Connect with us

Articles

നോയിഡയില്‍ നടക്കുന്നത് വര്‍ഗസമരം തന്നെ

ഈ സമരത്തില്‍ കൂലി വര്‍ധിപ്പിക്കണം എന്നാവശ്യപ്പെടുന്ന തൊഴിലാളികള്‍ മാത്രമല്ല ഉള്ളത്. പുതിയ മുതലാളിത്തത്തിന്റെ ഇരകളായി മാറിയ മറ്റു പലരും ഉണ്ട്. വികസനം എന്ന പേരില്‍ കുടിയൊഴിക്കപ്പെട്ട ഗ്രാമീണ കര്‍ഷകരും ദരിദ്രരും ഉണ്ട്. പലപ്പോഴും ബലം പ്രയോഗിച്ചും ന്യായമായ പ്രതിഫലം നല്‍കാതെയും കുടിയിറക്കപ്പെട്ടവര്‍ നോയിഡക്ക് ചുറ്റുമുള്ള യു പി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

Published

|

Last Updated

നോയിഡയില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ശക്തമായ തൊഴിലാളി സമരങ്ങളെ കേവലം പ്രാദേശികമോ താത്കാലികമോ ആയ ഉരുള്‍പൊട്ടലായി മാത്രം കാണാന്‍ കഴിയില്ല. പരമ്പരാഗത രീതിയിലുള്ള തൊഴില്‍ സമരമായും കാണാന്‍ കഴിയില്ല. ഉദാരീകരണത്തിന്റെ ഏറ്റവും പുതിയ കാലത്തെ വര്‍ഗസമരങ്ങളായി തന്നെ അവയെ കാണണം. സമൂഹത്തില്‍ നിലനില്‍ക്കുന്ന കമ്പോളാധിഷ്ഠിത വികസന പരിപ്രേക്ഷ്യത്തിന്റെ ഫലമായുണ്ടായ കടുത്ത ചൂഷണവും അരക്ഷിതാവസ്ഥയും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വളരെ കൂടുതല്‍ വര്‍ധിക്കുന്നതുമാണ് ഇതിന്റെ കാരണങ്ങള്‍. അതായത് ഭരണകൂടത്തിന്റെ നയങ്ങള്‍ (ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്) വഴി മൂലധന ശക്തികള്‍ക്ക് മനുഷ്യ, പ്രകൃതി വിഭവങ്ങള്‍ക്ക് മേല്‍ സര്‍വാധികാരം നല്‍കുന്നു.

