Connect with us

Articles

'സി ജെ പി'യെ ആരാണ് ഭയക്കുന്നത്?

നേപ്പാളിലെ ജനകീയ മുന്നേറ്റങ്ങളും ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടുവരുന്ന ജെന്‍-സെഡ് രാഷ്ട്രീയ ഇടപെടലുകളും തമ്മില്‍ താരതമ്യം ചെയ്യാവുന്ന ചില പ്രസക്തമായ തലങ്ങളുണ്ട്. രണ്ടും വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിലാണെങ്കിലും അടിത്തട്ടിലെ മാറ്റങ്ങള്‍ സമാനമാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെ നിസ്സംഗതക്കെതിരെയുള്ള പോരാട്ടമാണ് നേപ്പാളില്‍ നടന്നതെങ്കില്‍ സമാനമായ സാഹചര്യത്തിലാണ് ഇന്ത്യയില്‍ ഇങ്ങനെ ഒരു യുവജന കൂട്ടായ്മ രൂപപ്പെട്ടു വരുന്നത്.

Published

|

Last Updated

സുപ്രീം കോടതിയില്‍ മേയ് 15ന് തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുമ്പോള്‍ ഉണ്ടായ വാദപ്രതിവാദങ്ങള്‍ക്കിടെ ജസ്റ്റിസ് സൂര്യകാന്ത് ഒരു പരാമര്‍ശം നടത്തി. അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു, ‘നമ്മുടെ സമൂഹത്തില്‍ പാറ്റകളെപ്പോലെയുള്ള യുവാക്കളുണ്ട്. അവര്‍ ഒരു ലക്ഷ്യവുമില്ലാതെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് അലഞ്ഞുതിരിയുന്ന പാറ്റകളെപ്പോലെയായി മാറിക്കഴിഞ്ഞു. അവര്‍ക്ക് ഒരു തൊഴിലും ലഭിക്കുന്നില്ല. അവരില്‍ ചിലര്‍ ജേര്‍ണലിസത്തിലേക്ക് പോകുന്നു. ചിലര്‍ സോഷ്യല്‍ മീഡിയയിലേക്ക് പോകുന്നു. ചിലര്‍ വിവരാവകാശ പ്രവര്‍ത്തകരാകുന്നു. മറ്റു ചിലര്‍ മറ്റ് ആക്ടിവിസ്റ്റുകളാകുന്നു. അങ്ങനെ അവര്‍ എല്ലാവരെയും ആക്രമിക്കാന്‍ തുടങ്ങുന്നു’. കോടതിയിലെ വാദത്തിനിടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ടെന്ന് വാദിച്ച അഭിഭാഷകനോട് മറുപടിയായാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

തൊഴിലില്ലായ്മയില്‍ ശ്വാസംമുട്ടുന്ന ഒരു ജനതക്ക് മുന്നില്‍ പ്രശ്നത്തില്‍ ക്രിയാത്മകമായ ഇടപെടേണ്ട ഭരണകൂടത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് ഓര്‍മപ്പെടുത്തിയപ്പോള്‍ രാജ്യത്തെ പരമോന്നത കോടതിയിലെ ന്യായാധിപനില്‍ നിന്ന് വരേണ്യ വര്‍ഗത്തിന്റെ അഹന്തയില്‍ പൊതിഞ്ഞ അസഹിഷ്ണുതയാണ് പുറത്തുവന്നത്. ഇത് കേവലം മനോഭാവപരമായ പ്രശ്നം മാത്രമായി കാണാന്‍ കഴിയുന്നതല്ല. മനുഷ്യനെ കേവലം ഒരു സാമ്പത്തിക ഉപകരണം മാത്രമായി കാണുന്ന ഈ കാഴ്ചപ്പാടിനെ ഡിഹ്യൂമനൈസേഷന്‍ അഥവാ മനുഷ്യത്വവിരുദ്ധ നിലപാടായി വായിക്കേണ്ടതുണ്ട്. തൊഴിലില്ലായ്മ എന്ന വലിയൊരു പ്രശ്നത്തെ ഒരു വ്യക്തിയുടെ പരാജയമായി ചിത്രീകരിക്കുമ്പോള്‍ ന്യായാധിപന്റെ നീതിബോധം കൂടി ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്.

ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റും ചേര്‍ന്ന് തയ്യാറാക്കിയ 2024ലെ ഇന്ത്യ എംപ്ലോയ്‌മെന്റ് റിപോര്‍ട്ടില്‍ ഇന്ത്യയിലെ തൊഴിലില്ലാത്തവരില്‍ 83 ശതമാനവും യുവാക്കള്‍ ആണെന്നും, വിദ്യാഭ്യാസം നേടിയ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 29.1 ശതമാനമാണെന്നും പറയുന്നുണ്ട്. ഈ വസ്തുതകള്‍ മുന്നിലിരിക്കെയാണ് ആ ന്യായാധിപന്‍ കണ്ണടച്ച് ഇരുട്ടാക്കിയിരിക്കുന്നത്. സമൂഹത്തിന്റെ അടിസ്ഥാന യാഥാര്‍ഥ്യങ്ങളോ തൊഴിലില്ലായ്മയുടെ ആഴമോ മനസ്സിലാക്കാതെ യുവാക്കളെ ബാധ്യതയായി കാണുന്ന നമ്മുടെ നീതിപീഠം ഇവിടെ അധികാരത്തിന്റെ അന്ധത ബാധിച്ച സംവിധാനമാണെന്ന് ഓര്‍മപ്പെടുത്തുകയാണ്. ഭരണകൂടത്തിന്റെ നാവായി പ്രവര്‍ത്തിച്ച ജസ്റ്റിസ് സൂര്യകാന്തിന് തന്റെ നിലപാട് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് വിശദീകരിക്കേണ്ട സാഹചര്യം ഉണ്ടായത് അതുണ്ടാക്കിയ യുവജന രോഷത്തിന്റെ പ്രതിഫലനം കൊണ്ട് മാത്രമായിരിക്കണം.

പാറ്റകളുടെ പ്രതിഷേധം
ജസ്റ്റിസ് സൂര്യകാന്തിന്റെ പരിഹാസത്തില്‍ അഭിമാനനഷ്ടം സംഭവിച്ച രാജ്യത്തെ യുവാക്കള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടിച്ച് അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ്. കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു അക്കൗണ്ടിന് ലഭിച്ച സ്വീകാര്യതയാണ് ഇപ്പോള്‍ ഭരണകൂടത്തിന് വലിയ തലവേദനയായി മാറിയിരിക്കുന്നത്. അവര്‍ രാഷ്ട്രീയ പ്രശ്നങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. തൊഴിലില്ലായ്മ, ഉദ്യോഗാര്‍ഥികളുടെ ദുരിതം, ഭരണകൂടത്തിന്റെ അവഗണന, പാറ്റകളുടെ വേഷം ധരിച്ചുള്ള പ്രതിഷേധങ്ങള്‍, ക്ലീനപ്പ് ഡ്രൈവുകള്‍ എന്നിവ വീഡിയോ രൂപത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ബി ജെ പി, കോണ്‍ഗ്രസ്സ് പോലുള്ള പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിനേക്കാള്‍ പിന്തുണയും റീച്ചും ഇവര്‍ക്ക് കിട്ടുന്നുണ്ട്. അതിന്റെ അപകടം മനസ്സിലാക്കിയാണ് സര്‍ക്കാര്‍ സാമൂഹിക മാധ്യമമായ എക്സിലെ ഒരു അക്കൗണ്ട് മരവിപ്പിച്ചത്. പൊളിറ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റായ അഭിജീത് ദിപ്കെ എന്ന യുവാവാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയെ നയിക്കുന്നത്. ഇതൊരു ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയല്ല, സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന ഒരു പ്രതിഷേധ കൂട്ടായ്മ മാത്രമാണ്. എന്നാല്‍ ഭാവിയില്‍ ഭരണകൂടത്തിന് തലവേദനയാകാം എന്ന് ബി ജെ പി കണക്കുകൂട്ടുന്നുണ്ട്.

രാഷ്ട്രീയ വിപ്ലവമായി മാറുമോ?
രാഷ്ട്രീയത്തെ തെരുവില്‍ നിന്ന് സാമൂഹിക മാധ്യമങ്ങളിലേക്കും അതുപോലെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് തെരുവിലേക്കും എളുപ്പം മാറ്റി പാര്‍പ്പിക്കാന്‍ ശേഷിയുള്ള തലമുറയാണ് ജെന്‍-സെഡ്. അധികാരത്തെയും ഭരണകൂടത്തെയും വിശ്വസിക്കാതെ, വസ്തുതകള്‍ പരിശോധിക്കാനും ചോദ്യം ചെയ്യാനും ഈ തലമുറ മിടുക്കരാണ്. അന്ധമായ രാഷ്ട്രീയ വിധേയത്വം പ്രകടിപ്പിക്കുന്നവര്‍ ഈ തലമുറയില്‍ കുറവാണ്. പഴയ തലമുറയുടെ മുന്‍ഗണനകളില്‍ നിന്ന് വ്യത്യസ്തമായി ജെന്‍-സെഡ് തലമുറ സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം, മാനസിക ആരോഗ്യം, തൊഴില്‍ അവകാശങ്ങള്‍ എന്നിവക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഈ മൂല്യങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയത്തെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. തലമുറകള്‍ തമ്മിലുള്ള ഈ ചേര്‍ച്ചയില്ലായ്മയാണ് പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളില്‍ യുവാക്കളുടെ സാന്നിധ്യം കുറയുന്നതിന് കാരണവും. അവര്‍ ഇതിനെ യുവാക്കളില്‍ അരാഷ്ട്രീയ ബോധം കടന്നു കൂടുന്നു എന്ന് വിലയിരുത്തുമ്പോള്‍ സത്യത്തില്‍ ഈ കൂട്ടം സ്വതന്ത്രമായ ഒരു രാഷ്ട്രീയ ലോകത്തെ ക്രമപ്പെടുത്തുകയാണ്. അതേസമയം അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടമായി ഇത് അപകടം ചെയ്യാനുള്ള സാധ്യതയും മുന്നിലുണ്ട്. എന്തായാലും ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കമായിരിക്കാം.

