Kerala
വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങള്‍ കുറച്ച് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം; കുടമാറ്റം പേരിന് മാത്രം
മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങള്‍ കുറച്ച് പൂരം നടത്താന്‍ തീരുമാനം
തൃശൂര്‍| തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി ആഘോഷങ്ങള്‍ കുറച്ച് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. കുടമാറ്റം, എഴുന്നള്ളിപ്പ്, മേളം അടക്കമുള്ള മറ്റു ആചാരങ്ങളില്‍ മാറ്റം ഉണ്ടാവില്ല. കുടമാറ്റം ഉണ്ടാവുമെങ്കിലും കുടകളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചു. പേരിന് മാത്രം കുടമാറ്റം നടത്താനാണ് തീരുമാനം. തൃശൂര്‍ കലക്ടറേറ്റില്‍ മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്ര ഭാരവാഹികളും അടക്കമുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
സാമ്പിള്‍ വെടിക്കെട്ടും മെയിന്‍ വെടിക്കെട്ടും ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷമുള്ള വെടിക്കെട്ടും പകല്‍ വെടിക്കെട്ടും ഒഴിവാക്കാനാണ് യോഗം തീരുമാനിച്ചത്. വെടിക്കെട്ടിന് പകരം ആചാരത്തിന്റെ ഭാഗമായി കതിന മാത്രമേ പൊട്ടിക്കൂ. അതേസമയം, ആനകളുടെ എണ്ണം കുറയ്ക്കില്ല. 15 ആനകളെ തന്നെയാണ് എഴുന്നള്ളിക്കുക. ക്ഷേത്ര ഭാരവാഹികള്‍ അടക്കമുള്ളവരുടെ അഭിപ്രായം തേടിയ ശേഷമാണ് ഉന്നതതല യോഗം അന്തിമ തീരുമാനമെടുത്തത്.




