articles
മിഡില്‍ ഈസ്റ്റില്‍ ചരിത്രം തിരിഞ്ഞുനടക്കുമ്പോള്‍
പശ്ചിമേഷ്യ ഇന്ന് അനുഭവിച്ചുതീര്‍ക്കുന്ന സകല കാലുഷ്യങ്ങളുടെയും ഉറവിടം ഒരു ജനതയുടെയും അവരുടെ ഭൂവിഭാഗങ്ങളുടെയും മേല്‍ അന്യായമായും നിഷ്ഠുരമായും രാഷ്ട്രീയാധിപത്യവും മതപരമായ വിവേചനവും തജ്ജന്യമായ കൊടും ക്രൂരതകളും അടിച്ചേല്‍പ്പിക്കാനുള്ള പാശ്ചാത്യന്‍ കോളനി ശക്തികളുടെയും സാമ്രാജ്യത്വ പരാന്നഭോജികളുടെയും ഹീനപദ്ധതികളാണ്. അതിനെതിരെയുള്ള തദ്ദേശീയരുടെ ചെറുത്തുനില്‍പ്പ് ചോരയില്‍ മുക്കി അടിച്ചമര്‍ത്തി.
നാം പശ്ചിമേഷ്യ എന്ന് വിളിക്കുന്ന ഭൂവിഭാഗങ്ങള്‍ യൂറോപ്പിന് “മിഡില്‍ ഈസ്റ്റാ’ണ്. ആര്‍ക്കാണ് ആ പ്രദേശങ്ങള്‍ കിഴക്കായി അനുഭവപ്പെടുന്നത്. അന്നത്തെ കോളനി ശക്തികളായ ബ്രിട്ടനും ഫ്രാന്‍സിനും പോര്‍ച്ചുഗലിനുമൊക്കെ. ആ പേരില്‍ തന്നെ കോളനിവത്കരണത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും മുദ്രയും മണവുമുണ്ട്. അതുകൊണ്ടാണ് അലിഗഢ് യൂനിവേഴ്‌സിറ്റിയിലെ പശ്ചിമേഷ്യന്‍ പഠന വിഭാഗം “മിഡില്‍ ഈസ്റ്റ്’ എന്ന പ്രയോഗത്തിന് വിലക്ക് കല്‍പ്പിച്ചത്. സ്വാതന്ത്ര്യ പുലരിയില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അലിഗഢ് ക്യാമ്പസ് സന്ദര്‍ശിച്ചപ്പോള്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു, “നിങ്ങളാണ് ശരി, നമ്മെ സംബന്ധിച്ചിടത്തോളം സഊദി അറേബ്യയും സിറിയയും ഫലസ്തീനും ഇറാഖുമൊക്കെ ഏഷ്യയുടെ പടിഞ്ഞാറന്‍ മേഖലയാണ്. നമ്മെ കീഴടക്കി ആധിപത്യം സ്ഥാപിച്ചവരുടെ നാമകരണമല്ല നാം സ്വീകരിക്കേണ്ടത്.’ ഇക്കാലത്തിനിടയില്‍ 20ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ആധിപത്യമുറപ്പിച്ച കോളനിശക്തികളുടെ രാഷ്ട്രീയം പോലും മറന്നുപോയി. കീഴടക്കലിന്റെയും വഞ്ചനയുടെയും ഭൂതകാലമാണ് ഇന്നും നമ്മോടൊപ്പമുള്ളത്. പ്രകൃതിവിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ ഭൂമേഖല ഒരു സവിശേഷ സ്വത്വമാണെന്ന ബോധം പോലും ഇതിനിടയില്‍ വിസ്മരിച്ചുകളഞ്ഞു. ഇന്ന് അമേരിക്കക്കും ഇസ്‌റാഈലിനുമെതിരെ മൂന്നാം ലോകയുദ്ധത്തിന്റെ സകല ആരവങ്ങളോടെയും ഇറാന്‍ കനത്ത യുദ്ധത്തിലേര്‍പ്പെട്ടിരിക്കെ എന്താണ് നമ്മുടെ കണ്‍മുമ്പില്‍ കെട്ടഴിഞ്ഞുവീഴുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കണം.
