരിസരത്തും വിറകുപുരകളിലും കാലിത്തൊഴുത്തിലും ചുമരുകളിലെ വിള്ളലുകളിലും കാറുകളുടെ ബോണറ്റുകളിലും ഹെൽമെറ്റിനുള്ളിലും പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയേറെയാണ്. വീടിനു മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കമ്പുകളിലൂടെയും ജനലിലൂടെയും വാതിലുകളിലൂടെയുമെല്ലാം പാമ്പുകൾ വീടിനകത്തെത്താനിടയുണ്ട്. മരക്കമ്പുകൾ വെട്ടിമാറ്റിയും ജനലിനും വാതിലിനും കൊതുക് വലകളിട്ടും ഇഴജന്തുകളെ തടയാനാകും. വീടിന്റെ ഭിത്തിയിലും അടിയിലുമുള്ള വിള്ളലുകളടച്ചും മുറ്റത്തും തൊടിയിലുമുള്ള മാളങ്ങൾ മണ്ണിട്ട് മൂടിയും പാമ്പുകളുടെ പ്രവേശനം തടയാം. പുറത്ത് ഉണക്കാനിടുന്ന വസ്ത്രങ്ങൾ കുടഞ്ഞ് വൃത്തിയാക്കാതെ നേരിട്ട് ബെഡിലോ മറ്റോ കൊണ്ടു വന്നിടുന്നത് വഴി അതിനുള്ളിൽ ചുരുണ്ട് കൂടിയിരിക്കുന്ന പാമ്പുകൾക്ക് വീട്ടിലെത്താൻ വഴിയൊരുക്കും. വീടിനകത്ത് നിന്ന് പുറത്തേക്കുള്ള പൈപ്പുകൾ ലോഹമോ മറ്റോ ഉപയോഗിച്ച് അടയ്ക്കുകയോ നേരിട്ട് ഡ്രെയിനേജിലേക്ക് തിരിച്ചുവിടുകയോ ചെയ്യണം. വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും ഹെൽമെറ്റും ഷൂസും ഉപയോഗത്തിന് മുമ്പ് തട്ടിക്കുടയണം. ഭക്ഷ്യമാലിന്യങ്ങൾ പുറത്തേക്കിടാതിരിക്കുകയും എലി വരാനുള്ള സാധ്യതയില്ലാതാക്കുകയും ചെയ്യണം. എലികളുടെയും വീട്ടിൽ വളർത്തുന്ന പക്ഷികളുടെയും സാന്നിധ്യം പാമ്പുകളെ വിളിച്ച് വരുത്തുന്നതാണ്.
കുട്ടികൾ
വീട്ടുമുറ്റത്തെ ജലാശയങ്ങളിലെ മത്സ്യത്തിന്റെയും തവളകളുടെയും സാന്നിധ്യം പാമ്പുകളുടെ വരവിന് വഴിയൊരുക്കും. വിറക്, ചിരട്ട, ചകിരി തുടങ്ങിയവ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും തണുപ്പ് തേടി പാമ്പുകളെത്താനുള്ള സാധ്യതയേറെയാണ്. വീടിന് പുറത്ത് കിടന്നുറങ്ങുന്ന സാഹചര്യമൊഴിവാക്കുകയും അവധിക്കാലം കൂടിയായതിനാൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. വിഷമുള്ള പാമ്പുകളാണ് കടിച്ചതെങ്കിൽ, കടിയേറ്റ ഭാഗം വീർത്തുവരികയും വേദന അനുഭവപ്പെടുകയും ചെയ്യും. രക്തസ്രാവം, കണ്ണിന്റെ പോള താഴൽ, ശബ്ദം കുറയൽ, ശ്വാസം മുട്ടൽ, വായിൽ നിന്ന് നുരയും പതയും വരൽ, ഛർദി എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. വലിയ അളവിൽ വിഷം ശരീരത്തിൽ പ്രവേശിച്ചാൽ ശ്വാസതടസ്സം മൂലം വേഗം മരണം സംഭവിക്കാനിടയുണ്ട്.

