Kerala
പാര്‍ട്ടിക്കെതിരെ പ്രചരിപ്പിക്കുന്നത് നുണക്കഥകള്‍: സി പി എം
വീണാ ജോര്‍ജ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാണ്. അവരുടെ അഭിപ്രായങ്ങള്‍ അവിടെയാണ് പറയുക. എന്നാല്‍, ജില്ലാ കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ അവര്‍ അഭിപ്രായം പറഞ്ഞുവെന്നാണ് വാര്‍ത്തകള്‍. ഇതിന് യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല.
പത്തനംതിട്ട | സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലെയും ജില്ലാ കമ്മിറ്റി യോഗത്തിലെയും ചര്‍ച്ചകളെന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് നുണക്കഥകളും ഊഹാപോഹങ്ങളുമാണെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം. വീണാ ജോര്‍ജ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാണ്. അവരുടെ അഭിപ്രായങ്ങള്‍ അവിടെയാണ് പറയുക. എന്നാല്‍, ജില്ലാ കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ അവര്‍ അഭിപ്രായം പറഞ്ഞുവെന്നാണ് വാര്‍ത്തകള്‍. ഇതിന് യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പ് വിശകലനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. സി പി എമ്മിന്റെ സംഘടനാ രീതിയനുസരിച്ച് ഇത്തരം യോഗങ്ങളിലെ ചര്‍ച്ചകള്‍ കൂടി കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് റിവ്യൂ തയ്യാറാക്കുക. അത് ബ്രാഞ്ച് വരെയുള്ള ഘടകങ്ങള്‍ ചര്‍ച്ച ചെയ്യും.
തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടുവെന്നത് പാര്‍ട്ടി അംഗീകരിച്ചതാണ്. അതിന്റെ മറവില്‍ കെട്ടുകഥകള്‍ അവതരിപ്പിക്കുന്നത് പാര്‍ട്ടിയെ തകര്‍ക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. എന്നാല്‍, സി പി എമ്മിനെ അറിയുന്ന ജനങ്ങള്‍ ഇത് വിശ്വസിക്കില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതും മുന്നോട്ടു പോകുന്നതും. വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്നും രാജു എബ്രഹാം വ്യക്തമാക്കി.







