Articles
സമാധാന നീക്കങ്ങളെ തകര്‍ക്കുന്ന സയണിസ്റ്റ് അജന്‍ഡകള്‍
വെടിനിര്‍ത്തല്‍ സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളെ അലങ്കോലപ്പെടുത്തുകയെന്ന സയണിസ്റ്റ് തന്ത്രമാണ് ലബനാനു നേരെയുള്ള ആക്രമണമെന്നാണ് പല അന്താരാഷ്ട്ര വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ലബനാനില്‍ ആക്രമണം തുടരുകയാണെങ്കില്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്മാറുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ സമയമെടുക്കുമെന്നും ഇറാന്‍ പറയുന്നു.
പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കാനുള്ള എല്ലാവിധ നീക്കങ്ങളെയും വെടിനിര്‍ത്തല്‍ ധാരണകളെയും അപ്രസക്തമാക്കിക്കൊണ്ടാണ് സയണിസ്റ്റ് ഭീകര രാഷ്ട്രമായ ഇസ്റാഈല്‍ ലബനാനില്‍ കൂട്ടക്കൊലകള്‍ തുടരുന്നത്. അമേരിക്കയും ഇറാനും രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ലബനാനിലെ ബെയ്റൂത്ത് നഗരത്തില്‍ ഇസ്റാഈല്‍ നിഷ്ഠുരമായ വ്യോമാക്രമണം നടത്തി. പശ്ചിമേഷ്യയെ ചോരക്കളമാക്കുന്ന യുദ്ധം അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനുമുള്ള നീക്കങ്ങളെ അട്ടിമറിക്കാനുമുള്ള നെതന്യാഹു ഭരണകൂടത്തിന്റെ ആസൂത്രിത നീക്കമാണിത്. വാണിജ്യ-ജനവാസ മേഖലകള്‍ സജീവമായിരിക്കുന്ന സമയത്തുണ്ടായ ഈ ബോംബാക്രമണത്തില്‍ 250ലധികം പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു.
വെടിനിര്‍ത്തല്‍ സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളെ അലങ്കോലപ്പെടുത്തുകയെന്ന സയണിസ്റ്റ് തന്ത്രമാണ് ലബനാനു നേരെയുള്ള ആക്രമണമെന്നാണ് പല അന്താരാഷ്ട്ര വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ലബനാനില്‍ ആക്രമണം തുടരുകയാണെങ്കില്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്മാറുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങാന്‍ സമയമെടുക്കുമെന്നും ഇറാന്‍ പറയുന്നു. ഇറാനും മധ്യസ്ഥരായ പാകിസ്താനും വെടിനിര്‍ത്തല്‍ കരാറിന്റെ പരിധിയില്‍ ലബനാന്‍ കൂടി ഉള്‍പ്പെടുന്നുവെന്ന കാര്യം അമേരിക്കയെയും ഇസ്റാഈലിനെയും അസന്ദിഗ്ധമായ ഭാഷയില്‍ നിരന്തരം ഓര്‍മിപ്പിക്കുന്നുണ്ട്. എന്നാല്‍ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള സൈനിക ഓപറേഷന്‍ വെടിനിര്‍ത്തല്‍ കരാറിന് ബാധകമല്ലെന്ന നിലപാടാണ് ഇസ്റാഈലും അമേരിക്കയും ആവര്‍ത്തിക്കുന്നത്.
ഇറാന്‍ പാര്‍ലിമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് ഇങ്ങനെയുള്ളൊരു സാഹചര്യത്തില്‍ ഉഭയകക്ഷി വെടിനിര്‍ത്തലോ ചര്‍ച്ചകളോ യുക്തിരഹിതമായി തീരുകയാണെന്ന് വ്യക്തമാക്കുകയുണ്ടായി. ഹോര്‍മുസ് കടലിടുക്ക് തുറന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്നും ഇറാന്‍ മുന്നോട്ടുവെച്ച പത്തിന നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാമെന്നും കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതോടെ 40 ദിവസം പിന്നിട്ട പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് ലോകം പ്രതീക്ഷിച്ചിരുന്നു. അതിനെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് അമേരിക്കയുടെ മൗനസമ്മതത്തോടെ ഇസ്റാഈല്‍ ലബനാനു നേരെ തുടര്‍ച്ചയായ ആക്രമണം അഴിച്ചുവിട്ടത്.
ഇറാനുമായി സമാധാനമാകാം എന്നാല്‍ ഹിസ്ബുല്ലയുമായി യുദ്ധം തുടരുമെന്നാണ് അമേരിക്കയുടെയും ഇസ്റാഈലിന്റെയും നിലപാട്. ഹിസ്ബുല്ലക്കെതിരായുള്ള പോരാട്ടം വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമല്ലെന്നും അതൊരു ‘പ്രത്യേക ഏറ്റുമുട്ടല്‍’ ആണെന്നും അമേരിക്കന്‍ പ്രസിഡന്റ് പറയുന്നു. യു എസ്- ഇറാന്‍ സമാധാന ചര്‍ച്ചകളിലെ നിര്‍ണായക വിഷയമായി ലബനാന്‍ മാറിയിരിക്കുകയാണ്. ഫെബ്രുവരി 28ന് ഇറാനു നേരെ ഇസ്റാഈല്‍ നടത്തിയ മനുഷ്യത്വരഹിതമായ കടന്നാക്രമണങ്ങളുടെ തുടര്‍ച്ച തന്നെയാണ് ലബനാനു നേരെ നടക്കുന്ന വ്യോമാക്രമണങ്ങളും. പശ്ചിമേഷ്യയിലെ തങ്ങളുടെ അധിനിവേശത്തിന് ഭീഷണിയാകുന്ന രാഷ്ട്രങ്ങളെയും ഭരണകൂടങ്ങളെയും തകര്‍ക്കുകയെന്നതാണ് അമേരിക്കയുടെയും ഇസ്റാഈലിന്റെയും എക്കാലത്തെയും പദ്ധതി.
