From the print
മന്ത്രിമാര്‍ക്ക് ഓഫീസുകളായി; മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയില്‍
ഭരണത്തിന്റെ പ്രധാനകേന്ദ്രമായ സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാംനിലയിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസ്.
തിരുവനന്തപുരം | വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായി. സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലായാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഭരണത്തിന്റെ പ്രധാനകേന്ദ്രമായ നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാംനിലയിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസ്. രണ്ടാംനിലയില്‍ കെ മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് ഓഫീസ് അനുവദിച്ചു.
മന്ത്രിമാരായ മോന്‍സ് ജോസഫ്, ഷിബു ബേബിജോണ്‍ എന്നിവരുടെ ഓഫീസുകളാണ് നോര്‍ത്ത് ബ്ലോക്കിലെ ഒന്നാംനിലയിലുള്ളത്. നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയില്‍ മന്ത്രിമാരായ സണ്ണി ജോസഫിനും അനൂപ് ജേക്കബിനും ഓഫീസുകള്‍ ക്രമീകരിച്ചു. മെയിന്‍ ബ്ലോക്കിന്റെ ഒന്നാംനിലയിലാണ് മന്ത്രിമാരായ സി പി ജോണിന്റെയും എ പി അനില്‍ കുമാറിന്റെയും ഓഫീസ്. സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയില്‍ മന്ത്രി ടി സിദ്ദീഖിന്റെയും മൂന്നാംനിലയില്‍ മന്ത്രി കെ എ തുളസിയുടെയും ഓഫീസും പ്രവര്‍ത്തിക്കും.
സെക്രട്ടേറിയറ്റ് അനക്സ് മന്ദിരങ്ങളിലും മന്ത്രിമാര്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അനക്സ് ഒന്നിന്റെ നാലാംനിലയില്‍ റോജി എം ജോണും അഞ്ചാം നിലയില്‍ കെ എം ഷാജിയും ആറാം നിലയില്‍ ഒ ജെ ജനീഷും ഓഫീസുകള്‍ തുറക്കും. അനക്സ് രണ്ടില്‍ ഒന്നുമുതല്‍ മൂന്ന് വരെ നിലകളിലായി യഥാക്രമം എം ലിജു, വി ഇ അബ്ദുല്‍ഗഫൂര്‍, ബിന്ദു കൃഷ്ണ എന്നിവര്‍ക്ക് ഓഫീസുകള്‍ ലഭിച്ചപ്പോള്‍ അഞ്ചാംനിലയില്‍ പി കെ ബഷീറിനും ആറാംനിലയില്‍ പി സി വിഷ്ണുനാഥിനും ഏഴാംനിലയില്‍ എന്‍ ഷംസുദ്ദീനും അനുവദിച്ചു. മന്ത്രിമാരുെട ഓഫീസുകള്‍ യാഥാര്‍ഥ്യമായതോടെ ഭരണനടപടികള്‍ കൂടുതല്‍ വേഗത്തിലാകും.







