Connect with us

Articles

നിതിന്‍രാജുമാര്‍ക്ക് ആരാണ് കാവലിരിക്കുക?

ജാതി വിവേചനങ്ങള്‍ക്കെതിരെ അനേകം നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് ഇന്ത്യ. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 പ്രകാരം മതം, ജാതി, ലിംഗം, ജന്മദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു പൗരനോട് വിവേചനം കാണിക്കുന്നത് കുറ്റകരമാണ്. യു ജി സി ഇക്വിറ്റി റെഗുലേഷന്‍സ് 2026 പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി വിവേചനം തടയാനുള്ള കര്‍ശനമായ സംവിധാനങ്ങള്‍ അനിവാര്യമാണ്.

Published

|

Last Updated

ജാത്യാധികാരം ഒരാളെ കൂടി കൊലക്ക് കൊടുത്തിരിക്കുന്നു, ‘പ്രബുദ്ധ’ കേരളത്തില്‍. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ ബി ഡി എസ് വിദ്യാര്‍ഥി നിതിന്‍ രാജിനെ ജാതിമേല്‍ക്കോയ്മ ഇല്ലാതാക്കി കളഞ്ഞത്. ദളിത് സ്ത്രീയുടെ ഉദരത്തില്‍ നിന്ന് പിറവികൊണ്ടു എന്ന ഏക ഹേതുകമാണ് നിതിന്‍ രാജിനെ മരണത്തിലേക്ക് നയിച്ചത്. ഡെന്റല്‍ ഡോക്ടര്‍ എന്ന ചിരകാല അഭിലാഷവുമായി ക്യാമ്പസിലേക്ക് ചെന്ന നിതിന്‍ രാജിന് വിലങ്ങു തടിയായത് പ്രബുദ്ധ കേരളത്തിലെ അസ്പൃശ്യതയായിരുന്നു. ക്യാമ്പസില്‍ നിന്ന് നിതിന്‍ രാജ് നേരിട്ടത് അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള ജാതിയുടെ പേരിലുള്ള അധിക്ഷേപങ്ങളും അപഹാസ്യങ്ങളും പൂര്‍ണമായ അരികുവത്കരണവും ആയിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. പ്രബുദ്ധ കേരളത്തില്‍ നിന്ന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും താഴ്ന്ന ജാതിയോടുള്ള അയിത്തം പൂര്‍ണമായും മാഞ്ഞു പോയിട്ടില്ലേ എന്ന് സംശയിപ്പിക്കുകയാണ് ഡെന്റല്‍ മെഡിക്കല്‍ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യ.

നിതിന്‍ രാജിന് മുന്നേ പോയവരാണ് രോഹിത് വെമുലയും സിദ്ധാര്‍ഥുമടക്കമുള്ള ജാതി വിവേചനത്തിന് ഇരയായ അനേകം വിദ്യാര്‍ഥികള്‍. അന്നും ഇനിയൊരു ജാതിയുടെ പേരിലുള്ള മരണവും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ഥിച്ചവരാണ് നാം. പ്രതികരിച്ചവരാണ് നാം. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ തൃപ്ത ത്യാഗി എന്ന അധ്യാപക മുഹമ്മദീയന്‍ ആയതിന്റെ പേരില്‍ ഒരു പിഞ്ചുബാലനെ ആക്രമിച്ച സംഭവത്തെ നാം അപലപിച്ചിരുന്നു. അന്ന് കുട്ടിയുടെ പിതാവ് (ഇര്‍ശാദ്) മനംനൊന്ത് ആത്മാര്‍ഥമായി പറഞ്ഞിരുന്നു, ‘ഇനി മുതല്‍ എന്റെ പ്രാര്‍ഥനയില്‍ ഞാന്‍ കേരളത്തിലെ പോലെ മനുഷ്യര്‍ ഇവിടെയും നല്ല രീതിയില്‍ സൗഹൃദത്തോടെ ജീവിക്കണേ എന്ന പ്രാര്‍ഥന കൂടി ചേര്‍ക്കും’ എന്ന്. പക്ഷേ ജാതി വിവേചനം കേരളത്തില്‍ ഇനിയും അസ്തമിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഇത്തരം സംഭവങ്ങള്‍. നിതിന്‍ രാജുമാര്‍ക്ക് ആരാണ് ഇനി ഇവിടെ കാവലിരിക്കുക?

ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് രോഹിത് ആക്ട് നടപ്പാക്കണം എന്ന ആവശ്യമുയര്‍ന്നത്. രോഹിത്തിന്റെ കുടുംബത്തിന്റെയും വിവിധ വിദ്യാര്‍ഥി സംഘടനകളുടെയും കാലങ്ങളേറെ ആയുള്ള ആവശ്യമായിരുന്നു അത്. സര്‍വകലാശാലകളിലും കോളജുകളിലും ദളിത് പിന്നാക്ക ആദിവാസി വിദ്യാര്‍ഥികള്‍ നേരിടുന്ന ജാതി വിവേചനത്തെ ഇല്ലായ്മ ചെയ്യാനുള്ളതായിരുന്നു രോഹിത് ആക്ട്. പക്ഷേ, അതിപ്പോഴും നിയമമായി മാറാത്തത് ആശങ്കാജനകമാണ്.