ഇന്റര്‍നെറ്റ് വഴി ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ ഒരേ ആശയത്തില്‍ വിശ്വസിക്കുന്ന കോടിക്കണക്കിന് യുവാക്കളെ ഏകോപിപ്പിക്കാന്‍ ഈ സാമൂഹിക മാധ്യമ കൂട്ടായ്മക്ക് കഴിയുന്നുണ്ട്. ഒരു വാര്‍ത്തയോ വിഷയമോ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാക്കി മാറ്റാന്‍ കഴിയുന്നു. വലിയൊരു വിപ്ലവത്തിന് വഴിമരുന്നിടാന്‍ രാഷ്ട്രീയമോ സാമ്പത്തികമോ ആയ അധിക മൂലധനം ഇവിടെ വേണ്ടിവരില്ല.

ഭാവിയും ഭീഷണിയും
2025ല്‍ നേപ്പാളില്‍ നടന്ന ജെന്‍സി വിപ്ലവത്തിന് സമാനമായ ഒന്ന് ഇന്ത്യയില്‍ നടക്കുമോ എന്ന് ഉറ്റുനോക്കുന്നവരും ആശങ്കപ്പെടുന്നവരും ഉണ്ട്. നേപ്പാളിലെ ജനകീയ മുന്നേറ്റങ്ങളും ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടുവരുന്ന ജെന്‍-സെഡ് രാഷ്ട്രീയ ഇടപെടലുകളും തമ്മില്‍ താരതമ്യം ചെയ്യാവുന്ന ചില പ്രസക്തമായ തലങ്ങളുണ്ട്. രണ്ടും വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിലാണെങ്കിലും അടിത്തട്ടിലെ മാറ്റങ്ങള്‍ സമാനമാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെ നിസ്സംഗതക്കെതിരെയുള്ള പോരാട്ടമാണ് നേപ്പാളില്‍ നടന്നതെങ്കില്‍ സമാനമായ സാഹചര്യത്തിലാണ് ഇന്ത്യയില്‍ ഇങ്ങനെ ഒരു യുവജന കൂട്ടായ്മ രൂപപ്പെട്ടു വരുന്നത്.

നേപ്പാളിലെ മുന്നേറ്റം ഒരു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വളരെ വേഗം പരിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. അവര്‍ ഔദ്യോഗികമായി പാര്‍ട്ടി രൂപവത്കരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയിലെ നിലവിലെ കോക്രോച്ച് ജനതാ പാര്‍ട്ടി ഇപ്പോഴും ഒരു പ്രതിഷേധ-ആശയ തലത്തിലാണ് നില്‍ക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മാറുമോ, അതൊരു സാമൂഹിക മാധ്യമ മുന്നേറ്റം മാത്രമായി അവസാനിപ്പിക്കുമോ എന്നത് വരും കാലങ്ങളില്‍ കണ്ടറിയണം.

വികാരപരമായ ഒരു പ്രതിഷേധത്തിന് ശേഷം ആവേശം കുറയുമ്പോള്‍ മുന്നേറ്റം അവസാനിച്ചു പോകാനാണ് സാധ്യത കൂടുതല്‍. എന്തായാലും നേപ്പാളിലെ മാറ്റങ്ങള്‍ ഒരു പാഠപുസ്തകം പോലെ ഇന്ത്യയിലെ യുവതലമുറക്ക് മുമ്പിലുണ്ട്. അതുകൊണ്ട് തന്നെ ഭരണകൂടത്തിന് കുറേക്കൂടി ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടിവരും എന്ന അപായ സൂചന നല്‍കാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് ആയിട്ടുണ്ട് എന്നതില്‍ തര്‍ക്കമുണ്ടാകില്ല. ഇന്ത്യന്‍ ജനാധിപത്യം സാമൂഹിക മാധ്യമങ്ങളിലൂടെ നവീകരിക്കപ്പെടുന്നു എന്ന വലിയ പ്രതീക്ഷയും ഇത് നല്‍കുന്നുണ്ട്.

 

---- facebook comment plugin here -----

Latest