ഒന്നാം ലോകമഹായുദ്ധത്തിന് 1914 ജൂലൈ 28ന് തുടക്കം കുറിച്ചപ്പോള്‍ പരിസരത്ത് പോലും ഓട്ടോമന്‍ ടര്‍ക്കിയെ (ഉസ്മാനിയ്യ ഖിലാഫത്ത്) കണ്ടിരുന്നില്ല. ഒരു ഭാഗത്ത് ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ഇറ്റലി (ഒടുവില്‍ അമേരിക്കയും) അണിനിരന്നപ്പോള്‍ ജര്‍മനി, ആസ്ട്രിയ- ഹങ്കറി, ബള്‍ഗേറിയ എന്നിവരോടൊപ്പം ഉസ്മാനിയ്യ ഖലീഫയെയും എതിര്‍പക്ഷത്തേക്ക് വലിച്ചിഴച്ചു. യുദ്ധത്തിന് യവനിക വീണപ്പോള്‍ ഭൂപടത്തില്‍ നിന്ന് തൂത്തെറിഞ്ഞത് തുര്‍ക്കി ഖിലാഫത്ത് മാത്രം. ആ വിരോധാഭാസത്തെ ചരിത്രവിദ്യാര്‍ഥികള്‍ കൂലങ്കശമായി പഠിക്കാറില്ല. എങ്ങനെ അത് സംഭവിച്ചുവെന്ന ചോദ്യത്തിന് ഒരു കൊടുംവഞ്ചനയുടെ കഥയാണ് പറയാനുള്ളത്. അക്കഥ കോളനിശക്തികളുടെ കണ്ണിലൂടെ, സവിസ്തരം പ്രതിപാദിക്കുന്നുണ്ട് സ്‌കോട്ട് ആന്‍ഡേഴ്‌സന്റെ വിഖ്യാതമായ “ലോറന്‍സ് ഇന്‍ അറേബ്യ’ എന്ന ഗ്രന്ഥത്തില്‍. തലക്കെട്ടില്‍ നിന്ന് തന്നെ വായിച്ചെടുക്കാനാകും ഒന്നാം ലോകമഹായുദ്ധാനന്തരം എന്താണ് യുദ്ധവും കാലുഷ്യവും വിട്ടുമാറാത്ത അറബ്- ഇസ്‌ലാമിക ലോകത്ത് സംഭവിച്ചതെന്ന്.
ബ്രിട്ടനും ഫ്രാന്‍സും പോര്‍ച്ചുഗീസും ഹോളണ്ടുമൊക്കെ കോളനിവത്കരണ മോഹവുമായി കിഴക്കോട്ടേക്ക് സഞ്ചരിച്ച കാലം. ഗ്രൈറ്റര്‍ മിഡില്‍ ഈസ്റ്റ് എന്ന് വിളിച്ചിരുന്ന വിശാലമായ ഭൂപ്രദേശം. മധ്യധരണ്യാഴി മുതല്‍ ഇറാന്‍ മലകള്‍ വരെ, പടിഞ്ഞാറ് നിന്ന് കിഴക്ക് വരെ 1,000 മൈലുകള്‍. വടക്ക് കരിങ്കടല്‍ മുതല്‍ തെക്ക് അറബിക്കടലില്‍ ഒമാന്‍ തീരങ്ങള്‍ വരെ 2,000 മൈലുകള്‍ ദൈര്‍ഘ്യം. 1902ല്‍ “നാഷനല്‍ റിവ്യൂ’ മാഗസിനില്‍ ചരിത്രകാരന്‍ ആള്‍ഫ്രെഡ് തായെര്‍ ആണ് ആദ്യമായി മിഡില്‍ ഈസ്റ്റ് എന്ന പേര് കോയിന്‍ ചെയ്‌തെടുക്കുന്നത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ സമുദ്രം തൊട്ട് ഇന്ത്യന്‍ സമുദ്രം വരെ നീണ്ടുകിടക്കുന്ന പ്രവിശാലമായ മേഖല. ഈ ഭൂവിഭാഗത്തിന്റെ പ്രത്യേകതയെന്തന്നല്ലേ? അറ്റമില്ലാത്ത മരുഭൂമി, മരുപ്പച്ചകള്‍, മഞ്ഞ് മൂടിയ കുന്നുകള്‍, ദൈര്‍ഘ്യമേറിയ നദികള്‍, മഹാ നഗരങ്ങള്‍, തീരദേശ സമതലങ്ങള്‍. എല്ലാത്തിനുമുപരി, വ്യാവസായികമായി വികസിച്ചതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ശക്തികള്‍ക്ക് ഇന്നും അത്യാവശ്യമായ പ്രകൃതി സമ്പത്ത്- എണ്ണയും വാതകവും. അതിപൗരാണിക മെസൊപ്പൊട്ടോമിയയിലെ നദികള്‍ക്കിടയിലെ (ടൈഗ്രീസിനും യൂഫ്രട്ടീസിനും മധ്യെ) ഫലഭൂയിഷ്ഠമായ ഭൂപ്രദേശങ്ങള്‍.