നോയിഡ, ഇന്ത്യ മഹത്തായ സാമ്പത്തിക ശക്തിയായി വളരുന്നു എന്ന ഭരണാധികാരികളുടെ അവകാശവാദത്തിന്റെ നേര്‍ക്കാഴ്ചയാകുന്ന, ലോകത്തിനു മുന്നില്‍ ഇന്ത്യ തുറന്നു വെച്ചിരിക്കുന്ന വാതിലുകളില്‍ ഒന്നാണത്. ഇതാ ഇവിടെ ഒരു തടസ്സങ്ങളുമില്ലാതെ കടുത്ത ചൂഷണവ്യവസ്ഥകളില്‍ ഉത്പാദനപ്രക്രിയ നടക്കുന്നു എന്ന് കാണിക്കുന്ന വാതില്‍.
വളരെ കുറഞ്ഞ കൂലി മാത്രം ലഭിക്കുകയും യാതൊരുവിധ തൊഴില്‍ സുരക്ഷയും ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലുള്ള തൊഴിലാളികളാണ് സമരം ആരംഭിച്ചത്. തൊഴില്‍ നിയമങ്ങളില്‍ 2019ല്‍ വരുത്തിയ തൊഴിലാളിവിരുദ്ധ ഭേദഗതികളാണ് ഈ അവസ്ഥക്ക് കാരണമാകുന്നത്. പഴയ കാലത്തെ വലിയ ഫാക്ടറികളില്‍ കേന്ദ്രീകരിക്കപ്പെട്ട തൊഴിലാളികളല്ല അവര്‍. വികേന്ദ്രീകൃത ഉത്പാദന ഘടനയുടെ ഫലമായി ശിഥിലീകരിക്കപ്പെട്ട കൂട്ടങ്ങളാണ്. അതുകൊണ്ട് തന്നെ ഒരു കേന്ദ്രീകൃത ട്രേഡ് യൂനിയന്‍ നേതൃത്വം എന്ന സങ്കല്‍പ്പത്തിനു തന്നെ പ്രസക്തിയില്ല. അതുകൊണ്ട് ഏറെ മുന്‍കൂട്ടി തീരുമാനിച്ച് സമരം നടത്താന്‍ അവര്‍ക്കാകില്ല. പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്നതും ഒറ്റപ്പെട്ടതുമായ സമരങ്ങളാണ് ഇവയെല്ലാം. എന്നാല്‍ അവര്‍ തമ്മില്‍ സംഘടനാപരമല്ലാത്ത ഒരു പരസ്പര ബന്ധം രൂപപ്പെട്ടു. പുതിയകാല സാമൂഹിക മാധ്യമങ്ങളിലൂടെയാണിത് സംഭവിക്കുന്നത്. ഒപ്പം അസംഘടിത തൊഴില്‍ മേഖലയിലും നഗര ദരിദ്രര്‍ക്കിടയിലും പ്രവര്‍ത്തിക്കുന്ന നിരവധി സന്നദ്ധ സംഘടനകളും ഇവരെ സഹായിക്കുന്നുണ്ട്.
കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം ഗ്രാമം വിട്ട് ജീവിതമാര്‍ഗം തേടി നഗരത്തിലെത്തിയവരാണ് ഈ തൊഴിലാളികളില്‍ നല്ലൊരു പങ്കും എന്നതിനാല്‍ തത്കാലം പിടിച്ചു നില്‍ക്കാന്‍ വേണ്ടി എത്ര മോശപ്പെട്ട കൂലിയിലും സേവന വ്യവസ്ഥയിലും തൊഴില്‍ ചെയ്യാന്‍ അവര്‍ തയ്യാറാകുന്നു. എന്നാല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാകുമ്പോള്‍ ഗതികെട്ട് അവര്‍ സമര രംഗത്ത് വരുന്നു.
ഈ സമരത്തില്‍ കൂലി വര്‍ധിപ്പിക്കണം എന്നാവശ്യപ്പെടുന്ന തൊഴിലാളികള്‍ മാത്രമല്ല ഉള്ളത്. പുതിയ മുതലാളിത്തത്തിന്റെ ഇരകളായി മാറിയ മറ്റു പലരും ഉണ്ട്. വികസനം എന്ന പേരില്‍ കുടിയൊഴിക്കപ്പെട്ട ഗ്രാമീണ കര്‍ഷകരും ദരിദ്രരും ഉണ്ട്. പലപ്പോഴും ബലം പ്രയോഗിച്ചും ന്യായമായ പ്രതിഫലം നല്‍കാതെയും കുടിയിറക്കപ്പെട്ടവര്‍ നോയിഡക്ക് ചുറ്റുമുള്ള യു പി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. വികസനത്തിന്റെ മുഖമുദ്രയായി ഉയര്‍ത്തിക്കാട്ടുന്ന ഒരു പ്രധാന മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. ഭൂമി ഏറ്റെടുക്കല്‍ പ്രധാനമായും ഇവര്‍ക്കു കൂടി വേണ്ടിയാണ്. അതിഭീമന്‍ കോര്‍പറേറ്റുകളാണ് ഈ മേഖല വാഴുന്നത്. ഇടത്തരക്കാര്‍ നഗരത്തില്‍ തലചായ്ക്കാനൊരിടം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കിട്ടാവുന്നത്ര കടം വാങ്ങി ഈ കമ്പനികള്‍ക്ക് പണം നല്‍കുന്നു. വലിയ പരസ്യങ്ങളും രാഷ്ട്രീയ പിന്‍ബലവും വഴി ഈ കോര്‍പറേറ്റുകള്‍ ജനങ്ങളെ മയക്കുന്നു (കൈവശമുള്ള അധിക പണവും കള്ളപ്പണവും നിക്ഷേപിക്കുന്നവരും ഇതിന്റെ ഭാഗമാകുന്നുണ്ട്). ഈ റിയല്‍ എസ്റ്റേറ്റ് രംഗം പലപ്പോഴും കുമിള പോലെ തകര്‍ന്നു പോകാറുണ്ട്. 2008ല്‍ യു എസ് അടക്കമുള്ള രാജ്യങ്ങളില്‍ ഉണ്ടായ മാന്ദ്യത്തിന്റെ അടിസ്ഥാനം തന്നെ കുമിള പോലെ വീര്‍പ്പിക്കപ്പെട്ട റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തകര്‍ച്ചയായിരുന്നു. ജനങ്ങളുടെയും ബേങ്കുകളുടെയും പണം വാങ്ങി പെട്ടെന്ന് ഒരു ദിവസം ഇവര്‍ അപ്രത്യക്ഷരാകും. അല്ലെങ്കില്‍ പാപ്പരാകും. ഇങ്ങനെ വഞ്ചിക്കപ്പെട്ട വലിയൊരു വിഭാഗം ജനങ്ങള്‍ ഈ സമരത്തിലെത്തിയിട്ടുണ്ട്. നിരവധി റെസിഡന്റ്സ് അസ്സോസിയേഷനുകളാണ് ഇവരെ പ്രതിനിധാനം ചെയ്യുന്നത്. നിര്‍മാണം വളരെ വൈകുന്നതും നിര്‍മിച്ച് നല്‍കിയ വീടുകളില്‍ നേരിടുന്ന പ്രശ്‌നങ്ങളും ഇവരുടെ സമരങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ഇവര്‍ക്ക് പോരാട്ടങ്ങള്‍ക്ക് ധൈര്യം പകര്‍ന്നത് കര്‍ഷകര്‍ നടത്തിയ ധീരമായ പോരാട്ടങ്ങളാണ്. ദീര്‍ഘകാലം വിട്ടുവീഴ്ചയില്ലാതെ അവര്‍ നടത്തിയ സമരങ്ങള്‍ മൂലം കേന്ദ്ര സര്‍ക്കാറിന് അവര്‍ പാസ്സാക്കിയ നിയമങ്ങള്‍ റദ്ദാക്കേണ്ടി വന്നുവല്ലോ. മാര്‍ക്‌സിസ്റ്റ് വിശകലന രീതികള്‍ വെച്ചു കൊണ്ട് പറഞ്ഞാല്‍ ഇത് വര്‍ഗസമരം തന്നെയാണ്. നിലവിലുള്ള സമൂഹത്തിലെ സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതും തൊഴില്‍ ശക്തിയുടെ മൂല്യം അഥവാ കൂലി കുറയുന്നതും തൊഴില്‍ സുരക്ഷ ഇല്ലാതാകുന്നതും വര്‍ഗവിഭജനം മൂര്‍ച്ഛിപ്പിക്കും. ഭരണകര്‍ത്താക്കള്‍ എപ്പോഴും ചൂഷകനൊപ്പമായിരിക്കും. സമരങ്ങളെ അവര്‍ ശക്തി പ്രയോഗിച്ച് അടിച്ചമര്‍ത്തും. ചൂഷകരുടെ ലാഭത്തിന്റെ പങ്ക് കിട്ടുന്നവരായതിനാല്‍ രാഷ്ട്രീയ നേതൃത്വങ്ങളും ഇവര്‍ക്കൊപ്പമായിരിക്കും. താത്കാലികമായി ഭരണ, പ്രതിപക്ഷ, കക്ഷിരാഷ്ട്രീയ കളിയില്‍ ചിലരൊക്കെ സമരത്തിനെ സഹായിച്ചേക്കാം. പക്ഷേ ഭരണത്തില്‍ വന്നാല്‍ എല്ലാ കക്ഷികളും “മൂലധന സൗഹൃദ വികസന നയങ്ങള്‍’ നടപ്പാക്കുന്നവരാകും.

