Kerala
സഭാംഗങ്ങള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തതില്‍ പരിഭവമില്ല: മലങ്കര ഓര്‍ത്തഡോക്‌സ് സഭ
വിവിധ മതങ്ങളും സഭകളും സമുദായങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഇവരില്‍ നിന്നെല്ലാം മന്ത്രിമാരുണ്ടാകണം എന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയാല്‍ 140 പേരെയും മന്ത്രിമാരാക്കേണ്ടി വരും.
കോട്ടയം | സഭാംഗങ്ങള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തതില്‍ പരിഭവമില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. വിവിധ മതങ്ങളും സഭകളും സമുദായങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഇവരില്‍ നിന്നെല്ലാം മന്ത്രിമാരുണ്ടാകണം എന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയാല്‍ 140 പേരെയും മന്ത്രിമാരാക്കേണ്ടി വരുമെന്ന് സഭാ മാധ്യമ വിഭാഗം മേധാവിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് പറഞ്ഞു. ചാണ്ടി ഉമ്മനെ സഭാംഗമായി മാത്രം കാണേണ്ടെന്നും വ്യത്യസ്ഥമായ ശൈലിയില്‍ പ്രചാരണം നടത്തിയ അദ്ദേഹം കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് മികച്ച പ്രകടനം പുതുപ്പള്ളിയില്‍ നടത്തിയതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിട്ടും എന്തുകൊണ്ട് മന്ത്രിസഭയില്‍ നിന്നും പുറത്തായെന്നത് അറിയില്ല.
ചാണ്ടി ഉമ്മന്‍ മന്ത്രിയാകുമെന്ന് വോട്ട് ചെയ്ത ജനം പ്രതീക്ഷിച്ചിരുന്നു. നേതൃസ്ഥാനത്തേക്ക് വരുന്നവരുടെ യോഗ്യതകള്‍ പരിഗണിക്കുക എന്നത് നേതൃത്വം ശ്രദ്ധിക്കേണ്ടതാണെന്നും മെത്രാപ്പോലീത്ത കോട്ടയം മെത്രാസന ആസ്ഥാനമായ പാമ്പാടി ദയറായില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കവേ വ്യക്തമാക്കി. ചാണ്ടി ഉമ്മന്റെ കാര്യത്തില്‍ ജനഹിതം മനസിലാക്കാന്‍ കഴിഞ്ഞില്ല. പക്ഷെ മുഖ്യമന്ത്രിയുടെ കാര്യത്തിലും ജനഹിതം ഉണ്ടായിരുന്നു.
നീതിപീഠത്തില്‍ നിന്ന് വന്നിരിക്കുന്ന വിധികള്‍ പാലിക്കപ്പെടണം എന്നാണ് സഭ ആഗ്രഹിക്കുന്നത്. വിധി നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കാത്തതിനാലാണ് പ്രശ്‌നങ്ങള്‍ അവസാനിക്കാത്തത്. ഇരുവിഭാഗത്തിനും ദോഷം വരാത്ത രീതിയില്‍ വിധിയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് ഇരുപക്ഷത്തെയും സമന്വയിപ്പിച്ച് കൊണ്ടുപോകാന്‍ സര്‍ക്കാരിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ ദീയസ്‌കോറസ് പറഞ്ഞു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇടതിന്റെ പക്കലുണ്ടായിരുന്ന മണ്ഡലങ്ങള്‍ യു ഡി എഫിന്റെ കൈയിലേക്ക് ജനം തിരികെ നല്‍കിയിട്ടുണ്ട്. എന്നാല്‍, മന്ത്രിസഭയിലേക്കുള്ള പ്രാതിനിധ്യത്തില്‍ ഒരു മന്ത്രിസ്ഥാനവും സ്പീക്കര്‍ സ്ഥാനവും മാത്രമാണ് ലഭിച്ചത്. തിരുവഞ്ചൂരിനെപ്പൊലെയുള്ള വലിയ മനുഷ്യന്‍ മന്ത്രി പദവി അര്‍ഹിക്കുന്നുണ്ട്. ജനത്തിന്റെ ക്ഷേമത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്കൊപ്പം സഭയും നില്‍ക്കുമെന്നും മാര്‍ ദീയസ്‌കോറസ് കൂട്ടിച്ചേര്‍ത്തു.







