Connect with us

Kerala

കേരളത്തിലെ പരാജയം ഗൗരവതരം; ജുലൈയില്‍ പ്രത്യേക സിസി കമ്മറ്റി ചേരും: എം എ ബേബി

തോല്‍വിയെക്കുറിച്ച് ഭയരഹിതവും സ്വതന്ത്രവുമായ ചര്‍ച്ചകളാണ് പാര്‍ട്ടിക്ക് ഉള്ളില്‍ ഇപ്പോള്‍ നടക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി |  കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ പാര്‍ട്ടിയും മുന്നണിയും അതീവ ഗൗരവത്തോടെയാണ് വിലയിരുത്തുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. തോല്‍വിയെക്കുറിച്ച് ഭയരഹിതവും സ്വതന്ത്രവുമായ ചര്‍ച്ചകളാണ് പാര്‍ട്ടിക്ക് ഉള്ളില്‍ ഇപ്പോള്‍ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുകള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി ജൂലൈ മാസത്തില്‍ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരുമെന്നും ജനറല്‍ സെക്രട്ടറി ഔദ്യോഗികമായി അറിയിച്ചു.

 

കേരളത്തില്‍ ബിജെപിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ തടയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ മറ്റ് പല പ്രമുഖ സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി മാറിയിരിക്കുകയാണ്. സാക്ഷര കേരളത്തിലും തീവ്ര വലതുപക്ഷ സാന്നിധ്യം ഉദിച്ചുയര്‍ന്നു കഴിഞ്ഞുവെന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച ചില നിഷ്പക്ഷമല്ലാത്ത നിലപാടുകളും ഇപ്പോഴത്തെ ഈ കടുത്ത സാഹചര്യത്തിന് കാരണമായിട്ടുണ്ടെന്ന് എംഎം ബേബി ആരോപിച്ചു

ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളോട് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്ന അഹങ്കാര നിലപാടുകള്‍ ശരിയല്ലെന്നും ഇത് രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയുടെ മുന്നോട്ടുള്ള നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുന്നുണ്ടെന്നും സിപിഎം ജനറല്‍ സെക്രട്ടറി കുറ്റപ്പെടുത്തി. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലം മുതല്‍ സിപിഎം – ബിജെപി രഹസ്യ ഡീല്‍ ഉണ്ടെന്ന തരത്തില്‍ കോണ്‍ഗ്രസ് ഉന്നയിച്ച കടുത്ത ആരോപണങ്ങള്‍ എത്രത്തോളം ബാലിശമാണെന്ന് ഇപ്പോഴത്തെ ഫലങ്ങളോടെ വ്യക്തമായിരിക്കുകയാണ്. ഇത്തരം അടിസ്ഥാനരഹിതമായ പുകമറ പ്രചാരണങ്ങള്‍ പ്രതിപക്ഷ ഐക്യത്തെ രീതിയില്‍ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ.

നീറ്റ് പരീക്ഷാ അട്ടിമറി, സിബിഎസ്ഇ ചോദ്യപേപ്പര്‍ ക്രമക്കേടുകള്‍ എന്നിവയെ ശക്തമായി അപലപിച്ചുകൊണ്ട് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പ്രത്യേക പ്രമേയങ്ങള്‍ അവതരിപ്പിച്ചതായി എംഎ ബേബി അറിയിച്ചു. കേന്ദ്ര ഏജന്‍സികളുടെ ഈ പരാജയങ്ങള്‍ക്കെതിരെ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. വരാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് കാണുന്നതിനായി ദൂരദര്‍ശന്‍ വഴി സൗജന്യമായി തത്സമയം സംപ്രേഷണം ചെയ്യാനുള്ള നടപടികള്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അടിയന്തിരമായി സ്വീകരിക്കണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു

Latest