സാധാരണ വര്‍ഗസമരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ ജാതി എന്ന യാഥാര്‍ഥ്യവും ഈ സമരത്തില്‍ അടങ്ങിയിരിക്കുന്നു. ജാതിയും വര്‍ഗവും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധങ്ങളെ തിരിച്ചറിയാന്‍ കഴിയാത്തതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ത്യയില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി എന്ന് പലരും വിലയിരുത്തിയിട്ടുണ്ട്. മറിച്ച് ജാതിസ്വത്വ രാഷ്ട്രീയ പാര്‍ട്ടികള്‍ സമൂഹത്തിലെ വര്‍ഗ വൈരുധ്യത്തെ കണ്ടതുമില്ല. എന്നാല്‍ ഭരണകൂടത്തില്‍ സമ്പന്ന സവര്‍ണ ശക്തികള്‍ ഐക്യത്തോടെ നിലയുറപ്പിച്ചിട്ടുണ്ട്. അവര്‍ണ ദരിദ്രപക്ഷം വിഘടിച്ച് ശിഥിലീകൃതമാകുകയും ചെയ്യുന്നു. ഈ വിഷയം നന്നായി പഠിക്കുകയും അസ്പൃശ്യരുടെ നേതൃത്വത്തില്‍ ട്രേഡ് യൂനിയന്‍ ഉണ്ടാക്കുകയും ചെയത ഡോ. അംബേദ്കറുടെ പാത മാര്‍ക്‌സിസ്റ്റുകാരും അംബേദ്കറൈറ്റുകളും പിന്തുടരാന്‍ തയ്യാറായതും ഇല്ല. ഇതാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണമായത്.

