Connect with us

Kerala

സി എന്‍ ജി: അഞ്ച് വര്‍ഷത്തിനിടെയുണ്ടായത് 67.5 ശതമാനം വില വര്‍ധന

2021ല്‍ കേരളത്തില്‍ വിപണി വില കിലോഗ്രാമിന് 57 രൂപയായിരുന്നത് ഇന്ന് 95.50 രൂപയാണ്. കിലോക്ക് 38.5 രൂപയാണ് കൂടിയത്.

Published

|

Last Updated

കൊച്ചി | സി എന്‍ ജി (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) വിലയില്‍ സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായത് 67.5 ശതമാനം വര്‍ധന. 2021ല്‍ കേരളത്തില്‍ വിപണി വില കിലോഗ്രാമിന് 57 രൂപയായിരുന്നത് ഇന്ന് 95.50 രൂപയാണ്. കിലോക്ക് 38.5 രൂപയാണ് കൂടിയത്. സി എന്‍ ജിക്ക് മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 90 രൂപയില്‍ നിന്ന് രണ്ടാഴ്ചക്ക് ശേഷം ഏപ്രില്‍ ഒന്നിന് വില 92.50 രൂപയിലെത്തി. തുടര്‍ന്ന് മെയ് രണ്ടാം വാരത്തോടെ 93 രൂപയിലേക്ക് ഉയര്‍ന്നു. ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ കിലോക്ക് 1.50 രൂപയുടെ വര്‍ധനയോടെ വില 94.50 രൂപയായി. കഴിഞ്ഞദിവസം വീണ്ടും ഒരു രൂപ കൂട്ടി. നിലവില്‍ സംസ്ഥാനത്തെ പ്രധാന സി എന്‍ ജി വിതരണക്കാരിലൊന്നായ എ ജി പി തിങ്ക് ഗ്യാസിന്റെ പമ്പുകളില്‍ 95.50 രൂപയാണ് വില. മൂന്ന് മാസം കൊണ്ട് 5.50 രൂപയുടെ വര്‍ധനയാണ് കേരളത്തില്‍ ഉണ്ടായത്. മറ്റു വിതരണക്കാരും അടുത്ത ദിവസങ്ങളിലായി വില ഉയര്‍ത്തുമെന്നാണ് വിവരം.

ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസാണ് മാഹിയടക്കമുള്ള സംസ്ഥാനത്തെ ഭൂരിഭാഗം പമ്പുകളും കൈയടക്കുന്നത്. എന്നാല്‍, തെക്കന്‍ ജില്ലകളായ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ എ ജി പി തിങ്ക് ഗ്യാസാണ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഷോല ഗ്യാസ് കോ എന്ന കമ്പനിയും. കൊച്ചി പെട്രോനെറ്റില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ഉടനീളമുള്ള വിതരണം.

നിലവില്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ വിലയില്‍ നേരിയ വ്യത്യാസമുണ്ടെങ്കിലും സംസ്ഥാനത്ത് പൊതുവേ കമ്പനികള്‍ ഏകീകൃത വിലയിലാണ് വില്‍പന നടത്തുന്നത്. അതേസമയം, പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ സി എന്‍ ജി വില രാജ്യത്താകമാനം വീണ്ടും ഉയരാനാണ് സാധ്യത. ഒരുകാലത്ത് പെട്രോള്‍-ഡീസല്‍ വിലയെ ഭയന്ന് ലക്ഷക്കണക്കിന് ഓട്ടോ ടാക്‌സി തൊഴിലാളികളാണ് സി എന്‍ ജിയിലേക്ക് ചേക്കേറിയത്. ശുദ്ധവും മലിനീകരണം കുറഞ്ഞതുമായ ഇന്ധനമെന്ന് നിലയില്‍ സി എന്‍ ജി സ്വീകരിക്കുന്നതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍, തുടര്‍ച്ചയായ വിലവര്‍ധന ഉപഭോക്താക്കളെ നിരാശപ്പെടുത്തുകയാണ്. പെട്രോള്‍-ഡീസല്‍ വിലയുമായുള്ള അന്തരം കുറഞ്ഞതോടെ ഓട്ടോ ടാക്‌സി തൊഴിലാളികളും സി എന്‍ ജിയില്‍ നിന്നും അകലുകയാണ്.

 

 

---- facebook comment plugin here -----

Latest