Connect with us

Editors Pick

പാമ്പുകടിയേറ്റാൽ എങ്ങനെ തിരിച്ചറിയാം? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!

പാമ്പുകടിയേറ്റാൽ മുറിവേറ്റ ഭാഗത്ത് രണ്ട് ചെറിയ ദ്വാരങ്ങൾ, കഠിനമായ വേദന, വീക്കം, ചുവപ്പ് നിറം എന്നിവ പ്രധാനമായും കാണപ്പെടുന്നു.

Published

|

Last Updated

കേരളത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന രണ്ട് കുട്ടികൾ പാമ്പുകടിയേറ്റ് മരിച്ച സംഭവം അതീവ ഗൗരവകരമായ സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചൂട് വർധിച്ചതോടെ പാമ്പുകൾ മാളങ്ങളിൽ നിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പാമ്പുകടിയേറ്റാൽ പ്രകടമാകുന്ന ലക്ഷണങ്ങളെക്കുറിച്ചും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വ്യക്തമായ അവബോധം ഓരോരുത്തർക്കും ഉണ്ടാകേണ്ടതുണ്ട്.

ലക്ഷണങ്ങൾ

എല്ലാ പാമ്പുകടിയും ഒരു മെഡിക്കൽ എമർജൻസിയായി പരിഗണിക്കണം എന്നതാണ് ആദ്യമായി മനസ്സിലക്കേണ്ട കാര്യം. പാമ്പുകടിയേറ്റാൽ മുറിവേറ്റ ഭാഗത്ത് രണ്ട് ചെറിയ ദ്വാരങ്ങൾ, കഠിനമായ വേദന, വീക്കം, ചുവപ്പ് നിറം എന്നിവ പ്രധാനമായും കാണപ്പെടുന്നു. ശ്വസിക്കാൻ പ്രയാസം അനുഭവപ്പെടുക, വായയിൽ നിന്ന് ഉമിനീർ ഒലിക്കുക, കാഴ്ച മങ്ങുക, ഛർദ്ദി, മുഖത്തോ കൈകാലുകളിലോ തരിപ്പ് അനുഭവപ്പെടുക എന്നിവയും പ്രാഥമിക ലക്ഷണങ്ങളാണ്.

പാമ്പുകടിയേറ്റാൽ മുറിവേറ്റ ഭാഗത്ത് രണ്ട് ചെറിയ ദ്വാരങ്ങൾ, കഠിനമായ വേദന, വീക്കം, ചുവപ്പ് നിറം എന്നിവ പ്രധാനമായും കാണപ്പെടുന്നു

റാറ്റിൽ സ്നേക്ക് പോലുള്ള വിഷപ്പാമ്പുകൾ കടിച്ചാൽ കണ്പോളകൾ തളരുക, രക്തസമ്മർദ്ദം കുറയുക, പേശി ബലഹീനത എന്നിവ പെട്ടെന്ന് പ്രകടമാകും. എന്നാൽ കോറൽ സ്നേക്ക് പോലുള്ളവ കടിച്ചാൽ ലക്ഷണങ്ങൾ പുറത്തുവരാൻ മണിക്കൂറുകൾ എടുത്തേക്കാം എന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. വീടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോൾ കടിയേറ്റാൽ പലപ്പോഴും കുട്ടികൾക്ക് അത് പെട്ടെന്ന് തിരിച്ചറിയാൻ കഴിയാതെ വരുന്നത് മരണസംഖ്യ ഉയരാൻ കാരണമാകുന്നു.

പ്രഥമശുശ്രൂഷകൾ

  • ശാന്തനായിരിക്കുക: പരിഭ്രമിക്കുമ്പോൾ ഹൃദയമിടിപ്പ് വർദ്ധിക്കുകയും വിഷം രക്തത്തിലൂടെ വേഗത്തിൽ പടരുകയും ചെയ്യും. രോഗിയെ ആശ്വസിപ്പിക്കുക.
  • അനക്കം കുറയ്ക്കുക: കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെയായി വരുന്ന രീതിയിൽ വെക്കുക. കടിയേറ്റ ഭാഗം ഒട്ടും അനക്കാതിരിക്കാൻ ശ്രദ്ധിക്കണം (ഒരു മരക്കഷ്ണമോ മറ്റോ വെച്ച് തുണി കൊണ്ട് കെട്ടി അനക്കം തടയാം).
  • ആഭരണങ്ങൾ മാറ്റുക: വീക്കം വരാൻ സാധ്യതയുള്ളതിനാൽ കടിയേറ്റ കയ്യിലോ കാലിലോ ഉള്ള മോതിരം, വള, പാദസരം, വാച്ച് എന്നിവ ഉടൻ മാറ്റണം.
  • മുറിവ് കഴുകുക: ലഭ്യമാണെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് സാവധാനം കഴുകാം.

ചെയ്യരുതാത്ത കാര്യങ്ങൾ

  • മുറിവ് കീറി രക്തം കളയാൻ ശ്രമിക്കരുത്.
  • വായ ഉപയോഗിച്ച് വിഷം വലിച്ചെടുക്കാൻ ശ്രമിക്കരുത്.
  • മുറിവിന് മുകളിലായി വള്ളി കൊണ്ടോ തുണി കൊണ്ടോ മുറുക്കി കെട്ടരുത്.ഇത് രക്തയോട്ടം നിലച്ച് ആ ഭാഗം നശിച്ചുപോകാൻ കാരണമാകും.
  • കഫീൻ അടങ്ങിയ പാനീയങ്ങൾ നൽകരുത്.
  • പച്ചമരുന്നുകളോ മറ്റ് നാട്ടുചികിത്സകളോ തേടി സമയം കളയരുത്.

ചികിത്സ

പാമ്പുകടിയേറ്റാൽ എത്രയും വേഗം ‘ആന്റി സ്നേക്ക് വെനം’ (ASV) ലഭ്യമായ ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഏക മാർഗ്ഗം. പാമ്പ് ഏതാണെന്ന് തിരിച്ചറിഞ്ഞാൽ ചികിത്സ എളുപ്പമാകും, എന്നാൽ അതിനായി പാമ്പിനെ പിടിക്കാനോ കൊല്ലാനോ ശ്രമിച്ച് സമയം കളയരുത്. മുറിവേറ്റ ഭാഗം ചലിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

പാമ്പുകടിയേറ്റാൽ എത്രയും വേഗം ‘ആന്റി സ്നേക്ക് വെനം’ (ASV) ലഭ്യമായ ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഏക മാർഗ്ഗം.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പാമ്പുകൾ കയറാൻ സാധ്യതയുള്ള വിള്ളലുകൾ അടയ്ക്കുക, രാത്രിയിൽ തറയിൽ കിടന്നുറങ്ങുന്നത് ഒഴിവാക്കുക എന്നിവയിലൂടെ ഇത്തരം അപകടങ്ങൾ ഒരു പരിധിവരെ തടയാനാകും. ആന്റിവെനം ചികിത്സയിലൂടെ ശരിയായ സമയത്ത് ഇടപെട്ടാൽ മിക്കവാറും എല്ലാ ജീവനുകളും രക്ഷിക്കാനാകും.

Summary

In light of recent tragic incidents in Kerala where children died from snake bites while sleeping, this report provides a comprehensive guide on identifying symptoms and providing first aid. It explains the physical signs of venomous bites, such as puncture wounds and respiratory issues, and debunks common myths like using tourniquets. The report stresses that immediate medical attention and antivenom treatment are the only effective ways to ensure survival.

Latest