Articles
വിശന്നെരിയുന്ന ലോകം
ആധുനിക ലോകം ശാസ്ത്രസാങ്കേതിക വിദ്യകളിലും സാമ്പത്തിക മേഖലയിലും വൻ പുരോഗതി കൈവരിക്കുമ്പോഴും വലിയൊരു വിഭാഗം ജനത ഇന്നും പട്ടിണിയിലും ദുരിതത്തിലും കഴിയുന്നു എന്നത് പച്ചയായ സത്യമാണ്. ലോക ജനസംഖ്യയുടെ ഏകദേശം പത്ത് ശതമാനം പേരും ദാരിദ്ര്യത്തിന്റെ കടുത്ത പിടിയിലാണ്. എണ്ണൂറ് കോടിയിലധികം ജനങ്ങൾ വസിക്കുന്ന ഭൂമിയിൽ എഴുപത് കോടിയോളം പേർ ദാരിദ്ര്യരേഖക്ക് താഴെയാണ് കഴിയുന്നത്.
“Poverty is not an accident of nature. It is man-made and it can be overcome and eradicated by the actions of human beings.’ “ദാരിദ്ര്യം പ്രകൃതിദത്തമായ ഒന്നല്ല, അത് മനുഷ്യനിർമിതമാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ പ്രവൃത്തികൾ കൊണ്ട് അതിനെ ഇല്ലാതാക്കാനും മറികടക്കാനും സാധിക്കും.’ ആഫ്രിക്കൻ വിമോചന നായകൻ നെൽസൺ മണ്ടേലയുടെ ഈ വാക്കുകൾ ദാരിദ്ര്യമെന്ന വിപത്തിന്റെ ആഴവും അത് പരിഹരിക്കാനുള്ള മനുഷ്യരാശിയുടെ ഉത്തരവാദിത്വവും ഒരുപോലെ വ്യക്തമാക്കുന്നു. ആരോഗ്യകരവും അന്തസ്സുള്ളതുമായ ജീവിതത്തിന് ആവശ്യമായ വിഭവങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവത്തെയാണ് ദാരിദ്ര്യം എന്ന് വിളിക്കുന്നത്. വാസ്തവത്തിൽ ദാരിദ്ര്യം എന്നത് കേവലം വ്യക്തിഗതമായ ഒരു കുറവല്ല, മറിച്ച് സാമൂഹിക നീതിയുടെ നിഷേധവും വലിയൊരു മനുഷ്യാവകാശ ലംഘനവുമാണ്. “പാവപ്പെട്ടവരുടെ ദാരിദ്ര്യം തന്നെയാണ് ഏറ്റവും വലിയ അക്രമം’ എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ ഈ സാമൂഹിക പ്രതിസന്ധിയിലേക്കാണ് വിരൽചൂണ്ടുന്നത്.
ആധുനിക ലോകം ശാസ്ത്രസാങ്കേതിക വിദ്യകളിലും സാമ്പത്തിക മേഖലയിലും വൻ പുരോഗതി കൈവരിക്കുമ്പോഴും വലിയൊരു വിഭാഗം ജനത ഇന്നും പട്ടിണിയിലും ദുരിതത്തിലും കഴിയുന്നു എന്നത് പച്ചയായ സത്യമാണ്. ലോക ജനസംഖ്യയുടെ ഏകദേശം പത്ത് ശതമാനം പേരും ദാരിദ്ര്യത്തിന്റെ കടുത്ത പിടിയിലാണ്. എണ്ണൂറ് കോടിയിലധികം ജനങ്ങൾ വസിക്കുന്ന ഭൂമിയിൽ എഴുപത് കോടിയോളം പേർ ദാരിദ്ര്യരേഖക്ക് താഴെയാണ് കഴിയുന്നത്. ലോകബേങ്കിന്റെ കണക്കുകൾ പ്രകാരം, വാങ്ങൽശേഷി തുല്യതയുടെ അടിസ്ഥാനത്തിൽ പ്രതിശീർഷ ജി ഡി പി പരിശോധിക്കുമ്പോൾ ലോകത്തെ ഏറ്റവും ദരിദ്രമായ 20 രാജ്യങ്ങളിൽ 19 എണ്ണവും ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്. 