ഹിസ്ബുല്ലയെ തീവ്രവാദ സംഘടനയായി മുദ്രകുത്തിയാണ് യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് അവര്‍ക്കെതിരായ എല്ലാ ആക്രമണ പദ്ധതികള്‍ക്കും പിന്തുണ നല്‍കുന്നത്. 2006ല്‍ പെന്റഗണും സി ഐ എയും മൊസാദും ആസൂത്രണം ചെയ്ത ‘ഓപറേഷന്‍ ജസ്റ്റ് റിവാര്‍ഡ്’ എന്ന് നാമകരണം ചെയ്ത ആക്രമണത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. ഹിസ്ബുല്ലയെ മേഖലയിലെ ഏറ്റവും വലിയ സായുധ സംഘടനയായി കാണുന്ന അമേരിക്ക, അവരെ തുടച്ചുനീക്കുന്നത് വരെ ആക്രമണം തുടരുമെന്ന നിലപാടിലാണ്. ഏഷ്യന്‍ ഭൂഖണ്ഡത്തിലാകെ ആധിപത്യം ഉറപ്പിക്കുന്നതിന്റെ മുന്നുപാധിയാണ് മധ്യപൂര്‍വദേശത്തെ അധിനിവേശമെന്ന് പെന്റഗണ്‍ കരുതുന്നു. ചൈനയും ഇന്ത്യയും പോലുള്ള ഏഷ്യയിലെ വന്‍ശക്തികളുടെ സാന്നിധ്യം തങ്ങളുടെ പദ്ധതികള്‍ക്ക് വെല്ലുവിളിയാണെന്ന് കണ്ടാണ് ക്വാഡ് ഉള്‍പ്പെടെയുള്ള സഖ്യങ്ങളിലൂടെ ഇന്ത്യയെ കൂടെനിര്‍ത്താന്‍ യു എസ് ശ്രമിക്കുന്നത്.
ഇറാന്റെ ശക്തമായ നിലപാടുകള്‍ അമേരിക്കയുടെ സൈനിക തന്ത്രങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇറാന്റെ പരമാധികാരം തകര്‍ക്കാനുള്ള വാഷിംഗ്ടണിന്റെ അന്ത്യശാസനങ്ങള്‍ പ്രത്യാക്രമണങ്ങളിലൂടെ ഇറാന്‍ ചെറുത്തു. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന യു എസ് ഭീഷണി വിലപ്പോയില്ലെന്ന് മാത്രമല്ല, കീഴടങ്ങാന്‍ ഇറാന്‍ വിസമ്മതിച്ചപ്പോള്‍ ട്രംപും അമേരിക്കയും പതറിപ്പോകുകയാണുണ്ടായത്. പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് തന്നെ അമേരിക്കയുടെ ഇറാന്‍ നയത്തിനെതിരെ വിമര്‍ശമുയരുന്നത് വാഷിംഗ്ടണിനെ ഒറ്റപ്പെടുത്തുകയാണ്.
മറ്റൊരു പശ്ചിമേഷ്യന്‍ യുദ്ധം ആര്‍ക്കും നിയന്ത്രിക്കാനാകാത്ത ആഗോള ഊര്‍ജ പ്രതിസന്ധിക്ക് കാരണമാകുമെന്ന് ലോകരാജ്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്. നിലവിലെ സംഘര്‍ഷം ലോക സമ്പദ്ഘടനയില്‍ തീവ്രമായ ‘സ്റ്റാഗ്ഫ്‌ലേഷന്‍’ (Stagflation) സൃഷ്ടിച്ചിരിക്കുകയാണ്. പണപ്പെരുപ്പം ഉയരുകയും വളര്‍ച്ചാനിരക്ക് താഴുകയും ചെയ്യുന്ന ഈ സാഹചര്യം ഇന്ത്യന്‍ സമ്പദ്ഘടനയെയും ബാധിച്ചു. ഇന്ധന പ്രതിസന്ധിയും വിലക്കയറ്റവും മൂലം രാജ്യം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. 2026-27 സാമ്പത്തിക വര്‍ഷത്തെ ജി ഡി പി വളര്‍ച്ച 6.9 ശതമാനമായി കുറയുമെന്നാണ് ആര്‍ ബി ഐ റിപോര്‍ട്ട് ആശങ്കപ്പെടുന്നത്. പാചകവാതക വിലക്കയറ്റവും ക്ഷാമവും മൂലം കുടിയേറ്റ തൊഴിലാളികള്‍ പലായനം ചെയ്യുന്ന റിപോര്‍ട്ടുകളും വരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി യു എസ്- ഇസ്റാഈല്‍ സൈനിക അച്ചുതണ്ടാണെന്ന കാര്യം ഇന്ത്യയിലെ മോദി സര്‍ക്കാര്‍ കാണാതെ പോകുകയാണ്.