ഓരോ നിമിഷവും പ്രധാനം
പാമ്പുകടിയേറ്റതിനു ശേഷമുള്ള ഓരോ നിമിഷവും അതി പ്രധാനമാണ്. സ്വയം ചികിത്സിക്കാതെ രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. കടിയേറ്റയാളുടെ ശരീരചലനം കഴിയുന്നത്ര കുറയ്ക്കാൻ ശ്രമിക്കണം. പരിഭ്രമവും ഓടിരക്ഷപ്പെടാനുള്ള ശ്രമവും ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കുകയും ഹൃദയം, തലച്ചോർ, വൃക്കകൾ എന്നിവിടങ്ങളിലേക്ക് വിഷം പെട്ടെന്ന് എത്തിക്കുകയും സാഹചര്യം ഗുരുതരമാക്കുകയും ചെയ്യും. കടിയേറ്റ ഭാഗം ഹൃദയത്തിനേക്കാൾ താഴ്ന്നു നിൽക്കുന്നവിധം ക്രമീകരിക്കുന്നത് വിഷം കലർന്ന രക്തയോട്ടം നിയന്ത്രിക്കാൻ സഹായകരമാകും. കൈയിലോ കാലിലോ കടിയേറ്റാൽ അവ ഉയർത്തിപ്പിടിക്കരുത്. പാമ്പുകടിയേറ്റാൽ രോഗിയെ സമാധാനിപ്പിക്കുക, കടിയേറ്റ ഭാഗം അനക്കാതിരിക്കുക, എത്രയും വേഗം ആശുപത്രിയിലെത്തിക്കുക, കടിയേറ്റത് മുതൽ രോഗിയിൽ കാണുന്ന ലക്ഷണങ്ങളെല്ലാം ഡോക്ടറോട് പറയുക എന്നിവ പ്രധാനമാണ്. ന്യൂറോ ടോക്‌സിൻ വിഭാഗത്തിൽപ്പെടുന്ന ശംഖുവരയൻ, മൂർഖൻ, രാജവെമ്പാല എന്നിവയുടെ വിഷം നാഡിവ്യൂഹത്തെ ബാധിക്കുകയും ശ്വസനപ്രക്രിയയെ അപകടത്തിലാക്കുകയും ചെയ്യും. ഹീമോടോക്‌സിൻ വിഭാഗത്തിൽപ്പെടുന്ന അണലിയുടെ വിഷം രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുകയും രക്തം കട്ടപിടിക്കുന്നതിനെ ഇല്ലാതാക്കുകയും ക്രമേണ ഹൃദയം, വൃക്കകൾ, ശ്വാസകോശം, പേശികൾ തുടങ്ങിയ അവയവങ്ങളെ അപകടത്തിലാക്കുകയും ചെയ്യും. കടിച്ച പാമ്പിനെ കണ്ടെത്തുന്നത് ചികിത്സക്ക് ഗുണകരമാകുമെങ്കിലും പാമ്പിനെ തേടി സമയം നഷ്ടപ്പെടുത്തുന്നതിന് മുമ്പ് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടത്. ആന്റിവെനം ഇവിടെ കാണപ്പെടുന്ന എല്ലാ പാമ്പുകളുടെയും വിഷത്തിനെതിരെ പ്രവർത്തിക്കുന്നതായതിനാൽ പാമ്പിനെ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ചികിത്സ കൃത്യമായിരിക്കും.

രക്തയോട്ടം
മുറിവിൽ തുണിവെച്ച് കെട്ടുന്നത്, കെട്ട് മുറുകി കടിയേറ്റ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം തടയാനുള്ള സാധ്യതയുള്ളതിനാൽ ഒഴിവാക്കുന്നതാകും നല്ലത്. ഇനി കെട്ടുകയാണെങ്കിൽ തന്നെ അയവ് വരുത്തണം. മുറിവിൽ ഐസ് വെക്കുന്നതും ചൂട് വെള്ളമൊഴിക്കുന്നതും തീവെച്ച് പൊള്ളലേൽപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. മുറിവിൽ നിന്ന് രക്തം വലിച്ചെടുത്ത് തുപ്പിക്കളയാൻ ശ്രമിക്കുന്നത് വലിച്ചെടുക്കുന്ന വ്യക്തിക്ക് വിഷബാധയേൽപ്പിക്കും. കടിയേറ്റ ശേഷം ചായ, കാപ്പി പോലുള്ള പാനീയങ്ങൾ കഴിക്കുന്നതും മദ്യവും പുകയിലയും ഉപയോഗിക്കുന്നതും ഒഴിവാക്കണം. മദ്യത്തിലും പുകയിലയിലും അടങ്ങിയിരിക്കുന്ന നിക്കോട്ടിനും ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീനും രക്തക്കുഴലുകളെ വികസിപ്പിച്ച് വിഷം വളരെ പെട്ടെന്ന് രക്തത്തിൽ കലരാൻ വഴിയൊരുക്കും.