സമരത്തെ പിന്തുണച്ചുകൊണ്ട് നിരവധി സ്വതന്ത്ര സംഘടനകളും ട്രേഡ് യൂനിയനുകളും രാഷ്രീയ കക്ഷികളും രംഗത്തു വന്നിട്ടുണ്ട്. നിലവിലുള്ള സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെയും കൂലി വര്‍ധനവ് എന്ന ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുമാണ് അവര്‍ പിന്തുണ നല്‍കുന്നത്. ആ പ്രദേശത്ത് ശക്തമായ വേരുകളുള്ള സമാജ്‌വാദി പാര്‍ട്ടിയും അവരുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ്സും യോഗി സര്‍ക്കാറിനെതിരായ ഒരു രാഷ്ട്രീയ ആയുധമായി ഇതിനെ കാണുന്നത് സ്വാഭാവികം മാത്രം. പ്രാദേശികമായി ശക്തി കുറവാണെങ്കിലും പ്രമുഖ കേന്ദ്ര ട്രേഡ് യൂനിയന്‍ ആയ സി ഐ ടി യു ഈ സമരത്തിന് എല്ലാ പിന്തുണയും നല്‍കുന്നു. സാധാരണഗതിയില്‍ മറ്റു കക്ഷികളില്‍ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷ യൂനിയനും കക്ഷിയും തൊഴിലാളി സമരത്തിനെത്തുമ്പോള്‍ അത് കൂടുതല്‍ സംഘടിതവും ശക്തിയുള്ളതുമായി മാറുമെന്ന് പ്രതീക്ഷിക്കാവുന്നതുമാണ്. പക്ഷേ മുമ്പ് പറഞ്ഞ ചില തടസ്സങ്ങള്‍ അതിനുള്ള വഴികള്‍ അടക്കുന്നുണ്ട്. പ്രാദേശികമായി ഇവര്‍ക്കുള്ള ശക്തിക്കുറവും ജാതി പോലുള്ള വിഷയങ്ങളെ ശരിയായ രീതിയില്‍ കാണാന്‍ ഇവര്‍ക്ക് കഴിയാത്തതും ഇതിൽപ്പെടുന്നു. എന്നാല്‍ അതിലേറെ പ്രധാനപ്പെട്ട ചില തടസ്സങ്ങളും ഉണ്ട്. ഭരണത്തില്‍ ഇരിക്കുമ്പോള്‍ മറ്റേതൊരു വലതുപക്ഷ രാഷ്ട്രീയ കക്ഷികളെയും പോലെ ഇവരും ഈസ് ഓഫ് ഡൂയിംഗ്‌ ബിസ്സിനസിന്റെയും മൂലധന സൗഹൃദത്തിന്റെയും വക്താക്കളാകുന്നു എന്നത് നാം കാണുന്നുണ്ട് (പശ്ചിമബംഗാളിലെ നന്ദിഗ്രാം, സിംഗൂര്‍ ഉദാഹരണം). അസംഘടിത തൊഴിലാളികളുടെ സമരത്തോട് ഇവര്‍ എടുക്കുന്ന സമീപനങ്ങളിലെ പിശകുകള്‍ തിരുത്തപ്പെടണം. അല്ലാത്തപക്ഷം ഈ പിന്തുണകള്‍ താത്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് മാത്രമേ ഉപകരിക്കുകയുള്ളൂ. അതിനെല്ലാം പുറമെ മൂലധനാധിഷ്ഠിത വികസനം എന്ന സങ്കല്‍പ്പത്തിലും മാറ്റം ആവശ്യമാകുന്നു.

Latest