Connect with us

articles

വി-ഡെം റിപോര്‍ട്ടിലെ ഇന്ത്യ

ആഗോളതലത്തില്‍ ജനാധിപത്യം കനത്ത തിരിച്ചടികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍, ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ കേവലം അന്താരാഷ്ട്ര റിപോര്‍ട്ടുകളില്‍ ഒതുങ്ങരുത്. അത് ഈ രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഇന്ത്യ സ്വീകരിക്കുന്ന നയങ്ങളും നിയമപരമായ മാറ്റങ്ങളും രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ നിര്‍ണയിക്കും.

Published

|

Last Updated

ശാഹുൽഹമീദ് വെള്ളിപ്പറമ്പ്

ഗോഥെന്‍ബര്‍ഗ് യൂനിവേഴ്‌സിറ്റിയിലെ വെറൈറ്റീസ് ഓഫ് ഡെമോക്രസി (വി-ഡെം) ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 2026ലെ റിപോര്‍ട്ട് പ്രകാരം ഇന്ത്യയെ ഒരു “ഇലക്ടറല്‍ സ്വേച്ഛാധിപത്യ’ രാജ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. ലോകരാജ്യങ്ങളുടെ റാങ്കിംഗ് പട്ടികയില്‍ താഴത്തെ പകുതിയിലാണ് ഇന്ത്യയുടെ സ്ഥാനം. രാജ്യത്തെ ജനാധിപത്യ സ്വാതന്ത്ര്യത്തില്‍ തുടര്‍ച്ചയായതും ശ്രദ്ധേയവുമായ ഇടിവ് സംഭവിക്കുന്നതായി റിപോര്‍ട്ട് അടിവരയിടുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, സിവില്‍ സമൂഹത്തിന്റെ പങ്കാളിത്തം തുടങ്ങിയ മേഖലകളിലെല്ലാം കുത്തനെയുള്ള തകര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വര്‍ധിച്ചുവരുന്ന സാമൂഹിക ഭിന്നതകളും സാമ്പത്തിക വെല്ലുവിളികളും ഈ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ലോകത്തെ “ഏറ്റവും മോശം സ്വേച്ഛാധിപത്യ’ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുന്നു എന്നത് ഗൗരവകരമാണ്. ജനാധിപത്യത്തിന്റെ പതനത്തെയാണ് ഈ സ്വേച്ഛാധിപത്യ പ്രവണതകള്‍ പ്രതിഫലിപ്പിക്കുന്നത്. റാങ്കിംഗിലെ ഈ പിന്നാക്കാവസ്ഥ കേവലം പ്രതീകാത്മകമല്ല; മറിച്ച് ബഹുസ്വരത, ഭരണകൂട ഉത്തരവാദിത്വം, തുറന്ന സംവാദങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാപനങ്ങളുടെയും മൂല്യങ്ങളുടെയും തകര്‍ച്ചയുടെ സൂചിക കൂടിയാണത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യക്ക് വി-ഡെം റിപോര്‍ട്ട് നല്‍കുന്ന സന്ദേശം വ്യക്തമാണ്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചട്ടക്കൂട് കടുത്ത സമ്മര്‍ദത്തിലായിരിക്കുന്നു. ഈ നിഗമനങ്ങള്‍ ഒറ്റപ്പെട്ടതല്ല. വി-ഡെം മുതല്‍ ഫ്രീഡം ഹൗസ് വരെയുള്ള ആഗോള ഏജന്‍സികളുടെ റിപോര്‍ട്ടുകള്‍ ഈ ജനാധിപത്യ ശോഷണത്തെ ശരിവെക്കുന്നു. വിമര്‍ശനാത്മക ചിന്തയുടെയും ബഹുസ്വര സംവാദങ്ങളുടെയും വേദികളായിരുന്ന ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് നല്‍കുന്ന പുതിയ സന്ദേശം അസന്ദിഗ്ധമാണ്, പഠിക്കാനും പഠിപ്പിക്കാനും ചോദ്യം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഇനി അവിടെ ഉറപ്പില്ല. ഭരണകൂടം നിശ്ചയിക്കുന്ന അതിരുകള്‍ക്കുള്ളില്‍ നിന്ന് മാത്രം ചിന്തിക്കാന്‍ നിര്‍ബന്ധിതരാകുന്ന തരത്തില്‍ ബൗദ്ധിക സ്വാതന്ത്ര്യം കൂച്ചുവിലങ്ങിടപ്പെടുകയാണ്. റിപോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ലിബറല്‍ ഡെമോക്രസി ഇന്‍ഡക്‌സ് 179 രാജ്യങ്ങളില്‍ 105ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സാമൂഹിക തുല്യത അളക്കുന്ന ഈഗാലിറ്റേറിയന്‍ ഇന്‍ഡക്‌സില്‍ ഇന്ത്യ 138ാം സ്ഥാനത്താണ് എന്നത് രാജ്യത്തെ രൂക്ഷമായ സാമൂഹിക അസമത്വത്തെ തുറന്നുകാട്ടുന്നു. ലോക ജനസംഖ്യയുടെ 74 ശതമാനവും ഇന്ന് വിവിധ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്ക് കീഴിലാണ് ജീവിക്കുന്നത് എന്ന ആഗോള പ്രവണതയുടെ ഭാഗമായിത്തന്നെയാണ് വിദഗ്ധര്‍ ഇന്ത്യയിലെ മാറ്റങ്ങളെയും വിലയിരുത്തുന്നത്.

