Connect with us

Ongoing News

വൈവിധ്യങ്ങളുടെ സംഗമഭൂമിയായി മക്ക; ഭാഷാ അതിര്‍വരമ്പുകള്‍ മായ്ക്കാന്‍ സ്മാര്‍ട്ട് വിവര്‍ത്തന സംവിധാനങ്ങള്‍

മസ്ജിദുല്‍ ഹറമിലെ വെള്ളിയാഴ്ച ഖുതുബകളും മറ്റ് സുപ്രധാന പ്രഭാഷണങ്ങളും 'മനാറാത്തുല്‍ ഹറമൈന്‍' ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയും എഫ് എം റേഡിയോ വഴിയും ഒരേസമയം 10 ഭാഷകളിലേക്ക് തത്സമയം വിവര്‍ത്തനം ചെയ്ത് നല്‍കുന്നുണ്ട്.

Published

|

Last Updated

മക്ക | ഹജ്ജ് സീസണ്‍ ആരംഭിച്ചതോടെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് തീര്‍ഥാടകരെക്കൊണ്ട് വിശുദ്ധ നഗരമായ മക്ക മുഖരിതമായിരിക്കുകയാണ്. അറബി ഭാഷക്കൊപ്പം ഉറുദു, ഇന്തോനേഷ്യന്‍, ടര്‍ക്കിഷ്, പേര്‍ഷ്യന്‍, ബംഗാളി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്വാഹിലി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനേകം ഭാഷകളാണ് ഇപ്പോള്‍ മക്കയിലെങ്ങും കേള്‍ക്കുന്നത്. ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ ഐക്യത്തിന്റെ പ്രതിഫലനമാണ് ഈ ഭാഷാ വൈവിധ്യം. വ്യത്യസ്ത സംസ്‌കാരങ്ങള്‍ വിശുദ്ധ നഗരത്തില്‍ ഒത്തുചേരുമ്പോഴും പ്രാര്‍ഥനകളുടെയും ത്വവാഫ് (പ്രദക്ഷിണം) അടക്കമുള്ള ആരാധനാ കര്‍മങ്ങളുടെയും ഏകീകൃത സ്വഭാവം വിശ്വാസികളെ ഒരേ നൂലില്‍ കോര്‍ത്തതുപോലെ ഒന്നിപ്പിക്കുന്നു. ഭാഷാപരമായ തടസ്സങ്ങള്‍ മറികടന്ന് തീര്‍ഥാടകര്‍ക്ക് സുഗമമായി കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനായി വിപുലമായ ബഹുഭാഷാ സേവനങ്ങളാണ് സഊദി ഭരണകൂടം ഒരുക്കിയിരിക്കുന്നത്.

ഇരുഹറം കാര്യാലയങ്ങള്‍ക്കായുള്ള ജനറല്‍ അതോറിറ്റി, മസ്ജിദുല്‍ ഹറമിലെ വെള്ളിയാഴ്ച ഖുതുബകളും മറ്റ് സുപ്രധാന പ്രഭാഷണങ്ങളും ‘മനാറാത്തുല്‍ ഹറമൈന്‍’ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയും എഫ് എം റേഡിയോ വഴിയും ഒരേസമയം 10 ഭാഷകളിലേക്ക് തത്സമയം വിവര്‍ത്തനം ചെയ്ത് നല്‍കുന്നുണ്ട്. ഇതുകൂടാതെ, ഹറം പരിസരത്തുള്ള ദിശാസൂചനകള്‍ മനസ്സിലാക്കുന്നതിനും സാംസ്‌കാരിക വിവരങ്ങള്‍ അറിയുന്നതിനുമായി വയര്‍ലെസ് ഹെഡ്ഫോണുകളും ഡിജിറ്റല്‍ ഗൈഡന്‍സ് കാര്‍ഡുകളും വഴി 50-ലധികം ഭാഷകളില്‍ സഹായം ലഭ്യമാക്കിയിട്ടുണ്ട്. മസ്ജിദുല്‍ ഹറമിനുള്ളിലെ പുസ്തകങ്ങള്‍, ലഘുലേഖകള്‍, ഇലക്ട്രോണിക് സ്‌ക്രീനുകള്‍ എന്നിവയിലെ വിവരങ്ങളും വിവിധ ഭാഷകളില്‍ ലഭ്യമാണ്. വിശുദ്ധ ഖുര്‍ആന്റെ കോപ്പികളും അവയുടെ വിവിധ ഭാഷകളിലുള്ള വിവര്‍ത്തനങ്ങളും തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

പുണ്യസ്ഥലങ്ങളായ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ ബഹുഭാഷാ പ്രാവീണ്യമുള്ള ഫീല്‍ഡ് ടീമുകളെയും സന്നദ്ധപ്രവര്‍ത്തകരെയും വിന്യസിച്ചിട്ടുണ്ട്. ഇവര്‍ തീര്‍ഥാടകരുമായി അവരുടെ മാതൃഭാഷയില്‍ ആശയവിനിമയം നടത്തുകയും ആരോഗ്യം, സുരക്ഷ, ആള്‍ക്കൂട്ട നിയന്ത്രണം, മതപരമായ സംശയനിവാരണം എന്നിവയില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇസ്‌ലാമിന്റെ മാനവിക സന്ദേശം കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാനും ഹറമിലെ സേവനങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനും ഈ സംവിധാനങ്ങള്‍ തീര്‍ഥാടകരെ സഹായിക്കുന്നു. വംശീയവും സാംസ്‌കാരികവുമായ എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊണ്ട് ആഗോള മുസ്‌ലിം സമൂഹത്തിന്റെ ഒരു കൊച്ചു ലോകമായി മക്ക മാറുന്ന കാഴ്ചയാണ് ഹജ്ജ് വേളയില്‍ ദൃശ്യമാകുന്നത്.

 

Latest