Connect with us

Kerala

താന്‍ പൊട്ടിമുളച്ചു വന്ന നേതാവല്ല; സൈക്കളില്‍ സഞ്ചരിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല

ഇന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതിയാല്‍ നേതാവാകുമെന്നും ചെന്നിത്തല പറഞ്ഞു

Published

|

Last Updated

കൊച്ചി |  പൊട്ടിമുളച്ചുവന്ന നേതാവല്ല താനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ഥാനമല്ല, പാര്‍ട്ടിയാണ് വലുതെന്നും കെപിസിസി അധ്യക്ഷന്റെ വിലക്കുള്ളതിനാല്‍ മുഖ്യമന്ത്രി ചര്‍ച്ചകളെപ്പറ്റി കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ചെന്നിത്തല പറഞ്ഞു. സൈക്കിളില്‍ സഞ്ചരിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതിയാല്‍ നേതാവാകുമെന്നും കൊച്ചിയിലെ പികെ ഡീവര്‍ അനുസ്മരണ പരിപാടിയില്‍ ചെന്നിത്തല പറഞ്ഞു

കെഎസ്യു ട്രഷറര്‍ പദവിയിലുണ്ടായിരുകാലത്ത് ആരും ഫണ്ട് തന്റെ കയ്യില്‍ തന്നിരുന്നില്ല. അന്ന് സുധീരനാണ് അതൊരു അലങ്കാര പദവിയെന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം വിവരിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല താന്‍ പൊട്ടി വീണ ആളല്ലെന്ന് ഓര്‍മിപ്പിച്ചത്. ഒരുപാട് കഷ്ടതകളും പ്രയാസങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് ഈ നിലയിലെത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

ലോഡ് ഷെഡിങ് ഇല്ലാത്ത പത്ത് വര്‍ഷം എന്നത് പൊള്ളായെന്ന് തെളിഞ്ഞെന്നും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആണ് കേരളത്തിലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഡി സതീശന് വേണ്ടി കണ്ണൂരിലും ആലുവയിലും ഫ്ലക്സ് ഉയര്‍ന്ന സംഭവത്തില്‍ പ്രതികരിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറായില്ല.

അതേ സമയം, രമേശ് ചെന്നിത്തലയെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ രംഗത്തെത്തി. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവല്ലാത്തപ്പോഴും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇനിയും ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ രമേശ് ചെന്നിത്തലക്കാകുമെന്നും സുധീരന്‍ പറഞ്ഞു.

 

Latest