ജാതി വിവേചനങ്ങള്‍ക്കെതിരെ അനേകം നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് ഇന്ത്യ. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 പ്രകാരം മതം, ജാതി, ലിംഗം, ജന്മദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു പൗരനോട് വിവേചനം കാണിക്കുന്നത് കുറ്റകരമാണ്. യു ജി സി ഇക്വിറ്റി റെഗുലേഷന്‍സ് 2026 പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി വിവേചനം തടയാനുള്ള കര്‍ശനമായ സംവിധാനങ്ങള്‍ അനിവാര്യമാണ്. പക്ഷേ, ദളിത് സ്ത്രീയില്‍ നിന്ന് പിറന്ന രോഹിത് വെമുലയുടെ കുടുംബത്തിന് ഇന്ന് നീതി ലഭിച്ചോ? വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ഥിന്റെ പ്രതികള്‍ക്ക് ഇപ്പോഴും അര്‍ഹമായ ശിക്ഷ ലഭിച്ചിട്ടില്ല.

ജെ എന്‍ യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ കേസ് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിന് നാണക്കേടാണ്. ആ കേസ് നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ ഇപ്പോഴും മകന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. പാലക്കാട് ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജിലെ അജീഷിന്റെ മരണം മറ്റൊരു ഉദാഹരണമാണ്. ഈ വിധം അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരികയാണ് പലപ്പോഴും. കെട്ടുറപ്പുള്ള ഭരണഘടന നിലവിലുള്ളപ്പോഴും എന്തുകൊണ്ടാണ് അടിസ്ഥാന വിഭാഗങ്ങള്‍ക്ക് നിര്‍ഭയമായി ഇവിടം നിലകൊള്ളാന്‍ കഴിയാതെ പോകുന്നത്?

ജാതിയുടെ പേരിലുള്ള കൊലപാതകങ്ങളുടെ കണക്കുകള്‍ ഭയപ്പെടുത്തുന്നതാണ്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗത്തിന് നേരെയുള്ള അക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നുവെന്നതാണ്. 2022-23 കാലത്ത് കേരളത്തില്‍ ദളിത് വിഭാഗത്തിന് നേരെയുള്ള ആക്രമണങ്ങളില്‍ 10-15 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ദളിത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 30 ശതമാനം വിദ്യാര്‍ഥികളും പഠന കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടുന്നായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ജാത്യാധികാരത്തിന്റെ കേരള മോഡല്‍ വര്‍ത്തിക്കുന്നത് ഈ വിധമാണ്.

ഈ നാട്ടിലെ അനേകം പരിഷ്‌കര്‍ത്താക്കളുടെ കാലങ്ങളായുള്ള ശ്രമത്തിന്റെ ഭാഗമായി രൂപം കൊണ്ടതാണ് പ്രബുദ്ധ കേരളം. അതിനെ വീണ്ടുമൊരു ഭ്രാന്താലയത്തിലേക്ക് തിരിച്ചു വിടാന്‍ ശ്രമിക്കുന്നവര്‍ അപകടകാരികളാണ്.

ധാര്‍മിക ബോധം പകര്‍ന്നു നല്‍കേണ്ട അധ്യാപകരാണ് നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രതികളായത്. സൗന്ദര്യത്തിന്റെയും നിറക്കുറവിന്റെയും ജാതിയുടെയും പേര് പറഞ്ഞ് വിദ്യാര്‍ഥികളെ നിരന്തരം മാനസിക സമ്മര്‍ദത്തിലകപ്പെടുത്താന്‍ എങ്ങനെയാണ് ഒരധ്യാപകന് കഴിയുന്നത്? ക്യാമ്പസ് മുറികളില്‍ വിവേചനത്തിന്റെ വിത്തുകള്‍ പാകുന്നത് വഴി അവര്‍ മലയാള മണ്ണിന്റെ സാംസ്‌കാരികതയെയാണ് തച്ചുതകര്‍ക്കുന്നത്. ഈ നാടിന്റെ വിശുദ്ധിയെയാണ് ഇല്ലാതെയാക്കുന്നത്.

‘പ്രബുദ്ധ’ കേരളം ചമയുമ്പോഴും തെരുവില്‍ ജാതി വിവേചനത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ അടയാളങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. നിതിന്‍ രാജുമാര്‍ ഉണ്ടാകാതിരിക്കാന്‍ നിയമ നടപടികളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമാണ്. രോഹിത് ആക്ട് നടപ്പാക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് നിതിന്‍ രാജിന്റെ ആത്മഹത്യയും വിരല്‍ ചൂണ്ടുന്നത്.

 

---- facebook comment plugin here -----

Latest