Connect with us

Articles

അവസാനിക്കാത്ത നക്ബ

നക്ബ 1948ല്‍ സംഭവിച്ച് ഓര്‍മകളില്‍ നിതാന്ത വേദനയായി നിലനില്‍ക്കുന്ന ചരിത്രം മാത്രമല്ല. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും വര്‍ത്തമാനകാല യാഥാര്‍ഥ്യമായി നക്ബ നിലനില്‍ക്കുകയാണ്. 2023 ഒക്‌ടോബര്‍ 17ന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് പിറകെ ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം ആരംഭിച്ച വംശഹത്യ ഇന്നും നിലച്ചിട്ടില്ല.

Published

|

Last Updated

ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വംശഹത്യാ ആക്രമണത്തിനും കുടിയൊഴിപ്പിക്കലിനും വംശീയ ഉന്‍മൂലന പദ്ധതിക്കുമിടയില്‍ ഫലസ്തീന്‍ ജനത മേയ് 15ന് 1948ലെ “നക്ബ’യുടെ നുറുങ്ങുന്ന ഓര്‍മകള്‍ പുതുക്കി. ആ ഓര്‍മകള്‍ അവര്‍ക്ക് നിരാശയുടേതോ ഭീതിയുടേതോ ഉള്‍വലിയലിന്റേതോ അല്ല. പുതിയ തലമുറയെ “നമ്മളെങ്ങനെ ഇങ്ങനെ’യായെന്ന് ഓര്‍മിപ്പിച്ച് കൊണ്ടേയിരിക്കാനുള്ള ദിനമാണ്. ചെറുത്തുനില്‍പ്പ് തുടരാനുള്ള ഊര്‍ജമാണ് ആ ഓര്‍മകള്‍. മനുഷ്യരുടെ മയ്യിത്തുകള്‍ക്ക് മുകളിലാണ് ഇസ്‌റാഈല്‍ രാഷ്ട്രം കെട്ടിപ്പൊക്കിയതെന്ന് ലോകത്തോട് പിന്നെയും പിന്നെയും വിളിച്ചു പറയുന്നുണ്ട് നക്ബ.
ഇസ്‌റാഈല്‍ സ്ഥാപിക്കാനായി യു എന്നിന്റെ ഒത്താശയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം അറബ് ഫലസ്തീന്‍ വെട്ടിമുറിച്ചപ്പോള്‍ സയണിസ്റ്റ് മിലിഷ്യകളും സംഘങ്ങളും ഒമ്പത് ലക്ഷത്തിലധികം ഫലസ്തീനികളെയാണ് അവരുടെ മണ്ണില്‍ നിന്ന് ആട്ടിയോടിച്ചത്. 531 ഗ്രാമങ്ങള്‍ പൂര്‍ണമായും നശിപ്പിക്കുകയും 15,000ത്തിലധികം പേര്‍ കൊല്ലപ്പെട്ട 70ലധികം കൂട്ടക്കൊലകള്‍ നടക്കുകയും ചെയ്തുവെന്നത് ഔദ്യോഗിക രേഖയില്‍ തെളിയുന്ന കണക്കാണ്. ആത്യന്തിക ദുരന്തം എന്ന് അര്‍ഥമുള്ള “നക്ബ’ എന്ന പദം ഈ കൂട്ടക്കൊലയെയും ആട്ടിയോടിക്കലിനെയുമാണ് അടയാളപ്പെടുത്തുന്നത്. ഔദ്യോഗിക കണക്കിനും അപ്പുറമാണ് യഥാര്‍ഥ വസ്തുതകള്‍. 1947 നവംബറില്‍ യു എന്‍ പൊതുസഭ ഫലസ്തീന്‍ വിഭജന പ്രമേയം പാസ്സാക്കുന്നതിന് മുമ്പ് തന്നെ കൂട്ടക്കൊല തുടങ്ങിയിരുന്നു.

