Connect with us

Articles

ജാതി സെന്‍സസും സംവരണ പ്രശ്‌നങ്ങളും

വികസന പ്രവര്‍ത്തനങ്ങള്‍, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവ എല്ലാ മുന്നണികളും ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കിയിരുന്നു. ഡീല്‍ ആരോപണവും പരസ്പരം വ്യാപകമായി ഉയര്‍ത്തി. എന്നാല്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗത്തിന്റെ ഏറ്റവും സജീവമായ പ്രശ്നമായ ജാതി സെന്‍സസ്, സംവരണ ശതമാനം കൂട്ടല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് എല്ലാ പാര്‍ട്ടികളും ശ്രമിച്ചത്.

Published

|

Last Updated

കേരളത്തിലെ ജനസംഖ്യയില്‍ അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഏതാണ്ട് 85 ശതമാനവും പിന്നാക്ക ജനവിഭാഗങ്ങളാണ്. ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗങ്ങളടക്കമാണ് ഈ 85 ശതമാനം. പിന്നാക്കക്കാരില്‍ ഏതാണ്ട് 65 ശതമാനവും ഹിന്ദുജനവിഭാഗത്തിലുള്ളവരുമാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും പിന്നാക്ക ജനവിഭാഗങ്ങള്‍ കടുത്ത അവഗണനയിലാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ പൊതുവെ സംഘടിതരായതുകൊണ്ട് ന്യൂനപക്ഷ ധ്വംസനങ്ങളെ ഒരു പരിധിവരെ ചെറുക്കാന്‍ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്ക് കഴിയുന്നുണ്ട്.
ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ പിന്നാക്ക- ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് വ്യാപകമായി ഇപ്പോഴും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും തിരഞ്ഞെടുത്ത അധികാരസ്ഥാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാരവാഹിത്വത്തിലുമെല്ലാം ജനസംഖ്യയില്‍ 15 ശതമാനം മാത്രം വരുന്ന സവര്‍ണ വിഭാഗങ്ങള്‍ ആധിപത്യം നേടിയിരിക്കുകയാണ്.

രാജ്യത്തും സംസ്ഥാനത്തും നടപ്പാക്കപ്പെട്ട ജാതിസംവരണം മനക്കണക്കുകളുടെ അടിസ്ഥാനത്തിലാണ്. ഓരോ ജാതികളും ഈ സംസ്ഥാനത്ത് എത്രയാണെന്നുള്ളതിന് യാതൊരു രേഖയും ഇന്നില്ല. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം പ്രബല സവര്‍ണ സമുദായമായ നായര്‍ വിഭാഗം കേരളത്തില്‍ ഒമ്പത് ശതമാനം മാത്രമാണ്. ക്രിസ്ത്യന്‍ വിഭാഗത്തിലെ മുന്നാക്കക്കാരായ യാക്കോബായ, ഓര്‍ത്തഡോക്‌സ് അടക്കമുള്ള വിഭാഗങ്ങള്‍ വെറും ആറ് ശതമാനം മാത്രമാണ്. പക്ഷേ ഈ ചെറിയ ന്യൂനപക്ഷം എല്ലാ മേഖലയിലെയും ബഹുഭൂരിപക്ഷം സ്ഥാനങ്ങളും കൈയടക്കിവെച്ചിരിക്കുകയാണ്. എന്തായാലും ജാതി സെന്‍സസ് നടത്താതെ സാമുദായികമായ വിവരങ്ങള്‍ ലഭ്യമാക്കുക അപ്രാപ്യമാണ്. അതുകൊണ്ടാണ് ജാതി സെന്‍സെസ് നടത്തണമെന്ന ആവശ്യം വ്യാപകമായി രാജ്യത്ത് ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയിലെ അരഡസനോളം സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ജാതി സെന്‍സെസ് നടത്തുകയോ നടത്താനുള്ള നടപടികള്‍ ആരംഭിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ പല്ലും നഖവും ഉപയോഗിച്ച് ജാതി സെന്‍സസിനെ ചെറുക്കാനാണ് സവര്‍ണ വിഭാഗങ്ങള്‍ രംഗത്തിറങ്ങിയിട്ടുള്ളതെന്ന കാര്യം വ്യക്തമാണ്.
ജാതി സെന്‍സെസ് നടപ്പാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സ് നേതൃത്വവും സജീവമായി ഇപ്പോഴും രംഗത്തുണ്ട്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ജാതി സെന്‍സെസ് നടപ്പാക്കണമെന്ന് പരസ്യമായി പറയാന്‍ ധൈര്യമില്ല. എന്‍ എസ് എസിനെയും സവര്‍ണ നേതൃത്വത്തെയും പേടിച്ചാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ ഈ നിലപാട്. രാഹുല്‍ ഗാന്ധിയുടെ സംവരണത്തിനും ജാതി സെന്‍സസിനും വേണ്ടിയുള്ള പോരാട്ടം കേരളത്തില്‍ ബാധകമല്ലെന്നുള്ള നിലപാടാണോ കോണ്‍ഗ്രസ്സ് സ്വീകരിച്ചിട്ടുളളത്.
സി പി എം അഖിലേന്ത്യാ നേതൃത്വം ജാതി സെൻസസിന് നേരെ ഇപ്പോഴും മുഖം തിരിച്ചുതന്നെ നില്‍ക്കുകയാണ്. ബി ജെ പി ജാതി സെൻസസിന് എതിരായ നിലപാട് കൈക്കൊണ്ടിരുന്ന സമയത്താണ് സി പി എം നേതൃത്വം ജാതി സെന്‍സസ് നടപ്പാക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്നും, കേന്ദ്രം ഇത് നടപ്പാക്കിയാല്‍ തങ്ങള്‍ പിന്തുണ നല്‍കുമെന്നും പ്രഖ്യാപിച്ചത്. ആറ് സംസ്ഥാനങ്ങളില്‍ ജാതി സെൻസസ് ഇതിനകം നടപ്പാക്കിയ കാര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്.