തുര്‍ക്കിയിലെ ഇസ്താംബൂള്‍ ആസ്ഥാനമാക്കിയാണ് ഓട്ടോമന്‍ സാമ്രാജ്യം ആറ് നൂറ്റാണ്ട് കാലം മിഡില്‍ ഈസ്റ്റിന്റെ ബഹുഭൂരി ഭാഗത്തിന്മേല്‍ ആധിപത്യം സ്ഥാപിച്ച് ഭരിച്ചത്. വിയന്നയില്‍ നിന്ന് തുടങ്ങി അനാതോലിയയിലൂടെ പരന്നൊഴുകി അറേബ്യയിലൂടെ ഇന്ത്യന്‍ സമുദ്രം വരെ അത് നീണ്ടുനിവര്‍ന്നുകിടന്നു. ഇന്നത്തെ അള്‍ജീരിയ, ലിബിയ, ഈജിപ്ത്, ഇസ്‌റാഈല്‍, ഫലസ്തീന്‍, സിറിയ, ജോര്‍ദാന്‍, ഇറാഖ്, ഇറാന്റെ ഭാഗങ്ങളെല്ലാം ഓട്ടോമന്‍ ആധിപത്യത്തിലായിരുന്നു. അതിരുകളില്ലാത്ത ഈ സാമ്രാജ്യത്തെ ഭരണസൗകര്യത്തിനായി “വിലായത്തു’കളായി വേര്‍തിരിച്ചതല്ലാതെ പ്രത്യേക രാജ്യമൊന്നും പേരിന് പോലും ഉണ്ടായിരുന്നില്ല. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രഹരമേറ്റ് ഖിലാഫത്ത് ശിഥിലമാകാന്‍ തുടങ്ങിയപ്പോള്‍ 1916ല്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് മിഡില്‍ ഈസ്റ്റ് ഓഹരിവെച്ചെടുക്കാന്‍ രഹസ്യമായി ഒരു കരാറുണ്ടാക്കി. ബ്രിട്ടീഷ് നയതന്ത്രഞ്ജന്‍ സര്‍ മാര്‍ക് സ്‌കെയിസും ഫ്രഞ്ച് പ്രതിനിധി ജോര്‍ജ് പിക്കോട്ടും ഗ്രാഫ് പെന്‍സില്‍ കൊണ്ട് മിഡില്‍ ഈസ്റ്റിന്റെ ഭൂപടത്തില്‍ വടക്കുകിഴക്കന്‍ ദിശയില്‍ ഒരു വര വരച്ചു. ഇന്നത്തെ ഇസ്‌റാഈലിലെ ഹൈഫയിലൂടെ ഇറാഖിലെ കിര്‍കുക് വരെ ആ അതിര്‍രേഖ നീണ്ടു.
ഇസ്താംബൂള്‍ ഭരണകൂടം യുദ്ധത്തില്‍ പരാജയപ്പെടുമ്പോള്‍ ഭൂപടത്തില്‍ വരച്ച അതിര്‍ത്തിയുടെ മേല്‍ഭാഗം ഫ്രാന്‍സിനും താഴ്ഭാഗം ബ്രിട്ടനും കൂട്ടാളികള്‍ക്കും എന്ന രഹസ്യ ധാരണയുടെ പുറത്ത്. സ്‌കൈപിക്കോട്ട് കരാര്‍ എന്ന പേരില്‍ പിന്നീടുള്ള ചരിത്രത്തില്‍ അറിയപ്പെട്ട കൊടും വഞ്ചനയുടെ ഉടമ്പടിയെ കുറിച്ച് ലോകം അറിയുന്നത് ബോള്‍ഷവിക് വിപ്ലവാനന്തരം ലെനിനിലൂടെയാണ്.