ഹഗാന, ഇര്‍ഗുന്‍ തുടങ്ങിയ സയണിസ്റ്റ് ഭീകര സംഘങ്ങള്‍ അറബ് സമൂഹത്തെ നിരന്തരം വേട്ടയാടി. ആ ഭീകരര്‍ക്ക് ലോകത്തിന്റെ സര്‍വ മേഖലയില്‍ നിന്നും സായുധ സഹായം പ്രവഹിച്ചു. ബ്രിട്ടീഷ് മാന്‍ഡേറ്റ് സ്വന്തം സൈന്യത്തെ പിന്‍വലിച്ച് സയണിസ്റ്റ് മിലിഷ്യകള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണൊരുക്കിക്കൊടുത്തു. അറബ് ഗ്രൂപ്പുകളുടെ പ്രതിരോധം എങ്ങുമെത്താതെ വന്നതോടെ മേഖലയിലെ ഫലസ്തീന്‍ ജനത പലപാടും ചിതറിയോടി. 78 വര്‍ഷങ്ങള്‍ക്കിപ്പുറം, അന്ന് അഭയാര്‍ഥി കേന്ദ്രങ്ങളിലേക്ക് ചിതറിപ്പോയ മനുഷ്യരുടെ പിന്മുറക്കാര്‍ എന്നെങ്കിലും സ്വന്തം മണ്ണില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നുണ്ട്. ചിലര്‍ അമൂല്യ നിധി പോലെ അന്നത്തെ വീടിന്റെ താക്കോല്‍ സൂക്ഷിപ്പുധനമായി പുതുതലമുറക്ക് നല്‍കി മണ്‍മറഞ്ഞു പോയി. ആ താക്കോല്‍കൂട്ടം ഒരിക്കലും നഷ്ടപ്പെടുത്താതെ അവര്‍ സൂക്ഷിക്കുന്നു. അത് അനീതിയുടെ ചരിത്രത്തിലേക്കുള്ള വാതില്‍ തുറക്കാനുള്ളതാണ്. നീതിയുക്തമായ ഫലസ്തീന്‍ രാഷ്ട്രമെന്ന സ്വപ്ന ഭവനത്തിന്റെ താക്കോലാണ
ത്.
1948 ഡിസംബറില്‍ തന്നെ, അഭയാര്‍ഥികളുടെ തിരിച്ചുവരവ്, സ്വത്ത് തിരിച്ചുനല്‍കല്‍, നഷ്ടപരിഹാരം എന്നിവക്കായി ആഹ്വാനം ചെയ്യുന്ന പ്രമേയം യു എന്‍ പാസ്സാക്കിയെന്നാണ് വിഭജന പ്രമേയത്തിന്റെ കുറ്റബോധം തികട്ടിവരുമ്പോഴെല്ലാം യു എന്‍ വക്താക്കള്‍ പറയാറുള്ളത്. നടപ്പാക്കാത്ത പ്രമേയങ്ങള്‍ക്ക് എന്ത് വിലയാണുള്ളത്?
19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ രൂപം കൊള്ളാന്‍ തുടങ്ങിയ കൊളോണിയല്‍ കുടിയേറ്റ പദ്ധതിയുടെ പരിസമാപ്തിയായിരുന്നു നക്ബ. അറബ് സമൂഹത്തെ ശിഥിലമാക്കാനുള്ള ദീര്‍ഘകാല പദ്ധതിയായിരുന്നു നക്ബയിലൂടെ സാധ്യമായത്. ഫലസ്തീനികളെ സ്വന്തം ഗ്രാമങ്ങളില്‍ നിന്ന് വെസ്റ്റ് ബാങ്ക്, ഗസ്സാ മുനമ്പ് തുടങ്ങിയ ഇന്ന് ഫലസ്തീന്റെ ഭാഗമായ പ്രദേശങ്ങളിലേക്കും അയല്‍ അറബ് രാജ്യങ്ങളിലേക്കും ആട്ടിയോടിച്ചു. ആ നാടിന്റെ അറബ് സ്വത്വം തുടച്ചുനീക്കപ്പെട്ടു. ഫലസ്തീന്‍ ഗ്രാമങ്ങളും പട്ടണങ്ങളും ഭൂപടത്തില്‍ നിന്ന് തുടച്ചുമാറ്റപ്പെടുകയും ഹീബ്രു പേരുകള്‍ ഉപയോഗിച്ച് പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്തു. ഭൂമി നഷ്ടപ്പെട്ടു, ജനങ്ങള്‍ ചിതറിപ്പോയി, നക്ബയിലും അതിന്റെ ഭീകരതകളിലും ജീവിക്കുന്ന ഒരു ജനതയുടെ അവശിഷ്ടങ്ങളിലാണ് “ഇസ്‌റാഈല്‍’ പിറന്നത്.

