Connect with us

പശ്ചിമ ബംഗാൾ / ഹിന്ദുത്വ വർഗീയത

ബംഗാള്‍ പിടിച്ച ബി ജെ പിയുടെ "ബംഗ്ലാദേശ് കാര്‍ഡ്'

ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും ദൂരവ്യാപകമായ ഫലം ബംഗാളിന്റെ രാഷ്ട്രീയ സംവാദങ്ങളില്‍ വന്ന അടിസ്ഥാനപരമായ മാറ്റമാണ്. വര്‍ഗപരമായ ആശങ്കകള്‍ക്ക് പകരം ജനസംഖ്യാപരമായ ഭീതിയെ പ്രതിഷ്ഠിച്ചതിലൂടെ, ചര്‍ച്ചാവിഷയങ്ങളെ തൊഴിലില്ലായ്മയില്‍ നിന്ന് അതിര്‍ത്തികളിലേക്കും മതത്തിലേക്കും മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു. ടാഗോറിന്റെ മണ്ണില്‍ ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ സ്വാഭാവികവത്കരണം എന്ന ലക്ഷ്യം ബി ജെ പി നേടി.

Published

|

Last Updated

കൃത്യമായ കണക്കുകൂട്ടലുകളിലൂടെയും ആസൂത്രിതമായ തന്ത്രങ്ങളിലൂടെയും രൂപപ്പെടുത്തിയെടുത്ത പുതിയൊരു രാഷ്ട്രീയ മനശ്ശാസ്ത്രത്തിന്റെ വിജയമാണ് പശ്ചിമ ബംഗാളില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബി ജെ പി) സൃഷ്ടിച്ച വമ്പിച്ച മുന്നേറ്റം. ബംഗാളിന്റെ സാംസ്‌കാരിക ബോധത്തില്‍ എന്നും ഒരു “സഹോദര രാഷ്ട്രമായി’ കണക്കാക്കപ്പെട്ടിരുന്ന ബംഗ്ലാദേശിനെ, ജനസംഖ്യാപരമായ ഭീഷണിയുടെയും മതപരമായ അരക്ഷിതാവസ്ഥയുടെയും പ്രതീകമായി മാറ്റിയെഴുതുക എന്നതായിരുന്നു ബി ജെ പി പയറ്റിയ പ്രധാന തന്ത്രങ്ങളിലൊന്ന്.
തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തുക എന്നതിലുപരി, ബംഗാളിന്റെ വൈകാരിക ഭൂപടത്തെ തന്നെ മാറ്റിവരയ്ക്കാന്‍ ഇതിലൂടെ ബി ജെ പിക്ക് സാധിച്ചു. ബംഗാളിന്റെ ഭാവി എന്താകുമെന്നതിനെക്കുറിച്ചുള്ള ഹൈന്ദവ വോട്ടര്‍മാരുടെ സാംസ്‌കാരിക ആകുലതകള്‍ക്ക് മേലുള്ള ഒരു ഹിതപരിശോധനയായി ഈ വോട്ടെടുപ്പ് മാറി.

പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ഇടതുപക്ഷത്തിന്റെ സാര്‍വലൗകിക കാഴ്ചപ്പാടുകളും ബംഗാളി ഭാഷാസ്‌നേഹവും മതസൗഹാര്‍ദ ചിന്താഗതിയും പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ മണ്ണില്‍ ബി ജെ പിയുടെ ഹിന്ദുത്വ അജന്‍ഡകള്‍ക്ക് കടുത്ത പ്രതിരോധം തീര്‍ത്തിരുന്നു. വര്‍ഗീയ ചേരിതിരിവ് എന്നത് ഉത്തരേന്ത്യയില്‍ നിന്നുള്ള ഒരു “ഇറക്കുമതി’ ആയിട്ടാണ് ബംഗാള്‍ കണ്ടിരുന്നത്. വര്‍ഗീയ ശക്തികളെ ചെറുത്തുതോല്‍പ്പിക്കുന്നതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായതുകൊണ്ട് തന്നെ “എക്‌സെപ്ഷനലിസം’ (Exceptionalism) എന്ന സവിശേഷത ബംഗാളിനുണ്ടായിരുന്നു. എന്നാല്‍ ബംഗ്ലാദേശ് എന്ന ഘടകത്തെ പരിചയാക്കി ബി ജെ പി ഈ സവിശേഷതയെ ആസൂത്രിതമായി തകര്‍ത്തു കളഞ്ഞു.

