From the print
സഹായിയിൽ വിളമ്പുന്ന കഞ്ഞിക്ക് ഇനി തൃശൂർ ടച്ച്
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നൂറുകണക്കിന് രോഗികൾക്കും പരിചാരകർക്കും ആശ്വാസമേകുന്ന സഹായിയിലെ സൗജന്യ കഞ്ഞി വിതരണത്തിനാണ് സി പി ട്രസ്റ്റ് ആൻഡ് സി എം ഡി ആസ ഗ്രൂപ്പ് ദുബൈയുടെ സഹകരണം
കോഴിക്കോട് | പ്രമുഖ വ്യവസായി സി പി സ്വാലിഹ് വലപ്പാടിന്റെ പറമ്പിൽ വിളയിച്ച അരിയിൽ ഇനി കോഴിക്കോട് മെഡിക്കല്‍ കോളജ് സഹായിയിൽ കഞ്ഞി വിളമ്പും. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നൂറുകണക്കിന് രോഗികൾക്കും പരിചാരകർക്കും ആശ്വാസമേകുന്ന സഹായിയിലെ സൗജന്യ കഞ്ഞി വിതരണത്തിനാണ് സി പി ട്രസ്റ്റ് ആൻഡ് സി എം ഡി ആസ ഗ്രൂപ്പ് ദുബൈയുടെ സഹകരണം. എസ് വൈ എസ് യൂനിറ്റ് കമ്മിറ്റികളുടെ സഹകരണത്തോടെ വൈകിട്ട് നടക്കുന്ന സൗജന്യ ഭക്ഷണത്തിന് പുറമെയാണ് രാവിലെ ഏഴ് മുതലുള്ള കഞ്ഞി വിതരണം.
തൃശൂർ വലപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സി പി ട്രസ്റ്റിന് കീഴിൽ നിരവധി കുടുംബങ്ങൾക്ക് വീട്, ഭക്ഷണം, കുടിവെള്ളം തുടങ്ങിയ ആശ്വാസങ്ങൾ ലഭിച്ചുവരുന്നുണ്ട്.
ഇന്നലെ സഹായി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം സി പി സ്വാലിഹ് വലപ്പാട് നിർവഹിച്ചു. സഹായി പ്രസിഡന്റ് ടി കെ അബ്ദുര്‍റഹ്മാൻ ബാഖവി അധ്യക്ഷത വഹിച്ചു. സഹായി ജനറൽ സെക്രട്ടറി കെ എ നാസർ ചെറുവാടി, എസ് വൈ എസ് സാന്ത്വനം സ്റ്റേറ്റ് ഡയറക്ടർ ഷമീർ എറിയാട്, എസ് വൈ എസ് ജില്ലാ സെക്രട്ടറി കബീർ എളേറ്റിൽ, അലവി സഖാഫി കായലം, ഷംസുദ്ദീൻ പെരുവയൽ, അബ്ദുസ്സമദ് സഖാഫി മായനാട് പങ്കെടുത്തു.