നക്ബ 1948ല്‍ സംഭവിച്ച് ഓര്‍മകളില്‍ നിതാന്ത വേദനയായി നിലനില്‍ക്കുന്ന ചരിത്രം മാത്രമല്ല. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും വര്‍ത്തമാനകാല യാഥാര്‍ഥ്യമായി നക്ബ നിലനില്‍ക്കുകയാണ്. 2023 ഒക്‌ടോബര്‍ 17ന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് പിറകെ ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം ആരംഭിച്ച വംശഹത്യ ഇന്നും നിലച്ചിട്ടില്ല. 75,000 മനുഷ്യരെ കൊന്നുകഴിഞ്ഞു. അതില്‍ 20,000ത്തിലധികം കുട്ടികളും 12,000 സ്ത്രീകളും ഉള്‍പ്പെടുന്നു. പുതിയ തലമുറ ജനിക്കരുതെന്ന വംശഹത്യയുടെ ഏറ്റവും ക്രൂരമായ ആവിഷ്‌കാരമാണ് ഈ ശിശു, മാതൃഹത്യ. 1,02,000ത്തിലധികം കെട്ടിടങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. ഏകദേശം 2.4 ദശലക്ഷം ഫലസ്തീനികളെ ഗസ്സാ മുനമ്പില്‍ നിന്ന് ബലമായി പിഴുതെറിഞ്ഞു. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളൊന്നുമില്ലാതെ ടെന്റുകളിലും താത്കാലിക ഷെല്‍ട്ടറുകളിലും താമസിക്കുകയാണവര്‍.

ജീവിതം അസാധ്യമാക്കുന്ന തരത്തില്‍ ആ നാടിനെ തകര്‍ത്തു. എല്ലാ ഉപജീവനമാര്‍ഗങ്ങളും അടച്ചു.
റഫയില്‍ നിന്നടക്കം എത്ര തവണയാണ് ഗസ്സക്കാര്‍ പരക്കം പാഞ്ഞത്. തെക്കോട്ടും വടക്കോട്ടും ജീവനുംകൊണ്ടോടിയ ആ മനുഷ്യര്‍ ഇന്നും നക്ബയിലൂടെ കടന്നുപോകുന്നു. അവരെ ആട്ടിയോടിച്ച് ഗസ്സയെ വിനോദസഞ്ചാര കേന്ദ്രമാക്കി മറ്റാനുള്ള പദ്ധതികള്‍ അന്താരാഷ്ട്ര വേദികളില്‍ പരസ്യമായി പ്രഖ്യാപിക്കപ്പെടുന്നു. വെടിനിര്‍ത്തല്‍ കരാറുകള്‍ പ്രഹസനമാകുന്നു. തത്കാലം വിശ്രമിക്കുന്ന ഐ ഡി എഫ് ബോംബറുകള്‍ ഏത് നിമിഷവും തീ തുപ്പുമെന്ന് ആ ജനതക്കറിയാം. ലോകം കണ്‍തുറന്ന് കാണുന്ന ഈ അനീതിയില്‍ ആര്‍ക്കുമില്ല അര്‍ഥവത്തായ പ്രതിഷേധം. അന്ന് ഇസ്‌റാഈലിന് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് കൂട്ടായിരുന്നതെങ്കില്‍ ഇന്ന് അഭിനവ നക്ബക്ക് അമേരിക്കന്‍ സാമ്രാജ്യത്വമാണ് കങ്കാണിപ്പണിയെടുക്കുന്നത്. സാമ്രാജ്യത്വ- സയണിസ്റ്റ് കൂട്ടുകെട്ട് ഇന്നും തുടരുന്നു.

