Articles
പുതിയ ഭരണം, വലിയ പ്രതീക്ഷകള്‍
കിട്ടുന്ന ഏതവസരവും വിനിയോഗിച്ച് കേരളത്തിന്റെ സാമൂഹികാന്തരീക്ഷം സ്ഫോടനാത്മകമാക്കാന്‍ ഏറെ ശ്രമിക്കുന്ന എല്ലാവരെയും അടക്കി നിര്‍ത്താന്‍ സര്‍ക്കാറിന് കഴിയണം. ഈ സംഘര്‍ഷങ്ങളില്‍ നിന്ന് ഊര്‍ജം കണ്ടെത്തി വളരാന്‍ ശ്രമിക്കുന്ന ശക്തികളെ കേരളം ഒറ്റക്കെട്ടായി നേരിടണം. ഒട്ടനവധി വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ടാണ് യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ വാഗ്ദാനങ്ങള്‍ അവര്‍ നടപ്പാക്കുമോ എന്നതാണ് ആദ്യ ചോദ്യം.
വലിയ പ്രതീക്ഷകളോടെയാണ് കേരള ജനത കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫിന് കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കി അധികാരം ഏല്‍പ്പിച്ചത്. അവര്‍ തങ്ങള്‍ക്ക് ലഭിച്ച ഈ അപൂര്‍വ അവസരം എങ്ങനെ വിനിയോഗിക്കും എന്നതാണ് ജനങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കാന്‍ പോകുന്നത്. അധികാരമൊഴിയുന്ന മുന്നണിക്ക് ഇത്ര ദയനീയ പരാജയം എങ്ങനെ ഉണ്ടായി എന്ന് തോറ്റവര്‍ സ്വയം വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ തോറ്റവര്‍ക്ക് മാത്രമല്ല ജയിച്ചവര്‍ക്കും ചില പാഠങ്ങള്‍ ഈ ജനവിധിയില്‍ ഉണ്ട് എന്നതാണ് പറയാന്‍ ശ്രമിക്കുന്നത്.
ഒട്ടനവധി വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ടാണ് യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ വാഗ്ദാനങ്ങള്‍ അവര്‍ നടപ്പാക്കുമോ എന്നതാണ് ആദ്യ ചോദ്യം. ഒപ്പം മുന്‍ സര്‍ക്കാറില്‍ ജനങ്ങള്‍ കണ്ട ദോഷങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം. ഈ സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന പ്രധാനപ്പെട്ട ഒരു വെല്ലുവിളി സാമ്പത്തികം തന്നെയാണ്. പൂച്ച പെറ്റുകിടക്കുന്ന ഖജനാവ് എന്ന് പലവട്ടം ആവര്‍ത്തിക്കപ്പെട്ടതാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കുറച്ചുകൂടി കടുത്ത എതിര്‍പ്പ് വരാനാണ് സാധ്യത. ഒട്ടനവധി ജനപ്രിയ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന പ്രഖ്യാപനത്തിന്റെ ഭാരം കെ എസ് ആര്‍ ടി സിയിലാണ് ആദ്യം വരിക എങ്കിലും അന്തിമമായി അത് സര്‍ക്കാറിന്റെ ഖജനാവില്‍ നിന്ന് തന്നെ നല്‍കേണ്ടിവരും. ആശ തൊഴിലാളികള്‍ക്ക് മിനിമം കൂലി എന്നത് ഒരിക്കലും പിറകോട്ട് പോകാന്‍ കഴിയാത്ത വാഗ്ദാനമാണ്. ഒപ്പം ക്ഷേമ പെന്‍ഷന്‍ വര്‍ധനക്കും വലിയ തോതില്‍ പണം വേണം. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള ആയിരം രൂപ അത്ര വലിയ ഭാരമാകാന്‍ വഴിയില്ല. ഒപ്പം 25 ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് പദ്ധതി കുറേക്കൂടി പഠനം ആവശ്യമാകുന്ന ഒന്നാണ്. മുന്‍ സര്‍ക്കാര്‍ കുടിശ്ശികയായി വെച്ചിട്ടുള്ള നിരവധി ചെലവുകള്‍ ഉണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ ഗഡുക്കള്‍ ബാക്കി നല്‍കാന്‍ വലിയൊരു തുക വേണം. അതിലും വളരെ വലിയ ഒരു ബാധ്യത ശമ്പള പരിഷ്‌കരണ കമ്മീഷന്‍ വഴി ഉണ്ടാകും. ഇതിനും പുറമേ പുതിയ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുകയും വേണം. ഈ ധനമെല്ലാം സമാഹരിക്കാന്‍ എന്ത് വഴിയാണ് ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി കണ്ടുവെച്ചിരിക്കുന്നത് എന്നത് കൗതുകകരമായ കാര്യമാണ്.
കേരളത്തില്‍ നികുതി പിരിവിലെ ചോര്‍ച്ചകള്‍ സംബന്ധിച്ച് നിരവധി പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് പുതിയ മുഖ്യമന്ത്രി. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ പരിഹാരം കാണാന്‍ അദ്ദേഹത്തിന് കഴിയുമോ എന്നതാണ് ഒരു പ്രധാന വെല്ലുവിളി. മുന്‍ സര്‍ക്കാറിന്റെ കാലത്ത് നടത്തിയെന്ന് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയ ധൂര്‍ത്തും പാഴ് ചെലവുകളും ഒഴിവാക്കാന്‍ ഈ സര്‍ക്കാറിന് കഴിയുമോ? പുതിയ കാറുകള്‍ വാങ്ങേണ്ടതില്ല, മന്ത്രി മന്ദിരങ്ങളില്‍ വലിയ തോതില്‍ പണം മുടക്കി നവീകരണങ്ങള്‍ ആവശ്യമില്ല, മുഖ്യമന്ത്രിക്ക് മുന്നിലും പിന്നിലും വലിയ വാഹന വ്യൂഹം ആവശ്യമില്ല തുടങ്ങിയ പ്രഖ്യാപനങ്ങള്‍ പ്രത്യാശ നല്‍കുന്നു. പക്ഷേ ഇത് തുടരാന്‍ കഴിയുമോ? ജനങ്ങളുമായി രാഷ്ട്രീയ നേതാക്കള്‍ക്കുണ്ടായിരുന്ന ബന്ധത്തില്‍ വീഴ്ച വന്നതാണ് മുന്‍ സര്‍ക്കാറിനെ തോല്‍പ്പിച്ചത് എന്നറിഞ്ഞു കൊണ്ട് തിരുത്താന്‍ പുതിയ സര്‍ക്കാര്‍ തയ്യാറാകുമോ?
ഈ സര്‍ക്കാറിന്റെ പ്രധാന കടമ്പകളില്‍ പെടുന്ന മറ്റു ചില കാര്യങ്ങളുണ്ട്. വികസനം എന്ന വാക്ക് പലവട്ടം ആവര്‍ത്തിച്ച് പ്രചാരണം നടത്തിയാല്‍ മാത്രം ജനങ്ങള്‍ പിന്തുണക്കില്ല. കെ റെയില്‍ വികസന പദ്ധതി പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തിയതായി ഔദ്യോഗികമായി സമ്മതിച്ചു. പ്രസ്തുത പദ്ധതിയുടെ വിജ്ഞാപനം പിന്‍വലിക്കുകയും ആശങ്കയില്‍ കഴിയുന്ന ഭൂവുടമകളെ രക്ഷിക്കുകയും വേണം. ഒപ്പം അതിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ശബരിമലയിലെ സ്വര്‍ണക്കൊള്ളയിലെ ശരിയായ പ്രതികളെ കണ്ടെത്തി ശിക്ഷിക്കണം. ഇതൊക്കെ സമയബന്ധിതമായി പൂര്‍ത്തിയാക്കണം.
കിട്ടുന്ന ഏതവസരവും വിനിയോഗിച്ച് കേരളത്തിന്റെ സാമൂഹികാന്തരീക്ഷം സ്ഫോടനാത്മകമാക്കാന്‍ ഏറെ ശ്രമിക്കുന്ന എല്ലാവരെയും അടക്കി നിര്‍ത്താന്‍ സര്‍ക്കാറിന് കഴിയണം. ഈ സംഘര്‍ഷങ്ങളില്‍ നിന്ന് ഊര്‍ജം കണ്ടെത്തി വളരാന്‍ ശ്രമിക്കുന്ന ശക്തികളെ കേരളം ഒറ്റക്കെട്ടായി നേരിടണം.
മേല്‍പ്പറഞ്ഞ പ്രതീക്ഷകളുടെയും ആശങ്കകളുടെയും ഉറവിടം ഭരണ മുന്നണിക്ക് പുറത്താണ്. എന്നാല്‍ മുന്നണിയുടെ ഉള്ളിലെ ചില പ്രശ്നങ്ങളും ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രിയെ കണ്ടെത്താന്‍ വൈകിയത് ഒരു ഉദാഹരണം മാത്രം. ഒരു ജനാധിപത്യ സമൂഹത്തില്‍ ഇത്തരം തര്‍ക്കങ്ങള്‍ ഉണ്ടാകാം. പക്ഷേ അവക്ക് സമയബന്ധിതമായി പരിഹാരം ഉണ്ടാക്കാന്‍ നേതൃത്വത്തിന് കഴിയണം. ഘടക കക്ഷികളുടെ അകമഴിഞ്ഞ പിന്തുണ മുഖ്യമന്ത്രിക്കുണ്ട്. എന്നാല്‍ സ്വന്തം കക്ഷിക്കകത്തെ തര്‍ക്കങ്ങളുടെ ചില ലക്ഷണങ്ങള്‍ മന്ത്രിസഭാ രൂപവത്കരണത്തില്‍ പ്രകടമായി. ഇത് തുടരുന്നത് ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കും. ചുരുക്കത്തില്‍ മുള്ളും പൂവും നിറഞ്ഞ പാതയിലൂടെയാണ് സര്‍ക്കാറിന് പോകാനുള്ളത്. ജനങ്ങള്‍ക്ക് ഗുണപരമായി മാറട്ടെ എന്ന് ആശംസിക്കുന്നു.