അതിനിടയില്‍ മറ്റൊരു കൊടുംചതി ബ്രിട്ടനില്‍ അരങ്ങേറി. ഫലസ്തീനികളുടെ ഭൂമി ലോകത്തലയുകയായിരുന്ന ജൂതര്‍ക്ക് സ്വന്തമായി രാജ്യമുണ്ടാക്കാന്‍ അനുവദിച്ചുനല്‍കി. അതിന്റെ പേരാണ് ബാള്‍ഫര്‍ പ്രഖ്യാപനം. ആ പ്രഖ്യാപനമാണ് എട്ട് ലക്ഷം ഫലസ്തീനികളെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് പിഴുതെറിഞ്ഞ് ലോകത്തിന്റെ പുറമ്പോക്കിലേക്ക് തള്ളിയത്. ആ കൊടും ക്രൂരതക്ക് നേതൃത്വം കൊടുത്ത അമേരിക്ക തന്നെയാണ് 1948ല്‍ ഇസ്‌റാഈല്‍ എന്ന ജാരസന്തതിയുടെ ജനനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതും ഫലസ്തീനികളെ കണ്ണീര്‍ക്കയത്തിലേക്ക് വലിച്ചെറിഞ്ഞതും. ആ സയണിസ്റ്റ് രാജ്യത്തിനു വേണ്ടിയാണ് ഫെബ്രുവരി 28ന് ഇറാനെ ഏകപക്ഷീയമായി ആക്രമിച്ചതും ആയത്തുല്ല ഖാംനഈയെ ബോംബിട്ട് കൊന്നതും എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ മിസൈല്‍ തൊടുത്ത് വിട്ട് ചതച്ചരച്ചതും.
ദുരന്തങ്ങളില്‍ നിന്ന് പ്രതീക്ഷയിലേക്ക്
പശ്ചിമേഷ്യ ഇന്ന് അനുഭവിച്ചുതീര്‍ക്കുന്ന സകല കാലുഷ്യങ്ങളുടെയും ഉറവിടം ഒരു ജനതയുടെയും അവരുടെ ഭൂവിഭാഗങ്ങളുടെയും മേല്‍ അന്യായമായും നിഷ്ഠുരമായും രാഷ്ട്രീയാധിപത്യവും മതപരമായ വിവേചനവും തജ്ജന്യമായ കൊടും ക്രൂരതകളും അടിച്ചേല്‍പ്പിക്കാനുള്ള പാശ്ചാത്യന്‍ കോളനി ശക്തികളുടെയും സാമ്രാജ്യത്വ പരാന്നഭോജികളുടെയും ഹീനപദ്ധതികളാണ്. അതിനെതിരെയുള്ള തദ്ദേശീയരുടെ ചെറുത്തുനില്‍പ്പ് ചോരയില്‍ മുക്കി അടിച്ചമര്‍ത്തി. ഇന്ന് ഇറാനാണ് രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും സ്വത്വവും പരിരക്ഷിക്കാന്‍ പോരാട്ടം നടത്തുന്നത്.
പടിഞ്ഞാറന്‍ ശക്തികള്‍ അധിനിവേശകരായി കയറിവരുന്നത് വരെ മേഖല ശാന്തമായിരുന്നു. അധിനിവേശ രാഷ്ട്രീയം അതിന്റെ ഭീകരമായ എല്ലാ മുഖങ്ങളും പുറത്തെടുത്തത് ഈ മണ്ണിലും മണലിലുമാണ്. അതിന് പ്രധാന കാരണം ഭൂമിക്കടിയില്‍ കിടക്കുന്ന എണ്ണയുടെയും പ്രകൃതി വാതകങ്ങളുടെയും അറ്റമില്ലാത്ത കലവറയാണിതെന്ന കണ്ടെത്തലാണ്. തദ്ദേശീയരെ അടിച്ചമര്‍ത്താനും ആവശ്യമാണെങ്കില്‍ കൂട്ടക്കൊല നടത്താനും ആയുധ കേന്ദ്രങ്ങള്‍ കെട്ടിപ്പൊക്കി.
