Connect with us

From the print

സംസ്ഥാനത്ത് മുൻകരുതൽ അസാധാരണം ഈ ചൂട്

12 ജില്ലകളിൽ മഞ്ഞ ജാഗ്രത • വേനൽച്ചൂടിന് പകരം "ഈർപ്പമുള്ള ചൂട്'

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ദിവസം വിവിധ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വേനൽച്ചൂടിന് പകരം “ഈർപ്പമുള്ള ചൂട്’ ആണ് അനുഭവപ്പെടുക. ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം കഠിനമായ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. ഈ മാസം തുടക്കം മുതൽ രാജ്യത്തെ ചൂട് ക്രമാതീതമായി വർധിച്ചുവരികയാണ്. ഉയർന്ന താപനിലയും ഈർപ്പവും കൂടിച്ചേർന്ന അവസ്ഥ അപകടകരമായ ഉഷ്ണതരംഗത്തിന് സമാനമാണ്. ഇത് മൺസൂണുമായി ബന്ധപ്പെട്ടതാണെന്നും യു കെ റീഡിംഗ് സർവകലാശാലയിലെ അക്ഷയ് ദിയോറസിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിൽ പറയുന്നു.

സംസ്ഥാനത്ത് മലയോര പ്രദേശങ്ങളിലൊഴികെ ചൂട് അതികഠിനമാകുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ മഞ്ഞ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസിൽ തുടരും. പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയത് 40.1 ഡിഗ്രി സെൽഷ്യസ് ചൂടാണ്. കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയത്ത് 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാൻ പകൽ 11 മുതൽ മൂന്ന് വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.

സൂര്യാഘാതം
ഉഷ്ണതരംഗങ്ങൾ ഹീറ്റ് സ്‌ട്രോക്കിന് കാരണമാകുന്നതിനാൽ ദുരന്തനിവാരണ വകുപ്പ് കർശന ജാഗ്രതാ നിർദേശം നൽകി. ഉഷ്ണതരംഗത്തിൽ ശരീരം വിയർക്കുന്നതിലൂടെ സ്വയം തണുക്കുന്നു. എന്നാൽ, ഈർപ്പം കൂടുതലായിരിക്കുമ്പോൾ, വിയർപ്പ് എളുപ്പത്തിൽ ബാഷ്പീകരിക്കപ്പെടില്ല. ഇത് ശരീരം അമിതമായി ചൂടാകുന്നതിനും താപനില ഉയരുന്നതിനും ഹൃദയം കൂടുതൽ കഠിനമാകുന്നതിനും വേഗത്തിൽ സംഭവിക്കാവുന്ന ഹീറ്റ് സ്‌ട്രോക്കിന്റെ സാധ്യത വർധിപ്പിക്കുന്നതിനും കാരണമാകുന്നു.

അതുകൊണ്ടാണ് ശാസ്ത്രജ്ഞർ ചൂടും ഈർപ്പവും സംയോജിപ്പിക്കുന്ന വെറ്റ്ബൾബ് താപനില ഉപയോഗിച്ച് മനുഷ്യർക്ക് ചൂട് എത്രത്തോളം അപകടകരമാണെന്ന് അളക്കുന്നത്. ഉയർന്ന ആർദ്രതയുള്ള സാഹചര്യങ്ങളിൽ, മിതമായ താപനില പോലും ജീവന് ഭീഷണിയാകാം.
ഇന്ത്യയിൽ വരണ്ട ഉഷ്ണതരംഗങ്ങളെ കുറിച്ച് ആളുകൾ ബോധവാന്മാരാണെങ്കിലും ഈർപ്പമുള്ള ചൂടിനെ കുറിച്ചുള്ള അറിവ് തീരെ കുറവാണ്. ഇത് കൂടുതൽ അപകടകരമാണ്. നല്ല ചൂടുള്ള സമയത്ത് വലിയ ഗ്രൗണ്ടുകളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ പങ്കെടുത്താലും ക്ഷീണം അനുഭവപ്പെടും. ഔദ്യോഗിക വിവരങ്ങൾ പ്രകാരം, രാജ്യത്തുടനീളം ഉഷ്ണ കാലങ്ങളിൽ പതിനായിരക്കണക്കിന് ഹീറ്റ് സ്‌ട്രോക്ക് കേസുകളും നൂറുകണക്കിന് മരണങ്ങളും റിപോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ചൂടുമായി ബന്ധപ്പെട്ട മരണം പലപ്പോഴും ശരിയായി റിപോർട്ട് ചെയ്യപ്പെടുകയോ തെറ്റായി തരംതിരിക്കപ്പെടുകയോ ചെയ്യുന്നതിനാൽ കൃത്യമായ കണക്കില്ലെന്നാണ് പൊതുജനാരോഗ്യ വിദഗ്ധർ പറയുന്നത്.

സാധ്യത കൂടുതൽ
നീണ്ട തീരപ്രദേശവും സമ്പന്നമായ സസ്യജാലങ്ങളും മൺസൂൺ കാലാവസ്ഥയുമുള്ള കേരളത്തിൽ ഉയർന്ന ഈർപ്പം അനുഭവപ്പെടുമെന്നിരിക്കെ ഉഷ്ണതരംഗത്തിനും ഹീറ്റ് സ്‌ട്രോക്കിനും സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. കേരളത്തിൽ പകലുകളെക്കാൾ കൂടുതൽ ചൂടുള്ള രാത്രികൾ വരുന്നുവെന്നും അതിനാൽ ശരീരത്തിന് സ്വയം താപനില നിയന്ത്രിക്കാൻ കഴിയാതെ വരുന്നുവെന്നും ഇതോടൊപ്പം കാറ്റ് കുറവായതിനാൽ ശരീരത്തിന് താപനില നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

വേനൽക്കാലത്ത് താപനില താപതരംഗ നിലവാരത്തിൽ എത്തിയിട്ടില്ലെങ്കിലും താപവുമായി ബന്ധപ്പെട്ട രോഗവും മരണവും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്ന് വിദഗ്ധർ ചൂട്ടിക്കാട്ടുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest