From the print
തെക്ക്-വടക്ക് റെയില്‍പ്പാത: ബദല്‍ പഠിക്കും
സബര്‍ബന്‍ റെയില്‍, അതിവേഗ റെയില്‍പ്പാത പരിശോധിക്കും.
കണ്ണൂര്‍ | അമിതമായ സാമ്പത്തിക ബാധ്യതയും സ്ഥലമെടുപ്പിലെ വെല്ലുവിളിയും പാരിസ്ഥിതിക പ്രശ്നവും കണക്കിലെടുത്ത് റദ്ദാക്കിയ സില്‍വര്‍ലൈന്‍ പദ്ധതിക്ക് പകരം സാമ്പത്തിക ബാധ്യത കുറഞ്ഞതും സ്ഥലമെടുപ്പ് അധികം ഇല്ലാത്തതുമായ അതിവേഗ സര്‍വീസ് സര്‍ക്കാര്‍ പരിഗണിച്ചേക്കും. സാമ്പത്തിക ബാധ്യതയോ പരിസ്ഥിതിനാശമോ ഉണ്ടാക്കാത്ത പുതിയ യാത്രാ പദ്ധതികള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുക. കെ റെയിലിന് ബദലായി യു ഡി എഫ് നേരത്തേ ഉയര്‍ത്തിക്കാട്ടിയ സബര്‍ബന്‍ റെയില്‍, ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍പ്പാത ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികളെക്കുറിച്ചാകും സര്‍ക്കാര്‍ പഠിക്കുക. പുതിയ മൂന്നും നാലും പാത, നിലവിലുള്ള പാതയില്‍ വളവുകള്‍ കുറച്ച് വേഗം കൂട്ടല്‍ തുടങ്ങി നേരത്തേ ചര്‍ച്ച ചെയ്യപ്പെട്ട ബദലുകളെക്കുറിച്ചും പരിശോധിക്കും.
സംസ്ഥാനത്തെ യാത്രാപ്രശ്നങ്ങള്‍ക്ക് പരിഹാരമായി അതിവേഗ റെയില്‍പ്പാത വേണമെന്നതില്‍ തര്‍ക്കമില്ലെന്ന് ചൂണ്ടിക്കാട്ടുന്ന യു ഡി എഫ്, സര്‍ക്കാര്‍ വികസനവിരുദ്ധരെന്ന പഴി കേള്‍ക്കാതിരിക്കാന്‍ കൂടിയാകും പുതിയ പദ്ധതികളുടെ ആലോചനകളിലേക്ക് വേഗത്തില്‍ കടക്കുക. വന്‍കിട പദ്ധതികള്‍ക്കോ വികസനത്തിനോ എതിരല്ലെന്ന് യു ഡി എഫ് നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ യാത്രാപ്രശ്നത്തിന് പരിഹാരമായി അതിവേഗ തെക്ക്- വടക്ക് റെയില്‍പ്പാതക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് യു ഡി എഫിന്റെ പ്രകടനപത്രികയിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് അതിവേഗ ട്രെയിന്‍ സര്‍വീസ് വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വവും വ്യക്തമാക്കുന്നത്. എളുപ്പം എത്താനാകുമെന്നതും ഗതാഗതക്കുരുക്ക് കുറക്കാമെന്നതും മാത്രമല്ല കോടിക്കണക്കിന് രൂപയുടെ ഇന്ധനം പ്രതിവര്‍ഷം ലാഭിക്കാന്‍ കഴിയുമെന്നതുള്‍പ്പെടെയുള്ള നിരവധി ഗുണങ്ങള്‍ ട്രെയിന്‍ സര്‍വീസിനുണ്ട്.
വി എസ് സര്‍ക്കാറിന്റെ കാലത്ത് 2007- 08ലെ ബജറ്റിലാണ് കെ റെയിലിന് സമാനമായ അതിവേഗ റെയില്‍പ്പാത പ്രഖ്യാപിച്ചത്. ഡി എം ആര്‍ സിയെ കണ്‍സള്‍ട്ടന്റായി നിയമിക്കുകയും ചെയ്തു. എന്നാല്‍, പദ്ധതി റിപോര്‍ട്ട് സമര്‍പ്പിച്ചത് യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ്. ഭീമമായ ബാധ്യതയും പദ്ധതിക്കെതിരെ ഉയരുന്ന ജനരോഷവും പരിഗണിച്ച് യു ഡി എഫ് അത് വേണ്ടെന്നു വെക്കുകയും ചെലവ് കുറഞ്ഞ സബര്‍ബന്‍ പദ്ധതി പരിഗണിക്കുകയുമായിരുന്നു.
നിലവിലുള്ള ലൈനുകളില്‍ കൂടി മാത്രമാണ് സബര്‍ബന്‍ ഓടുന്നത്. നിലവിലുള്ള സിഗ്‌നല്‍ സംവിധാനം മെച്ചപ്പെടുത്തുക, വളവ് നിവര്‍ത്തുക, പ്ലാറ്റ്‌ഫോം പുതുക്കിപ്പണിയുക തുടങ്ങിയവയായിരുന്നു പ്രധാന ജോലികള്‍. നിലവിലുള്ള ട്രെയിനുകളുടെ വേഗം വര്‍ധിക്കുന്നതോടൊപ്പം ഇരുപതോളം മെമു മോഡല്‍ ട്രെയിനുകള്‍ 20 മിനുട്ട് ഇടവിട്ട് 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയുമെന്നും കണക്കുകൂട്ടിയിരുന്നു. 2014ല്‍ കേന്ദ്രഭരണം മാറിയതോടെ ഇക്കാര്യത്തിലുള്ള നടപടികള്‍ സ്തംഭനാവസ്ഥയിലായി.
പിന്നീട് പിണറായി സര്‍ക്കാറിന്റെ കാലത്താണ് അതിവേഗ റെയിലിന്റെ അന്തിമ റിപോര്‍ട്ട് ഇ ശ്രീധരന്‍ നല്‍കിയത്. വി എസ് സര്‍ക്കാറിന്റെ അതിവേഗ റെയിലും യു ഡി എഫ് സര്‍ക്കാറിന്റെ സബര്‍ബന്‍ റെയിലും തട്ടിമാറ്റിയാണ് പിണറായി സര്‍ക്കാര്‍ കെ റെയിലിന്റെ പിന്നാലെ പോയത്.
അതേസമയം, സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും വേഗപാത നിര്‍മിക്കാമെന്ന ഡി എം ആര്‍ സി മുന്‍ മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്റെ നിര്‍ദേശവും സര്‍ക്കാര്‍ പഠിക്കും. പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശന് നിര്‍ദേശങ്ങള്‍ അന്ന് ശ്രീധരന്‍ സമര്‍പ്പിച്ചിരുന്നു. തുടക്കത്തില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഏകദേശം 430 കിലോമീറ്ററിലുള്ളതാണ് ഈ വേഗപാത. പദ്ധതി യാഥാര്‍ഥ്യമായാല്‍ തിരുവനന്തപുരത്ത് നിന്ന് 3.15 മണിക്കൂറില്‍ കണ്ണൂരിലെത്തുന്ന രീതിയിലുള്ളതാണ് ഈ പദ്ധതി.