ഇറാനികളുടെ നാഗരിക പാരമ്പര്യം അധിനിവേശകരെ ഒരു നിലക്കും വെച്ചുപൊറുപ്പിച്ചില്ല. എന്നല്ല, പ്രകൃതി വിഭവങ്ങള്‍ കവര്‍ന്നെടുക്കാന്‍ വന്ന അഭിനവ താര്‍ത്താരികളെ ധീരമായി നേരിട്ടു. അങ്ങനെയാണ് 1979ലെ വിപ്ലവത്തിലൂടെ പടിഞ്ഞാറന്‍ പാവഭരണത്തിന് അന്ത്യമിടുന്നതും എണ്ണയുടെയും പ്രകൃതി വാതക ശേഖരങ്ങളുടെയും മേല്‍ തദ്ദേശീയരുടെ നിയന്ത്രണം പൂര്‍ണമാകുന്നതും. അതോടെയാണ് ഇറാനെ നശിപ്പിക്കാന്‍ പത്ത് വര്‍ഷം നീണ്ട യുദ്ധത്തിന് ഇറാഖിനെ കച്ചകെട്ടി ഇറക്കുന്നത്. പഴയ പേര്‍ഷ്യ തങ്ങളുടെ നാഗരിക പ്രഭാവത്തില്‍ അഭിരമിച്ച് ശത്രുക്കളെ ആട്ടിയകറ്റുന്നതില്‍ വിജയിച്ചു. അവരിന്ന് ഇസ്‌റാഈലിനെയും അമേരിക്കയെയും കൊണ്ട് ക്ഷ വരപ്പിച്ചു. അമേരിക്ക എന്ന സൂപ്പര്‍പവര്‍ അസ്തമിച്ചുകഴിഞ്ഞു. അതിന് കാര്‍മികത്വം വഹിച്ചത് ഇറാനാണ്.
രണ്ടാം ഖലീഫ ഉമറിന്റെ കാലഘട്ടത്തിലാണ് ഇറാന്‍ മുസ്‌ലിം നിയന്ത്രണത്തില്‍ വരുന്നത്. ഇസ്‌ലാമിനെ പൂര്‍ണമായും ഉള്‍ക്കൊണ്ടപ്പോഴും പേര്‍ഷ്യന്‍ നാഗരികതയുടെ മൂല്യങ്ങളെയും കലാ സാംസ്‌കാരിക സാഹിത്യ പൈതൃകങ്ങളെയും അവര്‍ കരുതലോടെ കാത്തുസൂക്ഷിച്ചു. ഡോണാള്‍ഡ് ട്രംപ് പറയുന്ന വിഡ്ഢിത്തം എന്തുമാകട്ടെ, 20 കിലോമീറ്റര്‍ നീളുന്ന ഹോര്‍മുസ് കടല്‍പാത പൗരാണിക കാലം തൊട്ട് പേര്‍ഷ്യയുടെ ആധിപത്യത്തിലായിരുന്നു.
ഹോര്‍മുസ് കടലിടുക്കിന്മേലുള്ള ആധിപത്യമാണ് ഇറാന്റെ യുദ്ധലക്ഷ്യമെന്ന് കരുതുന്നത് വലിയൊരു സമസ്യയെ ഗൗരവം കുറച്ച് കാണലാകും. അനീതിയുടെയും ഹിംസയുടെയും പ്രതീകങ്ങളായ അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും വേരറുക്കുക എന്നതാണ് ഇറാന്‍ ഭരണകൂടം ആത്യന്തികമായി ലക്ഷ്യം വെക്കുന്നത്. ഈ വഴിയില്‍ സഞ്ചരിച്ചവരെല്ലാം ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ കഥ അവര്‍ മറന്നുകാണില്ല. 1932 തൊട്ട് സഊദിയുടെ കിഴക്കന്‍ മേഖലയില്‍ നിന്ന് ചോര്‍ത്തിയെടുത്ത എണ്ണ ഊറ്റിക്കുടിച്ചാണ് ഇന്നത്തെ അമേരിക്ക കൊഴുത്ത് തടിച്ചത്. അധിനിവേശകരുടെ ആധിപത്യത്തില്‍ നിന്ന് മുക്തമാകുകയും ഫലസ്തീനികള്‍ക്ക് ജനിച്ച മണ്ണില്‍ ജീവിച്ച് മരിക്കാനുള്ള അവകാശം വകവെച്ചു കിട്ടുകയും ചെയ്യുന്നത് വരെ പോരാട്ടം അനിവാര്യമാണെന്ന ചിന്ത ഇപ്പോള്‍ ലോകത്തിന്റെ പൊതുബോധമായി മാറുന്നു.