ബി ജെ പിയുടെ അടിത്തറ സവര്‍ണ വിഭാഗങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ജാതി സെന്‍സസിനെ ഈ പാര്‍ട്ടി പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തിരുന്നത്. എന്നാല്‍ പിന്നാക്ക വിഭാഗങ്ങളാണ് രാജ്യത്തെ മഹാഭൂരിപക്ഷമെന്നുള്ള വസ്തുത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജാതി സെന്‍സസിനെതിരായ നിലപാടില്‍ ഈ പാര്‍ട്ടി ഇപ്പോള്‍ മാറ്റം വരുത്തിയത്. എന്നാല്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ജാതി സെന്‍സസ് ഫലപ്രദമായി ഈ പാര്‍ട്ടി നടപ്പാക്കുമോ എന്ന കാര്യത്തില്‍ രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഇപ്പോഴും വലിയ വിശ്വാസം വന്നിട്ടില്ല.

സംസ്ഥാനത്തെ മുന്നണികളുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളില്‍ ജാതി സെൻസസ് നടപ്പാക്കുന്നതിനെ സംബന്ധിച്ചുള്ള എന്തുതരം പ്രഖ്യാപനങ്ങളാണ് ഉണ്ടായതെന്ന് ഇനിയെങ്കിലും ആലോചിക്കേണ്ട സമയമായിരിക്കുന്നു. സംസ്ഥാനത്ത് ജാതി സെന്‍സസ് പ്രഖ്യാപിക്കുകയും അതിന്റ അടിസ്ഥാനത്തില്‍ ജാതി സംവരണം വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനങ്ങളുമാണ് എല്ലാ പാര്‍ട്ടികളില്‍ നിന്നും പിന്നാക്കക്കാര്‍ പ്രതീഷിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവ എല്ലാ മുന്നണികളും ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കിയിരുന്നു. ഡീല്‍ ആരോപണവും പരസ്പരം വ്യാപകമായി ഉയര്‍ത്തി. എന്നാല്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗത്തിന്റെ ഏറ്റവും സജീവമായ പ്രശ്‌നമായ ജാതി സെന്‍സസ്, സംവരണ ശതമാനം കൂട്ടല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് എല്ലാ പാര്‍ട്ടികളും ശ്രമിച്ചത്. മഹാഭൂരിപക്ഷത്തിന്റെ ഏറ്റവും സജീവ പ്രശ്‌നമായ ജാതി സെൻസസ്, സംവരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇനിയെങ്കിലും സംസ്ഥാനത്തെ വിവിധ മുന്നണികള്‍ തയ്യാറാകേണ്ടതാണ്.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

---- facebook comment plugin here -----

Latest