2024ലെ ഗ്ലോബൽ ഹംഗർ ഇൻഡക്‌സ് സൂചിപ്പിക്കുന്നത് ആഫ്രിക്കയും ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളുമാണ് ലോകത്ത് വിശപ്പ് ഏറ്റവും രൂക്ഷമായ മേഖലകളെന്നാണ്. ഇതിൽ ഇന്ത്യയിലെ വിശപ്പിന്റെ തോത് “ഗുരുതരം’ എന്ന വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ റിപോർട്ടുകൾ പ്രകാരം പോഷകാഹാരക്കുറവ് മൂലം വളർച്ച മുരടിച്ച കുട്ടികളിൽ പകുതിയിലധികവും ഏഷ്യയിലും ഒരു വലിയ വിഭാഗം ആഫ്രിക്കയിലുമാണ് വസിക്കുന്നത്. യുനിസെഫിന്റെ കണക്കനുസരിച്ച് 2024ൽ ദക്ഷിണേഷ്യയിലെയും ആഫ്രിക്കയിലെയും ദശലക്ഷക്കണക്കിന് കുട്ടികൾ കടുത്ത ഭക്ഷണ ദാരിദ്ര്യത്തിന്റെ ഭീഷണി നേരിടുന്നു. ലോകത്തെ ഏറ്റവും ദരിദ്ര രാഷ്ട്രമായ ബുറുണ്ടിയിൽ പന്ത്രണ്ട് ദശലക്ഷത്തിലധികം വരുന്ന ജനസംഖ്യയിൽ 70 ശതമാനവും പട്ടിണിയുടെ കൈപ്പുനീർ കുടിക്കുന്നവരാണ്. മൊസാംബിക്, എറിത്രിയ, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലെയും അവസ്ഥ ഇതിൽ നിന്ന് ഒട്ടും ഭിന്നമല്ല. ഇന്ത്യയുടെ ചരിത്രത്തിൽ “ഗരീബി ഹഠാവോ’ തുടങ്ങിയ പ്രശസ്തമായ മുദ്രാവാക്യങ്ങൾ രാഷ്ട്രീയമായി ഉയർന്നു വന്നിട്ടുണ്ടെങ്കിലും പ്രഖ്യാപനങ്ങൾക്കപ്പുറം പ്രായോഗിക തലത്തിൽ ദാരിദ്ര്യ നിർമാർജനം പൂർണമായി ലക്ഷ്യം
കണ്ടിട്ടില്ല.
2030ഓടെ ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന പദ്ധതികൾ മുന്നോട്ട് വെക്കുന്നത്. എന്നാൽ, സാമ്പത്തിക വളർച്ച കൂടുതൽ ത്വരിതപ്പെടുകയും വികസനം എല്ലാവരിലേക്കും എത്തുന്ന രീതിയിലേക്ക് മാറുകയും ചെയ്താൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകൂ എന്ന് ലോകബേങ്ക് നിരീക്ഷിക്കുന്നു. സാമൂഹിക അസമത്വങ്ങൾ, യുദ്ധങ്ങൾ, തൊഴിലില്ലായ്മ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ എന്നിവയാണ് ദാരിദ്ര്യം വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ.
സംഘർഷ മേഖലകളിൽ കഴിയുന്ന ലക്ഷക്കണക്കിന് ജനങ്ങൾ ദാരിദ്ര്യത്തിന്റെ ഇരകളാണ്. യുക്രൈൻ യുദ്ധത്തിന് ശേഷം അവിടുത്തെ ദാരിദ്ര്യ നിരക്ക് വലിയ തോതിൽ വർധിച്ചത് ഇതിന് ഉദാഹരണമാണ്. ഗസ്സയിലെയും സിറിയയിലെയും സുഡാനിലെയും സ്ഥിതിയും അങ്ങേയറ്റം പരിതാപകരമാണ്. പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന അനീമിയ പോലുള്ള രോഗങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും വർധിക്കുന്നത് മറ്റൊരു വലിയ വെല്ലുവിളിയായി മാറിക്കഴിഞ്ഞു.
സമ്പത്ത് ഒരു പ്രത്യേക വിഭാഗത്തിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നതിന് പകരം, അത് സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വിതരണം ചെയ്യപ്പെടുമ്പോൾ മാത്രമേ ദാരിദ്ര്യരഹിതമായ നല്ല ലോകം പടുത്തുയർത്താൻ സാധിക്കൂ. മുൻ യു എൻ സെക്രട്ടറി ജനറൽ കോഫി അന്നൻ പറഞ്ഞതുപോലെ, ദാരിദ്ര്യം എന്നത് മനുഷ്യൻ അനുഭവിക്കേണ്ടി വരുന്ന വലിയൊരു അവകാശനിഷേധമാണ്. വിശപ്പില്ലാത്ത ലോകത്തിനായി ഓരോ മനുഷ്യനും ഭരണകൂടങ്ങളും ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ
അനിവാര്യതയാണ്.







