Articles
വനിതാ സംവരണം ബി ജെ പിക്ക് ഒരു മറ മാത്രമാണ്
മോദിക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനമായ ആർ എസ് എസിനും വനിതാ സംവരണം ഉൾപ്പെടെയുള്ള സ്ത്രീശാക്തീകരണ നടപടികളിൽ പ്രത്യയശാസ്ത്രപരമായി ഒരു പ്രതിബദ്ധതയുമില്ലെന്ന യാഥാർഥ്യം ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണം
ലോക്സഭയിൽ നടന്ന ചർച്ചയിൽ മണ്ഡല പുനർനിർണയ ബില്ല് തിടുക്കപ്പെട്ട് കൊണ്ടുവരുന്നതിലെ നിരവധി പൊരുത്തക്കേടുകൾ പ്രതിപക്ഷാംഗങ്ങൾ തുറന്നുകാട്ടുകയുണ്ടായി. ഒരു സംശയവുമില്ല സംഘ്പരിവാർ നയിക്കുന്ന കേന്ദ്ര സർക്കാറിന് വനിതാ സംവരണത്തിൽ ഒരു താത്പര്യവുമില്ല. അവരുടെ ലക്ഷ്യം മണ്ഡല പുനർനിർണയവും അതുവഴി 2029ലെ തിരഞ്ഞെടുപ്പിൽ അധികാരം കൈക്കലാക്കാനുള്ള താത്പര്യവും മാത്രമാണ്. പതിറ്റാണ്ടുകളായി രാജ്യത്തിന്റെ മുമ്പിലുള്ള വിഷയമാണ് വനിതാ സംവരണമെന്നും അതിലാണ് സർക്കാർ ഇടപെടുന്നതെന്നും അക്കാര്യം ഇനിയും സാങ്കേതികത്വം പറഞ്ഞ് വൈകിപ്പിക്കരുതെന്നുമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞത്.
മോദിക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനമായ ആർ എസ് എസിനും വനിതാ സംവരണം ഉൾപ്പെടെയുള്ള സ്ത്രീശാക്തീകരണ നടപടികളിൽ പ്രത്യയശാസ്ത്രപരമായി ഒരു പ്രതിബദ്ധതയുമില്ലെന്ന യാഥാർഥ്യം ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണം. സ്ത്രീയെ സ്വതന്ത്രയും തുല്യയുമായ വ്യക്തിയായി അംഗീകരിക്കാത്ത പ്രത്യയശാസ്ത്രമാണ് ആർ എസ് എസിന്റേത്. ജന്മിത്വവ്യവസ്ഥയുടെ ബ്രാഹ്മണ്യാധികാരത്തിലധിഷ്ഠിതമായ ദളിത്്വിരുദ്ധതയും സ്ത്രീവിരുദ്ധതയുമാണ് ആർ എസ് എസിനെ എക്കാലത്തും നയിച്ചിരുന്നത്. 1856ൽ വിധവാ പുനർവിവാഹ നിയമത്തെയും 1859ൽ തിരുവിതാംകൂറിൽ ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അവകാശം നൽകിയതിനെയും ഭ്രാന്തമായി എതിർത്ത ബ്രാഹ്മണ്യ പുരുഷാധികാര മൂല്യങ്ങളുടെ തുടർച്ചയാണ് സവർക്കറുടെയും ഗോൾവാൾക്കറുടെയും ഹിന്ദുത്വ പ്രത്യയശാസ്ത്രം.