ക്രൂരമായ ആട്ടിയോടിക്കലിന്റെ ഏറ്റവും ആസൂത്രിതവും “നിയമപര’വുമായ ഭാഗം അരങ്ങേറുന്നത് വെസ്റ്റ് ബാങ്കിലാണ്. ഗസ്സ അധിനിവേശ ആക്രമണത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ വെസ്റ്റ് ബാങ്കില്‍ ചരിത്രത്തിലെ എറ്റവും വലിയ ജൂത കൈയേറ്റം നടക്കുകയായിരുന്നു. ഒറ്റ വര്‍ഷം മാത്രം 36,000ത്തിലധികം പേര്‍ കുടിയിറക്കപ്പെട്ടുവെന്നാണ് യു എന്‍ ഏജന്‍സികളുടെ കണക്ക്. “വംശീയ ഉന്മൂലനത്തിന്’ തുല്യമായ കുടിയിറക്കല്‍ എന്നാണ് യു എന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇസ്‌റാഈല്‍ ഈയടുത്ത ദിവസങ്ങളില്‍ നടത്തിയ ഒറ്റ നീക്കം നോക്കിയാല്‍ രണ്ടാം നക്ബ നടക്കുന്നത് എങ്ങനെയെന്ന് മനസ്സിലാകും. വെസ്റ്റ് ബാങ്കിലെ പുരാവസ്തു സ്ഥലങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി “ജൂഡിയ, സമരിയ ഹെറിറ്റേജ് അതോറിറ്റി ബില്ല്’ ഇസ്‌റാഈല്‍ പാര്‍ലിമെന്റ് പാസ്സാക്കിയിരിക്കുന്നു. സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ഫലസ്തീന്‍ ചരിത്രത്തിന്റെയും സ്വത്വത്തിന്റെയും തുടച്ചുനീക്കലാണ് ഈ നിയമത്തിന്റെ ലക്ഷ്യം.
സുശക്തമായ സൈന്യമോ പ്രതിരോധ സംവിധാനമോ ഇല്ലാത്ത ഫലസ്തീന്‍ അതോറിറ്റി നിസ്സഹായമായി നോക്കിനില്‍ക്കേ എല്ലാ അതിര്‍ത്തികളും മായ്ച്ച് വെസ്റ്റ് ബാങ്കിലേക്ക് കടന്നു കയറുകയാണ് ഇസ്‌റാഈല്‍. ഇങ്ങനെ പണിയുന്ന ഭവനസമുച്ചയങ്ങളെ ആഗോള മാധ്യമങ്ങള്‍ വിളിക്കുന്നത് ജ്യൂയിഷ് സെറ്റില്‍മെന്റ്‌സ് എന്നാണ്. ജൂത കുടിയേറ്റമെന്ന് വിവക്ഷ. എന്നാല്‍ സത്യമെന്താണ്? സൈന്യത്തിന്റെയും പോലീസിന്റെയും അകമ്പടിയോടെ നടക്കുന്ന അക്രമാസക്ത കൈയേറ്റമാണിത്. ഇസ്‌റാഈല്‍ രൂപവത്കരിച്ചത് തന്നെ കൈയേറ്റത്തിലൂടെയാണല്ലോ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest