Connect with us

vazhivilakku

പത്ത് രാത്രികള്‍

ഒരിക്കല്‍ നബി(സ) പറഞ്ഞു 'ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങളില്‍ ചെയ്യുന്ന സത്കര്‍മങ്ങളേക്കാള്‍ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതായ മറ്റൊരു ദിവസങ്ങളിലെയും സത്കര്‍മങ്ങളില്ല.' അപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിനേക്കാളുമോ?' പ്രവാചകര്‍(സ) പറഞ്ഞു: 'അതേ, ജിഹാദിനേക്കാളും. എന്നാല്‍ തന്റെ ജീവനും സ്വത്തുമായി പുറപ്പെടുകയും, അതില്‍ ഒന്ന് പോലും തിരികെ കൊണ്ടുവരാതെ രക്തസാക്ഷിയാകുകയും ചെയ്ത ഒരു മനുഷ്യന്റെ കാര്യം ഇതില്‍ നിന്ന് ഒഴിവാണ്' (ബുഖാരി).

Published

|

Last Updated

വിശുദ്ധ ഖുര്‍ആനിലെ 89ാം സൂക്തം അല്‍ഫജ്്ര്‍ ചില കാര്യങ്ങളെ സാക്ഷിയാക്കി ആണയിട്ടാണ് തുടങ്ങുന്നത്. അതിലൊന്നാണ് ലയാലിന്‍ അശ്ര്‍ അഥവാ പത്ത് രാത്രികള്‍. ഈ പത്ത് രാത്രികള്‍ എന്നതിനാലുള്ള ഉദ്ദേശ്യം ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണെന്ന് ഇബ്നു അബ്ബാസ്(റ)വും മുജാഹിദ്(റ)വും അടക്കമുള്ള പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നുണ്ട്. ഒരു കാര്യത്തെ സാക്ഷിനിര്‍ത്തി ഖുര്‍ആന്‍ സത്യം ചെയ്യണമെങ്കില്‍ അത് അത്രയും പ്രധാനപ്പെട്ട കാര്യമാണെന്നാണ് വിവക്ഷ. ചുരുക്കത്തില്‍ ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്ത് അത്രയും പ്രധാനപ്പെട്ട ദിവസങ്ങളാണെന്ന് ചുരുക്കം.

വിശുദ്ധ റമസാനിലെ അവസാനത്തെ പത്ത് രാവുകള്‍ക്ക് എത്രത്തോളം പ്രാധാന്യമുണ്ടോ, അത്രത്തോളം തന്നെ അല്ലെങ്കില്‍ അതിനേക്കാളേറെ പ്രാധാന്യമുണ്ട് ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്ത് ദിനങ്ങള്‍ എന്ന് വ്യക്തമാക്കിയ പണ്ഡിതന്മാരെയും കാണാം. ഒരിക്കല്‍ നബി(സ) പറഞ്ഞു ‘ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങളില്‍ ചെയ്യുന്ന സത്കര്‍മങ്ങളേക്കാള്‍ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതായ മറ്റൊരു ദിവസങ്ങളിലെയും സത്കര്‍മങ്ങളില്ല.’ അപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിനേക്കാളുമോ?’ പ്രവാചകര്‍(സ) പറഞ്ഞു: ‘അതേ, ജിഹാദിനേക്കാളും. എന്നാല്‍ തന്റെ ജീവനും സ്വത്തുമായി പുറപ്പെടുകയും, അതില്‍ ഒന്ന് പോലും തിരികെ കൊണ്ടുവരാതെ രക്തസാക്ഷിയാകുകയും ചെയ്ത ഒരു മനുഷ്യന്റെ കാര്യം ഇതില്‍ നിന്ന് ഒഴിവാണ്’ (ബുഖാരി).

