Connect with us

Articles

പ്രതിരോധിക്കാം കരുത്തോടെ; നിയന്ത്രിക്കാം രക്താതിസമ്മർദം

Published

|

Last Updated

മേയ് 17 ലോക രക്താതിസമ്മര്‍ദ ദിനമായാണ് ആചരിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന രക്താതിസമ്മര്‍ദം (ഹൈപ്പര്‍ടെന്‍ഷന്‍) എന്ന ആരോഗ്യ അവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
“രക്താതിസമ്മർദം ഒരുമിച്ച് നിയന്ത്രിക്കാം: രക്തസമ്മർദം കൃത്യമായി പരിശോധിക്കുക, നിശബ്ദ കൊലയാളിയെ പരാജയപ്പെടുത്തുക’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

എന്താണ് രക്താതിസമ്മർദം?
ഹൃദയം രക്തം പമ്പ് ചെയ്യുമ്പോള്‍ രക്തക്കുഴലുകളുടെ ഭിത്തിയില്‍ അനുഭവപ്പെടുന്ന സമ്മർദമാണ് രക്തസമ്മർദം. ഇത് 120/80 എം എം എച്ച് ജി എന്ന അളവില്‍ കൂടുതലാകുമ്പോഴാണ് ഒരാള്‍ക്ക് രക്താതിസമ്മർദം ഉണ്ടെന്ന് പറയുന്നത്.
ഇതിനെ “നിശബ്ദ കൊലയാളി’ എന്നും വിളിക്കപ്പെടുന്നു. കാരണം ഈ രോഗാവസ്ഥയിൽ മിക്കവരിലും ഹൃദയത്തിനോ വൃക്കകള്‍ക്കോ മസ്തിഷ്‌കത്തിനോ കേടുപാടുകള്‍ സംഭവിക്കുന്നത് വരെ വലിയ ലക്ഷണങ്ങള്‍ കണ്ടു എന്ന് വരില്ല.

കാരണങ്ങളും ലക്ഷണങ്ങളും
നമ്മുടെ ദൈനംദിന ജീവിതശൈലിയിലെ മാറ്റങ്ങളാണ് രക്തസമ്മർദം വർധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. മാനസിക സമ്മർദവും ഈ അവസ്ഥയെ വഷളാക്കുന്നു. രക്തസമ്മർദം വർധിക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ടാകാം:
പ്രായം: പ്രായം കൂടുന്തോറും രക്തക്കുഴലുകളുടെ വഴക്കം കുറയുന്നത് രക്താതിസമ്മർദത്തിന് കാരണമാകുന്നു.
അമിതവണ്ണം: ശരീരഭാരം കൂടുമ്പോള്‍ കോശങ്ങളിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തിക്കാന്‍ ഹൃദയത്തിന് കൂടുതല്‍ രക്തം പമ്പ് ചെയ്യേണ്ടി വരുന്നു. ഇത് രക്തക്കുഴലുകളിലെ സമ്മർദം വർധിപ്പിക്കുന്നു. മാത്രമല്ല, അമിതവണ്ണം കൂര്‍ക്കം വലിക്ക് കാരണമായേക്കാം. അതും സമ്മർദം വർധിപ്പിക്കുന്നതിന് കാരണമാകാം.
ജീവിതശൈലി: വ്യായാമമില്ലായ്മ, അമിതമായ ഉപ്പിന്റെ ഉപയോഗം, പൊട്ടാസ്യം അടങ്ങിയ ഭക്ഷണത്തിന്റെ കുറവ് എന്നിവ ഇതിന് കാരണമാകുന്നു.
ലഹരി ഉപയോഗം: പുകവലി, പുകയില എന്നിവയുടെ ഉപയോഗവും മദ്യപാനവും ഹൃദയാരോഗ്യത്തെ തകര്‍ക്കുകയും രക്തസമ്മർദം ഉയര്‍ത്തുകയും ചെയ്യുന്നു.
മറ്റ് രോഗങ്ങള്‍: വൃക്കരോഗങ്ങള്‍, പ്രമേഹം, സ്ലീപ്പ് അപ്നിയ (കൂര്‍ക്കം വലി രോഗം) തുടങ്ങിയവ ഹൈപ്പര്‍ടെന്‍ഷനിലേക്ക് നയിക്കാം.
രക്താതിസമ്മർദത്തെ “നിശബ്ദ കൊലയാളി’ എന്ന് വിളിക്കുമെങ്കിലും, ചിലരില്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ കണ്ടേക്കാം:
കഠിനമായ തലവേദനയും തലകറക്കവും.
കാഴ്ചയില്‍ പെട്ടെന്നുണ്ടാകുന്ന മങ്ങല്‍ അല്ലെങ്കില്‍ മാറ്റങ്ങള്‍.
നെഞ്ചുവേദനയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും.
മൂക്കില്‍ നിന്നുള്ള രക്തസ്രാവം.
ക്രമരഹിതമായ ഹൃദയമിടിപ്പ്.
ഉറക്കക്കുറവ്.
120/80 എം എം എച്ച് ജിയില്‍ താഴെ എന്നതാണ് സാധാരണ നില. ഇതിനും മുകളില്‍ രക്തസമ്മർദം ഉയരുമ്പോള്‍ അത് ഹൈപ്പര്‍ടെന്‍ഷന്റെ വിവിധ ഘട്ടങ്ങളായി മാറുന്നു. എലവേറ്റഡ് ബി പി, ഹൈപ്പര്‍ടെന്‍ഷന്‍ സ്റ്റേജ് 1, ഹൈപ്പര്‍ടെന്‍ഷന്‍ സ്റ്റേജ് 2 എന്നിങ്ങനെ ഗുരുതര ഹൈപ്പര്‍ടെന്‍ഷന്‍ നിലയിലേക്ക് വരെ എത്താം. ലളിതമായ പരിശോധനകളിലൂടെ ഇത് എളുപ്പത്തില്‍ തിരിച്ചറിയാം.
ആരോഗ്യകരമായ ഭക്ഷണക്രമം (പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ അടങ്ങിയവ), പതിവായ വ്യായാമം, ശരീരഭാരം കുറക്കല്‍ എന്നിവയിലൂടെ ഇത് നിയന്ത്രിക്കാം. ഉപ്പ് പ്രതിദിനം അഞ്ച് ഗ്രാമില്‍ താഴെയാക്കുക (ഏകദേശം ഒരു ടീസ്പൂണ്‍). മാനസിക സമ്മർദം കുറക്കാന്‍ യോഗയോ ധ്യാനമോ ശീലിക്കാം. ഡോക്ടര്‍ നിർദേശിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കുന്നതിലൂടെ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അപകടസാധ്യതകള്‍ ഒഴിവാക്കാം.
രക്താതിസമ്മർദം എന്നത് നമ്മുടെ ജീവിതശൈലിയിലെ പിഴവുകളെ തിരുത്താനുള്ള ഒരു മുന്നറിയിപ്പാണ്. പതിവായുള്ള പരിശോധനയും ജീവിതശൈലിയിലെ മാറ്റങ്ങളും വഴി നമുക്ക് ഈ നിശബ്ദ കൊലയാളിയെ ഒരുമിച്ച് പരാജയപ്പെടുത്താം.
(ആസ്റ്റർ മെഡിസിറ്റി ഇന്റർവെൻഷണൽ കാർഡിയോളജി സീനിയർ കൺസൾട്ടന്റാണ് ലേഖകൻ)

Latest