2024ല്‍ ശൈഖ് ഹസീന സര്‍ക്കാറിന്റെ പതനം ധാക്കയില്‍ സൃഷ്ടിച്ച അധികാര ശൂന്യതയെ ബി ജെ പി സമര്‍ഥമായി ഉപയോഗിച്ചു. അവിടുത്തെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടന്ന ഭീതിജനകമായ ആക്രമണങ്ങളുടെ റിപോര്‍ട്ടുകള്‍ ഈ ഭയത്തിന് ആക്കം കൂട്ടി. ഇതോടെ അതിര്‍ത്തിക്കപ്പുറവും ഇപ്പുറവുമുള്ള ഹിന്ദുക്കളുടെ ഏക രക്ഷകനായി ബി ജെ പി സ്വയം അവരോധിച്ചു.

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്കായി ശ്രമിക്കുമ്പോഴും, ഇന്ത്യന്‍ മാധ്യമങ്ങളിലെ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചാരണങ്ങളും ബംഗ്ലാദേശിനെ ഇസ്‌ലാമിസ്റ്റ് തീവ്രവാദത്തിന്റെ പിടിയിലമര്‍ന്ന ഒരു രാജ്യമായി ചിത്രീകരിച്ചു. ഈ വാര്‍ത്തകള്‍ എത്രത്തോളം വസ്തുതാപരമാണ് എന്നതിനേക്കാള്‍, അവയുണ്ടാക്കിയ വൈകാരിക ആഘാതത്തിനായിരുന്നു അതിര്‍ത്തി ജില്ലകളില്‍ കൂടുതല്‍ പ്രത്യാഘാതം സൃഷ്ടിക്കാന്‍ കഴിഞ്ഞത്.

അതിര്‍ത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം ജനസംഖ്യാ വര്‍ധനവിനായുള്ള ഗൂഢാലോചനയാണെന്നും, അത് ബംഗാളിന്റെ ക്ഷേമപദ്ധതികളെയും അധികാരത്തെയും തകര്‍ക്കുമെന്നും ബി ജെ പി വ്യാപകമായി പ്രചരിപ്പിച്ചു. നോര്‍ത്ത് 24 പാര്‍ഗനാസ്, മാള്‍ഡ തുടങ്ങിയ അതിര്‍ത്തി ജില്ലകളില്‍ ഇത് വലിയ ഫലമുണ്ടാക്കി.

വ്യത്യസ്തമായ വിഷയങ്ങളെ ഒറ്റച്ചട്ടക്കീഴില്‍ കൊണ്ടുവന്നതിലായിരുന്നു ഈ തന്ത്രത്തിന്റെ മികവ്. പൗരത്വ ഭേദഗതി നിയമം (സി എ എ), മതുവാ സമുദായത്തിന്റെ സ്വത്വ രാഷ്ട്രീയം, കന്നുകാലി കടത്ത്, തൃണമൂലിന്റെ “പ്രീണന രാഷ്ട്രീയം’ എന്നിവയെല്ലാം കൂട്ടിക്കെട്ടി ഒരൊറ്റ പരാതിപ്പെട്ടിയാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു. സി എ എ വഴി വേഗത്തില്‍ പൗരത്വം വാഗ്ദാനം ചെയ്തതിലൂടെ ചരിത്രപരമായ മുറിവുകളെ അവര്‍ തിരഞ്ഞെടുപ്പ് മൂലധനമാക്കി മാറ്റി. മമതാ ബാനര്‍ജി ബംഗാളിന്റെ ഹിന്ദു സ്വത്വത്തെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും, അവരുടെ “ജോയ് ബംഗ്ല’ എന്ന മുദ്രാവാക്യം പോലും ബംഗ്ലാദേശിനോടുള്ള കൂറാണെന്നും എതിരാളികള്‍ വളച്ചൊടിച്ചു.

