Articles
മനുഷ്യാവകാശങ്ങള്‍ ഇനിയും ചോരതുപ്പി മരിക്കരുത്
കസ്റ്റഡി മരണങ്ങള്‍ പെരുകുന്നത് ജീവിക്കാനുള്ള അവകാശത്തിനും പൗരസ്വാതന്ത്ര്യത്തിനും നേര്‍ക്കുള്ള ഭരണകൂടത്തിന്റെ പ്രകടമായ അവജ്ഞയാണെന്ന് സുപ്രീം കോടതി 2017ല്‍ അഭിപ്രായപ്പെട്ടിരുന്നു. ലോക്കപ്പ് കൊലപാതകങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കുമെതിരെ സുപ്രീം കോടതി പോലീസിന് പലതവണ താക്കീത് നല്‍കിയിട്ടുണ്ട്. എന്നിട്ടും കേരളത്തിലടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ ഇത്തരം ക്രൂരതകള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
രാജ്യത്ത് പോലീസ് കസ്റ്റഡി കൊലപാതകങ്ങള്‍ പുത്തരിയൊന്നുമല്ല. അത് അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും ഇത്തരം കസ്റ്റഡി കൊലപാതകങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ ചിത്രം ആര്‍ക്കും മറച്ചുവെക്കാന്‍ കഴിയുന്നതല്ല. ആധുനിക ലോകത്ത് പോലീസ് ലോക്കപ്പ് മര്‍ദനങ്ങളും കൊലപാതകങ്ങളും ഏറ്റവും കൂടുതല്‍ നടന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നുള്ളതും വസ്തുതയാണ്. സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും ലോക്കപ്പ് കൊലപാതകങ്ങള്‍ക്കെതിരെ ഐതിഹാസികമായ പല വിധികളും പുറപ്പെടുവിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും ‘വഞ്ചി തിരുനക്കര തന്നെയാണ്’. കസ്റ്റഡി കൊലകള്‍ക്ക് നേതൃത്വം കൊടുക്കുന്ന പോലീസുകാരെ പാഠം പഠിപ്പിക്കന്‍ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം.
നിയമവും നീതിയും നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവരാണ് പോലീസ് സേന. കസ്റ്റഡി കൊലപാതകങ്ങളിലൂടെ പൗരന്റെ ജീവിക്കാനുള്ള അവകാശത്തെയാണ് പോലീസ് വെല്ലുവിളിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ ഏറ്റവും ശ്രദ്ധേയമാണ് 21ാം വകുപ്പ്. ഇത് സംബന്ധിച്ചാണ് ഏറ്റവും ദീര്‍ഘവും വിശദവുമായ ചര്‍ച്ചകള്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ നടന്നത്. ‘നിയമസ്ഥാപിത നടപടി’ മുഖേനയല്ലാതെ ഏതൊരാളുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ അപഹരിച്ചുകൂടാത്തതാണെന്ന് ഇത് അനുശാസിക്കുന്നു. ഭരണഘടനയിലെ 21ാം വകുപ്പ് അതില്‍ പ്രതിപാദിച്ചിട്ടുള്ള തോതില്‍ ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കുന്നു.
