Connect with us

Kerala

ബസ്സ് നിര്‍ത്താത്തതിന് യുവതി ചില്ലു തകര്‍ത്തു; കെ എസ് ആര്‍ ടി സിക്ക് 28,000 രൂപ നല്‍കി തടിയൂരി

ശുചിമുറിയില്‍ പോകാന്‍ തോന്നിയപ്പോഴാണ് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്നും സൈബര്‍ ആക്രമണം അവസാനിപ്പിക്കണം എന്നും യുവതി

Published

|

Last Updated

കോഴിക്കോട് | ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്താത്തതിന്റെ പേരില്‍ പ്രകോപിതയായ യുവതി കെ എസ്ആര്‍ ടി സി ബസിന്റെ സൈഡ് ഗ്ലാസ് തകര്‍ത്തു. ഒടുവില്‍ 28,000 രൂപ നഷ്ടപരിഹാരം നല്‍കി യുവതി കേസില്‍ നിന്നു തടിയൂരി. ശുചിമുറിയില്‍ പോകാന്‍ തോന്നിയപ്പോഴാണ് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്നും സൈബര്‍ ആക്രമണം അവസാനിപ്പിക്കണം എന്നും യുവതി പറയുന്നു. കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് ആണ് സംഭവം.

കട്ടപ്പന മാനന്തവാടി സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി എ സി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസിലാണ് സംഭവം. ബസ് കോഴിക്കോട് മാങ്കാവ് ലുലു മാളിനു സമീപം എത്തിയപ്പോള്‍ യുവതി ഇറങ്ങണം എന്നാവശ്യപ്പെടുകയായിരുന്നു. ഇവിടെ സ്റ്റോപ്പ് ഇല്ലെന്ന് കണ്ടക്ടര്‍ പറഞ്ഞെങ്കിലും യുവതി കൂട്ടാക്കിയില്ല. പകലായതിനാല്‍ സ്റ്റോപ്പിലല്ലാതെ നിര്‍ത്താനാകില്ലെന്നും കണ്ടക്ടര്‍ അറിയിച്ചു. ഡ്രൈവര്‍ കാബിനടുത്തെത്തിയ യുവതി വീണ്ടും ബസ് നിര്‍ത്തണം എന്നാവശ്യപ്പെട്ട് ബഹളം വെച്ചു.

കണ്ടക്ടറുടേയും ട്രൈവറുടേയും വീഡിയോ എടുത്തുകൊണ്ട് യുവതി വാക്കേറ്റം നടത്തി. തുടര്‍ന്ന് ബസിനകത്തുള്ള എമര്‍ജന്‍സി എക്‌സിറ്റ് തകര്‍ക്കാനുള്ള ഹാമര്‍ ഉപയോഗിച്ച് ചില്ല് അടിച്ചു തകര്‍ത്തു. ഇതോടെ കണ്ടക്ടര്‍ ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. നടക്കാവ് പോലീസ് സ്റ്റേഷനിലാണ് ബസ് എത്തിച്ചത്. ഇതിനിടെ മാനന്തവാടിയിലേക്കുള്ള തുടര്‍ സര്‍വീസും മുടങ്ങി. തകര്‍ന്ന ചില്ലിന്റെയും മുടങ്ങിയ ട്രിപ്പിന്റെയും നഷ്ടപരിഹാരം യുവതി നല്‍കിയതോടെ പരാതി തീര്‍പ്പാക്കി. 28,000 രൂപയാണ് യുവതിയില്‍ നിന്ന് കെ എസ് ആര്‍ ടി സി ഈടാക്കിയത്.

 

Latest