ഇനിയും തൃണമൂല്‍ ഭരിക്കുകയാണെങ്കില്‍ പശ്ചിമ ബംഗാളും വൈകാതെ അതിര്‍ത്തിക്കപ്പുറത്തെ കലാപാവസ്ഥയുടെ പ്രതിബിംബമായി മാറുമെന്നതായിരുന്നു ബി ജെ പി നല്‍കിയ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെ ഓറകാണ്ടിയിലുള്ള മതുവാ ക്ഷേത്രം സന്ദര്‍ശിച്ചത് കേവലം നയതന്ത്രമായിരുന്നില്ല, മറിച്ച് ആ സമുദായത്തിന്റെ വോട്ടുകള്‍ ഒന്നടങ്കം നേടാനുള്ള കൃത്യമായ രാഷ്ട്രീയ നീക്കമായിരുന്നു.

ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമിയുടെ തിരിച്ചുവരവ് അതിര്‍ത്തി ജില്ലകളില്‍ സൃഷ്ടിച്ച ആശങ്കകളെ ആളിക്കത്തിക്കാന്‍ ബി ജെ പിക്ക് വഴിയൊരുക്കി. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രീയത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ ശക്തമായ ഒരു ഹിന്ദുത്വ രാഷ്ട്രത്തിനേ കഴിയൂ എന്ന വാദമാണ് അവര്‍ മുന്നോട്ടുവെച്ചത്. ബി ജെ പിക്ക് വോട്ട് ചെയ്യുന്നത് കേവലം ഒരു രാഷ്ട്രീയ തീരുമാനമല്ല, മറിച്ച് ഹിന്ദു സംസ്‌കാരത്തെ സംരക്ഷിക്കാനുള്ള ഓരോരുത്തരുടെയും കടമയായ “സാംസ്‌കാരിക പ്രതിരോധം’ ആണെന്ന് ഹൈന്ദവ വോട്ടര്‍മാരെ വിശ്വസിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും ദൂരവ്യാപകമായ ഫലം ബംഗാളിന്റെ രാഷ്ട്രീയ സംവാദങ്ങളില്‍ വന്ന അടിസ്ഥാനപരമായ മാറ്റമാണ്. വര്‍ഗപരമായ ആശങ്കകള്‍ക്ക് പകരം ജനസംഖ്യാപരമായ ഭീതിയെ പ്രതിഷ്ഠിച്ചതിലൂടെ, ചര്‍ച്ചാവിഷയങ്ങളെ തൊഴിലില്ലായ്മയില്‍ നിന്നും അതിര്‍ത്തികളിലേക്കും മതത്തിലേക്കും മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു. ടാഗോറിന്റെ മണ്ണില്‍ ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ സ്വാഭാവികവത്കരണം എന്ന ലക്ഷ്യം ബി ജെ പി നേടി.
ഭരണവിരുദ്ധ വികാരവും അഴിമതിയും സംസ്ഥാനത്ത് നിലനിന്നിരുന്നുവെങ്കിലും, ബംഗ്ലാദേശ് എന്ന ഘടകമാണ് അതിനുള്ള ഉത്തേജകമായി പ്രവര്‍ത്തിച്ചത്. സാമ്പത്തിക നിരാശകള്‍ക്ക് സാംസ്‌കാരികമായ ഒരു പുതിയ വ്യാകരണം നല്‍കിയതിലൂടെ, പശ്ചിമ ബംഗാള്‍ കാലങ്ങളായി കാത്തുസൂക്ഷിച്ചിരുന്ന എക്‌സെപ്ഷണലിസം തകര്‍ത്ത് നിയമസഭയില്‍ കാവിക്കൊടി പാറിക്കുക എന്ന സ്വപ്‌നം ഈ തിരഞ്ഞെടുപ്പിലൂടെ ഹിന്ദുത്വ പൂവണിയിച്ചു.

(ലേഖകന്‍ ബംഗ്ലാദേശി പത്രപ്രവര്‍ത്തകനും ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലെ മുന്‍ പ്രസ്സ് മിനിസ്റ്ററുമാണ്)
കടപ്പാട്- ദി വയര്‍
വിവര്‍ത്തനം: സയ്യിദ് മുഹ്്യുദ്ദീന്‍ ബിശ്്ർ

Content Highlights:
The BJP has achieved a significant breakthrough in West Bengal by strategically utilizing the cultural and demographic anxieties surrounding neighboring Bangladesh. By portraying the fall of the Sheikh Hasina government and subsequent attacks on minorities as a threat to Bengal’s security, the party consolidated Hindu votes. This shift effectively replaced traditional class-based discourse with identity politics and border-related fears.

 

Latest