അക്കാദമിക സ്വാതന്ത്ര്യം ഇല്ലാതാകുമ്പോള്‍
വോട്ടവകാശം സംരക്ഷിക്കുക, തിരഞ്ഞെടുപ്പ് നടത്തുക, നിയമവാഴ്ച നിലനിര്‍ത്തുക എന്നിവ മാത്രമല്ല ക്രിയാത്മകമായ ഒരു ജനാധിപത്യത്തിന്റെ ലക്ഷണം. ഇവയെല്ലാം അനിവാര്യമാണെങ്കിലും, ഊര്‍ജസ്വലമായ ഒരു സിവില്‍ സമൂഹമാണ് പ്രവര്‍ത്തനക്ഷമമായ ഏതൊരു ജനാധിപത്യ വ്യവസ്ഥയുടെയും അടിസ്ഥാനം. തെളിവുകളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിനും അര്‍ഥവത്തായ പൗരസംവാദങ്ങള്‍ക്കും അവിടെ തുറന്ന വേദികളുണ്ടാകണം. എന്നാല്‍, അന്വേഷണാത്മകത വളര്‍ത്താനും സംവാദങ്ങള്‍ സംഘടിപ്പിക്കാനും അറിവ് ഉത്പാദിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സ്ഥാപനങ്ങള്‍ ഇന്ന് വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. ഫണ്ട് വെട്ടിച്ചുരുക്കല്‍, നിയമനങ്ങളിലെ നിയന്ത്രണങ്ങള്‍, സ്വയംഭരണാവകാശത്തിന്റെ നിശബ്ദമായ റദ്ദാക്കല്‍ തുടങ്ങിയവയിലൂടെയാണ് സമ്മര്‍ദങ്ങള്‍ പ്രകടമാകുന്നത്. അക്കാദമിക് ഇടങ്ങള്‍ ചുരുങ്ങുന്നതോടെ, വിമര്‍ശനാത്മകമായി ചിന്തിക്കാനും ജനാധിപത്യപരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുമുള്ള പൗരന്റെ ശേഷിയും ഇല്ലാതാകുന്നു.

അക്കാദമിക് ഫ്രീഡം ഇന്‍ഡക്‌സ് 2026 പ്രകാരം, ലോകത്ത് ഏറ്റവും കുറഞ്ഞ അക്കാദമിക് സ്വാതന്ത്ര്യമുള്ള താഴെത്തട്ടിലെ 10-20 ശതമാനം രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്നത്തെ ഇന്ത്യ. 2013 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തില്‍ വ്യവസ്ഥാപിതമായ ശോഷണം സംഭവിച്ചു. യു ജി സി, എ ഐ സി ടി ഇ തുടങ്ങിയ സ്ഥാപനങ്ങളെ ലയിപ്പിച്ച്, പാഠ്യപദ്ധതി മുതല്‍ ഗവേഷണ വിഷയങ്ങള്‍ വരെ കേന്ദ്രീകൃതമായി നിയന്ത്രിക്കപ്പെടുമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനൊരു പ്രതിവിധിയായി സര്‍വകലാശാലകള്‍ തങ്ങളുടെ ആഭ്യന്തര ഭരണസംവിധാനം ശക്തമാക്കുകയും, നിയമനങ്ങളിലും ഫണ്ട് വിനിയോഗത്തിലും രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കി സുതാര്യത ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.

2014 ജനുവരി മുതല്‍ 2026 ഏപ്രില്‍ വരെയുള്ള കാലയളവില്‍ രാജ്യത്തുടനീളമുള്ള സര്‍വകലാശാലകളിലെ 62 അക്കാദമിക് വിദഗ്ധര്‍ അവരുടെ അഭിപ്രായങ്ങളുടെയോ രാഷ്ട്രീയ നിലപാടുകളുടെയോ പേരില്‍ ശിക്ഷാനടപടികള്‍ നേരിട്ടതായി “വയര്‍’ റിപോര്‍ട്ട് ചെയ്യുന്നു. ഇര്‍ഫാന്‍ മെഹ്‌റാജിനെപ്പോലുള്ള മാധ്യമ പ്രവര്‍ത്തകരും സോനം വാംഗ്ചുകിനെപ്പോലുള്ള പരിസ്ഥിതി പ്രവര്‍ത്തകരും ജാമ്യത്തിനായി കോടതികള്‍ കയറിയിറങ്ങുമ്പോള്‍, ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട സ്വയംപ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്ക് ആവര്‍ത്തിച്ച് പരോള്‍ ലഭിക്കുന്നു. നീതിക്കും അന്തസ്സിനും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള ശബ്ദങ്ങളെ ഭരണകൂടം ഭീഷണിയായി കാണുന്നു എന്നതിന്റെ നേര്‍ചിത്രമാണിത്.

