Connect with us

Ongoing News

ഫോം വീണ്ടെടുത്ത് സഞ്ജു; സി എസ് കെ ജേഴ്സിയിൽ സംഹാരതാണ്ഡവം, സെഞ്ചുറി; ധോണിയുടെ റെക്കോർഡും തകർന്നു!

സീസണിലെ തന്റെ നാലാം മത്സരത്തിൽ തന്നെ സെഞ്ചുറി കുറിച്ച സഞ്ജു, ചെന്നൈ സൂപ്പർ കിങ്‌സ് ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും സ്വന്തമാക്കി.

Published

|

Last Updated

ചെന്നൈ | ഐ പി എൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു സാംസൺ. സീസണിലെ ആദ്യ മത്സരങ്ങളിൽ ബാറ്റിങ്ങിൽ താളം കണ്ടെത്താൻ കഴിയാതെ ആരാധകരെ നിരാശപ്പെടുത്തിയ സഞ്ജു, തന്റെ പഴയ ഫോം വീണ്ടെടുത്ത് കരുത്തുറ്റ തിരിച്ചുവരവാണ് നടത്തിയത്.

സീസണിലെ തന്റെ നാലാം മത്സരത്തിൽ തന്നെ സെഞ്ചുറി കുറിച്ച സഞ്ജു, ചെന്നൈ സൂപ്പർ കിങ്‌സ് ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ വെറും 56 പന്തിൽ നിന്ന് 115 റൺസെടുത്ത് സഞ്ജു പുറത്താകാതെ നിന്നു. 15 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. 52 പന്തിലാണ് താരം മൂന്നക്ക സംഖ്യ തൊട്ടത്.

ഐ പി എല്ലിൽ ഒരു ചെന്നൈ വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന എം എസ് ധോണിയുടെ റെക്കോർഡും സഞ്ജു ഇതോടെ മറികടന്നു. 2019ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ധോണി നേടിയ 84 റൺസായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. കഴിഞ്ഞ മത്സരങ്ങളിൽ കാലുകളുടെ ചലനത്തിലും ഫീൽഡ് പ്ലേസിംഗിലുമെല്ലാം പതർച്ച കാണിച്ചിരുന്ന സഞ്ജു, ഈ മത്സരത്തിൽ തന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി. സഞ്ജുവിന്റെ ഈ മിന്നും ഫോം ചെന്നൈ ആരാധകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

കൂടാതെ മൂന്ന് വ്യത്യസ്ത ഐ പി എൽ ഫ്രാഞ്ചൈസികൾക്കായി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം എന്ന പദവിയും സഞ്ജു സ്വന്തമാക്കി. കെ എൽ രാഹുലാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത്. ഡൽഹി ഡെയർഡെവിൾസ് (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്), രാജസ്ഥാൻ റോയൽസ് എന്നിവർക്കായാണ് സഞ്ജു മുൻപ് സെഞ്ചുറികൾ നേടിയിട്ടുള്ളത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സഞ്ജുവിന്റെ ബാറ്റിങ് കരുത്തിൽ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ ആയുഷ് മ്ഹാത്രെയോടൊപ്പം 113 റൺസിന്റെ കൂട്ടുകെട്ടാണ് സഞ്ജു പടുത്തുയർത്തിയത്. മ്ഹാത്രെ അർധസെഞ്ചുറി നേടി. റുതുരാജ് ഗെയ്ക്വാദ് പവർപ്ലേയിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ സഞ്ജുവിന്റെ ആക്രമണോത്സുകതയാണ് ചെന്നൈക്ക് മികച്ച തുടക്കം നൽകിയത്.

Summary

Sanju Samson rediscovered his form in style by scoring an unbeaten 115 off 56 balls for Chennai Super Kings against Delhi Capitals. This innings made him the first-ever wicketkeeper to hit a century for CSK, surpassing MS Dhoni’s record for the highest individual score by a designated keeper for the franchise. After a quiet start to the season, Samson’s fourth IPL hundred also saw him join KL Rahul as the only players to score centuries for three different IPL teams.

Latest