രാജ്യത്തെ മൗലിക നിയമം പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുകയാണ്. എന്നാല്‍ രാജ്യത്തെ എക്സിക്യൂട്ടീവിന്റെ ഭാഗമായ പോലീസ് സേന തന്നെ ഈ അവകാശത്തെ ഹനിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ സാത്താന്‍ കുളത്ത് പിതാവും മകനും കസ്റ്റഡിയില്‍ മരിച്ച കേസില്‍ ഇന്‍സ്പെക്ടര്‍ ശ്രീധര്‍ ഉള്‍പ്പെടെ ഒമ്പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ്. സംസ്ഥാനത്തും രാജ്യത്തും ഏറെ കോളിളക്കം സൃഷ്ടിച്ച ഈ സംഭവത്തില്‍ മധുര ഫസ്റ്റ് അഡീഷനല്‍ ജില്ലാ കോടതിയാണ് എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്. തൂത്തുക്കുടി ജില്ലയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ പി ജയരാജും (59) മകന്‍ ബെനിക്സും (39) ആണ് ക്രൂരമായ മര്‍ദനമേറ്റ് മരിച്ചത്. 2020 ജൂണിലായിരുന്നു സംഭവം. രണ്ട് പേരെ കൊലപ്പെടുത്തിയതിനാല്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട വധ ശിക്ഷയാണ് കോടതി പ്രഖ്യാപിച്ചത്. ഒന്നാം പ്രതി ഇന്‍സ്പെക്ടര്‍ ശ്രീധര്‍ക്ക് വധശിക്ഷക്ക് പുറമെ 15 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ ശിക്ഷ ഒരു മുന്നറിയിപ്പായിരിക്കണമെന്ന് വിധി പ്രഖ്യാപിക്കവെ കോടതി വ്യക്തമാക്കി. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ ജീവപര്യന്തം തടവ് മതിയാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ‘2011ല്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടും കസ്റ്റഡി മരണങ്ങള്‍ തുടരുന്നത് ദുഃഖകരമാണ്. നിരായുധരായ പിതാവിനെയും മകനെയും രാത്രി മുഴുവന്‍ ക്രൂരമായി മര്‍ദിച്ച സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പ്രതികള്‍ വിദ്യാഭ്യാസമുള്ള പോലീസ് ഉദ്യോഗസ്ഥരായതിനാല്‍ ഇത് സാധാരണ കുറ്റമല്ല. പ്രതികള്‍ കരുതിക്കൂട്ടിയാണ് നിഷ്ഠൂരമായ ഈ കൊലപാതകം നടത്തിയിരിക്കുന്നത്. പ്രതികളുടെ ശക്തമായ കുറ്റവാസന ഈ കൊലപാതകത്തില്‍ വ്യക്തമായും തെളിഞ്ഞിട്ടുണ്ട്. പോലീസ് വകുപ്പില്‍ ഇത്തരം ക്രൂരകൃത്യങ്ങളോട് ഭയം വളര്‍ത്താന്‍ ജീവപര്യന്തം തടവ് മതിയാകില്ലെ’ന്നും കോടതി വ്യക്തമാക്കി.
പ്രതികളോട് യാതൊരു കരുണയും കാണിക്കരുതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. 2020 ജൂണില്‍ ലോക്ക്ഡൗണ്‍ സമയത്തായിരുന്നു തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സാത്താന്‍കുളത്ത് ഈ കസ്റ്റഡി മരണം ഉണ്ടായത്. മൊബൈല്‍ ഷോപ്പ് ഉടമയായിരുന്ന ജയരാജും മകന്‍ ബെനിക്സും നിശ്ചിത സമയത്തിനപ്പുറം കടതുറന്ന് പ്രവര്‍ത്തിപ്പിച്ച് കൊവിഡ് 19 ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നായിരുന്നു ആരോപണം. ജൂണ്‍ 19നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് നടത്തിയ അന്വേഷണങ്ങളില്‍ ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നും അവര്‍ക്കെതിരെ വ്യാജകേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്നും സ്ഥിരീകരിക്കപ്പെട്ടു.