സ്വേച്ഛാധിപത്യത്തിന്റെ മുഖം
പുതിയ ആശയങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അഭയകേന്ദ്രങ്ങളാകേണ്ടത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഭൂരിപക്ഷ അഭിപ്രായങ്ങളെ ചോദ്യം ചെയ്യുന്നതിലൂടെയും അത്തരം ബൗദ്ധിക ഏറ്റുമുട്ടലുകളിലൂടെയുമാണ് ജനാധിപത്യം എക്കാലത്തും നവീകരിക്കപ്പെടുന്നത്. സ്വേച്ഛാധിപത്യം പെട്ടെന്ന് പൊട്ടിമുളക്കുന്നതല്ല; മറിച്ച് ജനാധിപത്യത്തിനകത്ത് നിശബ്ദമായും സാവധാനത്തിലുമാണ് അത് ഉയര്‍ന്നുവരുന്നത്. പ്രത്യേക വിഭാഗങ്ങളോട് വിദ്വേഷം വളര്‍ത്തി പൊതുസമൂഹത്തിന്റെ വൈകാരികാവസ്ഥയെ ചൂഷണം ചെയ്യുന്നതിലൂടെയാണത് ആരംഭിക്കുന്നത്. ഇത് ഒരിക്കല്‍ അചഞ്ചലമെന്ന് കരുതിയ ജനാധിപത്യ മൂല്യങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. ഈ പ്രക്രിയയില്‍, പൗരന്മാരും സ്ഥാപനങ്ങളും തങ്ങളറിയാതെ തന്നെ സ്വന്തം സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതില്‍ പങ്കാളികളാകുന്നു.

അക്കാദമിക്- മാധ്യമ സ്വാതന്ത്ര്യ സൂചികകളിലെ ഇടിവ് കേവലമൊരു കണക്കല്ല; അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആരോഗ്യത്തിന്റെ അളവുകോലാണ്. പണ്ഡിതരെയും ആക്ടിവിസ്റ്റുകളെയും വിദ്യാര്‍ഥികളെയും നിശബ്ദരാക്കുമ്പോള്‍, വിയോജിപ്പുകളെ കുറ്റകൃത്യമായി മുദ്രകുത്തുമ്പോള്‍, സ്ഥാപനങ്ങളെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി പിടിച്ചെടുക്കുമ്പോള്‍, തകരുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളാണ്.

മാധ്യമ വിലക്കുകളും ജനാധിപത്യത്തിന്റെ വീണ്ടെടുപ്പും
റിപോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ 2026ലെ സൂചിക പ്രകാരം മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ 157ാം സ്ഥാനത്താണ്. രാജ്യത്ത് “അപ്രഖ്യാപിത അടിയന്തരാവസ്ഥ’ക്ക് സമാനമായ സാഹചര്യമാണെന്ന് റിപോര്‍ട്ട് നിരീക്ഷിക്കുന്നു. മാധ്യമ ഉടമസ്ഥാവകാശം ഏതാനും കോര്‍പറേറ്റ് ഗ്രൂപ്പുകളില്‍ കേന്ദ്രീകരിക്കപ്പെടുന്നതും ഐ ടി നിയമങ്ങളിലെ ഭേദഗതികളും വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ ആയുധമാക്കപ്പെടുന്നു. ഫ്രീഡം ഹൗസിന്റെ 2026ലെ റിപോര്‍ട്ടും ഇന്ത്യയെ “ഭാഗികമായി മാത്രം സ്വതന്ത്രമായ’ രാജ്യങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ പ്രതിസന്ധികളെ മറികടക്കാന്‍ നീതിന്യായ വ്യവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യമാണ്. യു എ പി എ പോലുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കര്‍ശനമായ നിയമപരിരക്ഷ ആവശ്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള സ്വതന്ത്ര സ്ഥാപനങ്ങളുടെ തലവന്മാരെ നിയമിക്കുന്ന സമിതിയില്‍ രാഷ്ട്രീയ നിഷ്പക്ഷത ഉറപ്പാക്കേണ്ടതും ജനാധിപത്യം വീണ്ടെടുക്കാന്‍ അത്യാവശ്യമാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം പുനഃസ്ഥാപിക്കുകയും മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കുകയും സിവില്‍ സമൂഹത്തിന്റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ഇന്ത്യക്ക് “ഇലക്ടറല്‍ സ്വേച്ഛാധിപത്യം’ എന്ന വിശേഷണത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കൂ. ആഗോളതലത്തില്‍ ജനാധിപത്യം കനത്ത തിരിച്ചടികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍, ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ കേവലം അന്താരാഷ്ട്ര റിപോര്‍ട്ടുകളില്‍ ഒതുങ്ങരുത്. അത് ഈ രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഇന്ത്യ സ്വീകരിക്കുന്ന നയങ്ങളും നിയമപരമായ മാറ്റങ്ങളും രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ നിര്‍ണയിക്കും.

Latest