മുന്‍ഗാമികളായ പണ്ഡിതരും സ്വാലിഹീങ്ങളും ആ പ്രാധാന്യം പരിഗണിക്കുകയും ജനങ്ങള്‍ക്കിടയില്‍ വിളംബരം ചെയ്യുകയും ചെയ്തിരുന്നു. നബി(സ)യുടെ സ്വഹാബികളില്‍ പ്രമുഖരായ അബൂഹുറൈറ (റ), അബ്ദുല്ലാഹിബ്നു ഉമര്‍ (റ) എന്നിവര്‍ ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങളില്‍ അങ്ങാടികളിലേക്ക് ഇറങ്ങിച്ചെല്ലുകയും ഉച്ചത്തില്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കുകയും ചെയ്യുമായിരുന്നു. വ്യക്തിപരമായ ആരാധനയില്‍ ഒതുങ്ങാതെ, ലൗകിക കാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന കച്ചവടക്കാരെയും സാധാരണക്കാരെയും ഈ ദിവസങ്ങളുടെ മഹത്വം ഓര്‍മിപ്പിക്കാന്‍ വേണ്ടിയായിരുന്നു അവര്‍ ഇത് ചെയ്തത്. അവരുടെ തക്ബീര്‍ കേട്ട് അങ്ങാടിയിലുള്ള മുഴുവന്‍ ആളുകളും ഒന്നിച്ച് തക്ബീര്‍ ചൊല്ലുമായിരുന്നു. താബിഈ പ്രമുഖനായ സഈദ് ബിന്‍ ജുബൈര്‍ (റ) ‘ഈ പത്ത് രാവുകളില്‍ നിങ്ങളുടെ വിളക്കുകള്‍ നിങ്ങള്‍ അണയ്ക്കരുത്’ എന്ന് പറയുമായിരുന്നു. അതായത്, രാത്രി ഉറങ്ങാതെ തഹജ്ജുദ് നിസ്‌കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകണമെന്നാണ് അദ്ദേഹം ഇതിലൂടെ ഉപദേശിച്ചത്. മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയാത്തത്ര വലിയ തോതില്‍ അദ്ദേഹം ഈ ദിവസങ്ങളില്‍ ഇബാദത്തുകള്‍ ചെയ്യുമായിരുന്നു. ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്(റ) തന്റെ ഭരണത്തിന്‍ കീഴിലുള്ള വിവിധ പ്രദേശങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് ദുല്‍ഹിജ്ജയെ വരവേല്‍ക്കാന്‍ നിര്‍ദേശിച്ച് പ്രത്യേക കത്തുകള്‍ അയച്ചിരുന്നു. ഈ പാരമ്പര്യത്തെ ഒട്ടും വീഴ്ചയില്ലാതെ നിലനിര്‍ത്താന്‍ നമുക്ക് സാധിക്കണം.

ഈ ദിവസങ്ങളില്‍ പ്രത്യേകം നിര്‍ദേശിക്കപ്പെട്ട സുകൃതങ്ങളില്‍ ഒന്ന് വ്രതാനുഷ്ഠാനമാണ്. ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ദിവസങ്ങളില്‍ നോമ്പെടുക്കല്‍ സുന്നത്താണ്. പ്രത്യേകിച്ച് ഒന്പതാമത്തെ ദിവസമായ അറഫാ നോമ്പ് ഒരു കാരണവശാലും ഉപേക്ഷിക്കരുത്. നബി(സ) പറഞ്ഞു: അറഫാ ദിവസത്തെ നോമ്പ് കാരണം കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും പാപങ്ങളെ അല്ലാഹു പൊറുത്തു തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (മുസ്‌ലിം).

ധാരാളം ദിക്റുകള്‍, പ്രത്യേകിച്ച് തക്ബീര്‍ വര്‍ധിപ്പിക്കുകയാണ് മറ്റൊരു പ്രധാന ആരാധന. ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ബലിമൃഗങ്ങളെ കണ്ടാലും അറഫാ ദിവസം മുതല്‍ നിസ്‌കാര ശേഷവും പ്രത്യേകം തക്ബീര്‍ മുഴക്കല്‍ സുന്നത്തുണ്ട്. പെരുന്നാള്‍ രാത്രിയിലെ തക്ബീര്‍ സുപരിചിതമായ കാര്യമാണ്. പെരുന്നാള്‍ സുദിനത്തിലെ നിസ്‌കാരവും ദാനധര്‍മങ്ങളും ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കലും ഈ കൂട്ടത്തില്‍ ചേര്‍ത്തുപറയേണ്ടതാണ്. ഉളുഹിയ്യത്താണ് പെരുന്നാള്‍ ദിവസത്തില്‍ ഏറെ പെരുമയുള്ള മറ്റൊരു സുകൃതം.

 

Latest