കണക്കുകൾ
അതേസമയം കേരളത്തിൽ പാമ്പുകടി മൂലമുള്ള മരണങ്ങൾ കുറഞ്ഞുവരുന്നതായാണ് വനം വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2018-19 കാലയളവിൽ 123 പേര് മരിച്ച സ്ഥാനത്ത് “സർപ്പ’ പദ്ധതിയിലൂടെ 2025-26 വർഷത്തിൽ 18 ആയി കുറഞ്ഞു. അഞ്ച് വർഷത്തിനിടയിൽ മരണനിരക്ക് ആറിലൊന്നായി കുറക്കാൻ സാധിച്ചു. 2030 ഓടെ പാമ്പുകടി മൂലമുള്ള മരണങ്ങൾ പൂർണമായും ഇല്ലാതാക്കാനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. പാമ്പുകടി മരണങ്ങൾ കുറയ്ക്കാൻ പ്രത്യേക കർമപദ്ധതിക്ക് വനംവകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. പരിശീലനം നേടിയ 3,600 ഓളം വളണ്ടിയർമാരുടെ സേവനം പഞ്ചായത്ത്തലത്തിൽ ലഭ്യമാണ്. താലൂക്ക്തലം മുതലുള്ള എല്ലാ ആശുപത്രികളിലും ആന്റിവെനം ലഭിക്കുമെന്നും സർക്കാർ പറയുന്നു.
ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് കുഞ്ഞ് മരിച്ചതിൽ കുടുംബം ആശുപത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ഡോക്ടർ ഒന്ന് തൊട്ടുനോക്കാൻ പോലും തയ്യാറായില്ലെന്നും ചികിത്സയിലുണ്ടായ വീഴ്ചയാണ് മരണ കാരണമെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കുട്ടിയുടെ രക്തസാമ്പിളെടുത്ത് നടത്തിയ പരിശോധനയിൽ വിഷ സാന്നിധ്യം കണ്ടെത്താനായില്ലെന്നത് ലാബ് പരിശോധനയിലുണ്ടായ വീഴ്ച വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്ത് പലയിടത്തും ആന്റിവെനം ലഭ്യമല്ലെന്നും പരാതിയുണ്ട്. പാമ്പുകടിയേറ്റുള്ള മരണങ്ങൾ പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള “പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം’ എന്ന പദ്ധതിക്കായി 2025ലെ സംസ്ഥാന ബജറ്റിൽ 25 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും പദ്ധതി ഇപ്പോഴും മുടങ്ങിക്കിടക്കുകയാണ്. നിലവിൽ ചെന്നെയിലെ ഇരുള ട്രൈബൽ കോ- ഓപറേറ്റീവ് സൊസൈറ്റിയിൽ നിന്നാണ് കേരളത്തിലേക്കുള്ള ആന്റിവെനം എത്തുന്നത്. ആന്റിവെനം കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കാൻ പദ്ധതി ലക്ഷ്യമിട്ടിരുന്നെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രാലയം തടയുകയായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും സെന്ററുകൾ വേണ്ടെന്നും ദക്ഷിണേന്ത്യയിൽ ചെന്നൈ ആസ്ഥാനമായി ആന്റിവെനം ഉത്പാദിപ്പിച്ചാൽ മതിയെന്നുമായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.

വെന്റിലേറ്റർ
മൂർഖൻ, ശംഖുവരയൻ പോലുള്ള നാഡിവ്യവസ്ഥയെ ബാധിക്കുന്ന പാമ്പുകളാണ് കടിച്ചതെങ്കിൽ ശ്വാസം തടസ്സം മൂലം വെന്റിലേറ്റർ ആവശ്യമായി വരും. ആന്റിവെനം ലഭ്യമാക്കുന്നതോടൊപ്പം വെന്റിലേറ്റർ സൗകര്യം കൂടി ആശുപത്രികൾ ഉറപ്പു വരുത്തേണ്ടതുണ്ട്. ആന്റി വെനം അലർജിയുണ്ടാക്കാൻ ഏറെ സാധ്യതയുള്ളതിനാൽ അലർജി ചികിത്സിക്കാനുള്ള സൗകര്യവും വേണം. പൊതുജനങ്ങളുടെ ജാഗ്രതയും സർക്കാറിന്റെ കരുതലും കൂടെയുണ്ടായാൽ മാത്രമേ ഈ ദുരിതത്തെയും നമുക്ക് തോൽപ്പിക്കാനാകൂ.