1947ൽ ദേവദാസി സമ്പ്രദായം നിരോധിക്കുന്ന നിയമം വന്നപ്പോൾ ആചാരസംരക്ഷണത്തിന്റെ മറവിൽ അത് നിലനിർത്തണമെന്ന് വാദിച്ചവരായിരുന്നു ഹിന്ദുത്വവാദികൾ. 1955ൽ ഹിന്ദു മാരേജ് ആക്ട് പാർലിമെന്റ് അംഗീകരിച്ചപ്പോൾ കുലസ്ത്രീകൾക്ക് തങ്ങളുടെ വീട്ടിലെ സ്വത്തവകാശമോ വിവാഹ മോചനത്തിനുള്ള അവകാശമോ വേണ്ടെന്ന നിലപാടെടുത്ത സവർണ ജാതിശക്തികൾക്കൊപ്പമായിരുന്നു ആർ എസ് എസും ഹിന്ദുമഹാസഭയും നിലകൊണ്ടത്. മാത്രമല്ല, ഹിന്ദു മാരേജ് ആക്ട് കുടുംബശൈഥില്യത്തിന് വഴിവെക്കുമെന്നും അത് ഹിന്ദുസമൂഹത്തിന്റെ ഭാവിയെ അലങ്കോലമാക്കുമെന്നുമുള്ള യാഥാസ്ഥിതിക നിലപാടുകൾക്കൊപ്പം നിൽക്കുകയും ആക്ടിനെ എതിർക്കുകയുമായിരുന്നു ആർ എസ് എസ്. ഭാരതീയവിവാഹത്തിൽ ജീവിതകാലം മുഴുവൻ സ്ത്രീകൾ ഭർത്താവിനെ ആശ്രയിച്ച് കഴിയണമെന്നാണ് കൽപ്പിക്കുന്നതെന്നും അത് കുലസ്ത്രീകളുടെ കടമയും മഹിമയുമാണെന്നാണ് മനുവാദപ്രചോദിതരായ ആർ എസ് എസുകാർ വാദിച്ചത്. ഒരു കാലത്തും സ്ത്രീകളുടെ അവകാശത്തിനും തുല്യതക്കും വേണ്ടി ആർ എസ് എസ് രംഗത്തുവന്നിട്ടില്ല. പ്രധാനമന്ത്രിയുടെയും ഹിന്ദുത്വവാദികളുടെയും ഇപ്പോഴത്തെ സ്ത്രീസംവരണത്തിന് അനുകൂലമെന്ന് തോന്നിക്കുന്ന നീക്കങ്ങൾ കടുത്ത വഞ്ചനയാണെന്ന് തിരിച്ചറിയണം. യഥാർഥത്തിൽ ബി ജെ പി ഇപ്പോൾ വനിതാ സംവരണത്തെ മുൻനിർത്തി തങ്ങളുടെ മണ്ഡല പുനർനിർണയ അജൻഡക്ക് സമ്മതി നിർമിക്കാനുള്ള കുടില നീക്കമാണ് നടത്തിയത്.
പാർലിമെന്റിൽ പ്രതിപക്ഷം വനിതാ സംവരണ ബില്ലിനെ അനുകൂലിച്ചുകൊണ്ടുതന്നെ ഡീലിമിറ്റേഷൻ ബില്ലിനെ ശക്തമായി എതിർക്കുകയും തുറന്നുകാണിക്കുകയുമാണ് ചെയ്തത്. അതിന്റെ തുടർച്ചയിലാണ് പ്രതിപക്ഷം അവതരണാനുമതിക്കായി വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടത്. 185നെതിരെ 251 അംഗങ്ങളുടെ പിന്തുണയോടെയാണ് ബില്ല് പരിഗണനക്ക് എടുത്തത്. നിലവിലുള്ള ലോക്സഭയിൽ 292 ഭരണപക്ഷാംഗങ്ങളും 233 പ്രതിപക്ഷാംഗങ്ങളുമാണുള്ളത്. പാർലിമെന്റിൽ അവതരിപ്പിച്ചിട്ടുള്ള ഡീലിമിറ്റേഷൻ ബില്ല് പ്രകാരം ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിക്കും. ഇതിൽ സംസ്ഥാന പ്രാതിനിധ്യം 815ഉം കേന്ദ്രഭരണപ്രദേശങ്ങളുടെ പ്രാതിനിധ്യം 35ഉം ആകും. ചർച്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം മണ്ഡല പുനർനിർണയപ്രകാരം 195 സീറ്റുകളാകുമെന്നാണ്. എന്നാൽ ആനുപാതിക പരിശോധനയിൽ ഇത് ഉത്തരേന്ത്യയെ അപേക്ഷിച്ച് വളരെ തുച്ഛമായിരിക്കുമെന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്.
വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം നടത്തി തങ്ങളുടെ രാഷ്ട്രീയനേട്ടങ്ങൾക്കായി പാർലിമെന്റിനെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിക്കുകയാണ് മോദി സർക്കാർ. ബില്ലുകളെ എതിർക്കുന്നവർ വനിതാ സംവരണത്തെയാണ് എതിർക്കുന്നതെന്ന വാദമുയർത്തി ഹിന്ദുത്വ രാഷ്ട്രീയ അജൻഡയിൽ നിന്നുള്ള മണ്ഡല പുനർനിർണയം ഒപ്പിച്ചെടുക്കാനുള്ള കൗശലമാണ് മോദി സർക്കാർ പയറ്റുന്നത്.
ഇന്ത്യൻ പാർലിമെന്റിനകത്തും പുറത്തും സ്ത്രീസംവരണത്തിനു വേണ്ടിയുള്ള ആവശ്യങ്ങളും ശക്തമായ പ്രക്ഷോഭങ്ങളും ഉയർത്തിക്കൊണ്ടുവന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളും സ്ത്രീ വിമോചന സംഘടനകളുമാണ്. പാർലിമെന്റിൽ ആദ്യമായി വനിതാ സംവരണ ആവശ്യം ഉന്നയിച്ചത് 1960കളിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബംഗാളിൽ നിന്നുള്ള എം പിയായിരുന്ന രേണു ചക്രവർത്തിയാണ്.