സി ബി ഐ കുറ്റപത്രത്തില്‍ പറയുന്നതനുസരിച്ച് ഇരുവരും പോലീസ് സ്റ്റേഷനകത്ത് ക്രൂരപീഡനങ്ങള്‍ക്കിരയായി. കൈകള്‍ കെട്ടിയിട്ടായിരുന്നു മര്‍ദനം. ഏകദേശം ഓരോ പത്ത് മിനുട്ട് ഇടവേളകളില്‍ അവരെ മര്‍ദിക്കുകയും മരത്തടിയില്‍ കയറ്റി നിര്‍ത്തുകയും ചെയ്തതായി തെളിഞ്ഞു. പോലീസ് സ്റ്റേഷനകത്തെ ചുവരുകളില്‍ നിന്ന് ഇരുവരുടെയും രക്ത സാമ്പിളുകള്‍ സി ബി ഐക്ക് ലഭിച്ചു. തങ്ങളുടെ രക്തം തറയില്‍ നിന്ന് തുടച്ചുനീക്കാന്‍ അവരെ നിര്‍ബന്ധിച്ചതായും സി ബി ഐ കുറ്റപത്രത്തിലുണ്ട്. ജൂണ്‍ 22ന് ജയരാജ് മരിച്ചു. തൊട്ടടുത്ത ദിവസം ബെനിക്സ് കോവില്‍പ്പട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും മരിച്ചു. തുടക്കത്തില്‍ സംശയകരമായി റിപോര്‍ട്ട് ചെയ്യപ്പെട്ട അവരുടെ മരണങ്ങള്‍ വൈകാതെ വലിയ പൊതുജന രോഷത്തിനിടയാക്കി. നിസ്സാരമായ കുറ്റത്തിന്റെ പേരില്‍ കസ്റ്റഡിയിലായ പിതാവിനെയും മകനെയും തല്ലിക്കൊന്ന പോലീസുകാരെ യൂനിഫോമിട്ട കൊടുംക്രിമിനലുകളായിത്തന്നെയാണ് അന്ന് നാട്ടുകാര്‍ വിശേഷിപ്പിച്ചത്. വ്യാപകമായ പ്രതിഷേധമാണ് ഈ ലോക്കപ്പ് കൊലപാതകത്തിനെതിരായി നടന്നത്. അതുകൊണ്ട് തന്നെയാണ് തമിഴ്നാട് സര്‍ക്കാറിനും ശക്തമായ നടപടികളുമായി മുന്നോട്ട് പോകേണ്ടിവന്നത്. ഭര്‍ത്താവിന്റെയും മകന്റെയും കസ്റ്റഡി മരണം സംബന്ധിച്ച കേസില്‍ നീതി തേടി, മരിച്ച കടയുടമ ജയരാജിന്റെ ഭാര്യ ശെല്‍വറാണി നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലം കൂടിയാണ് ആറ് വര്‍ഷം കഴിഞ്ഞുള്ള മാതൃകാപരമായ ഈ വിധി.
കേരളത്തിലും കസ്റ്റഡി മരണങ്ങള്‍ നടന്നിട്ടുണ്ട്. 2005 സെപ്തംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസില്‍ 2018ല്‍ സി ബി ഐ കോടതി രണ്ട് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതി പ്രതികളെ വിട്ടയച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട രാമന്‍കുട്ടിയെ ലോക്കപ്പിലിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയതിന് തൃശൂര്‍ മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ബാലകൃഷ്ണന് തൃശൂര്‍ ജില്ലാ കോടതി 1984 ജൂലൈയില്‍ വധശിക്ഷ വിധിച്ചെങ്കിലും മേല്‍ക്കോടതി ശിക്ഷയില്‍ ഇളവുചെയ്തു.
കസ്റ്റഡി മരണങ്ങള്‍ പെരുകുന്നത് ജീവിക്കാനുള്ള അവകാശത്തിനും പൗരസ്വാതന്ത്ര്യത്തിനും നേര്‍ക്കുള്ള ഭരണകൂടത്തിന്റെ പ്രകടമായ അവജ്ഞയാണെന്ന് സുപ്രീം കോടതി 2017ല്‍ അഭിപ്രായപ്പെട്ടിരുന്നു. ലോക്കപ്പ് കൊലപാതകങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കുമെതിരെ സുപ്രീം കോടതി പോലീസിന് പലതവണ താക്കീത് നല്‍കിയിട്ടുമുണ്ട്. എന്നിട്ടും കേരളത്തിലടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ ഇത്തരം ക്രൂരതകള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
പൗരാവകാശമെന്ന പദത്തിന്റെ പവിത്രതയും ശക്തിയും മനസ്സിലാകാത്ത ഒരാള്‍ പോലും പോലീസ് സേനയില്‍ ഇല്ലെന്ന് ഇനിയെങ്കിലും ഉറപ്പ് വരുത്തേണ്ടതുണ്ട്. വകുപ്പുതല അന്വേഷണങ്ങള്‍ക്കും പതിവ് നടപടികള്‍ക്കും അപ്പുറത്ത് ഇത്തരം ക്രൂരതകള്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള വഴിയാണ് സര്‍ക്കാര്‍ തേടേണ്ടത്. ജനാധിപത്യവും പൗരാവകാശ സംരക്ഷണവുമെല്ലാം വാക്കില്‍ മാത്രം പോരാ, അത് പ്രവൃത്തിയിലും ഉണ്ടായേ മതിയാകൂ.



