Education
ജാമിഅത്തുല്‍ ഹിന്ദ് 'ഇശ്‌റാഖ്': മുന്നൂറിലധികം ക്യാമ്പസുകളില്‍ നവാഗതര്‍ക്ക് ധന്യമായ പഠനാരംഭം
ജാമിഅത്തുല്‍ ഹിന്ദ് വൈസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യ വാചകം ചൊല്ലിക്കൊടുത്തു.
കോഴിക്കോട് | ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യക്ക് കീഴിലുള്ള രാജ്യത്തെ മുന്നൂറിലധികം അഫിലിയേറ്റഡ് സ്ഥാപനങ്ങളില്‍ പുതിയ അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ക്ക് പ്രൗഢോജ്ജ്വല തുടക്കം. ‘ഇശ്‌റാഖ്’ നവാഗത സംഗമത്തോടെയാണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ ജ്ഞാനസപര്യക്ക് ആരംഭം കുറിച്ചത്. ജാമിഅത്തുല്‍ ഹിന്ദ് വൈസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യ വാചകം ചൊല്ലിക്കൊടുത്തു.
വിദ്യാര്‍ഥികള്‍ എപ്പോഴും ഉയര്‍ന്ന ലക്ഷ്യങ്ങളും വലിയ സ്വപ്നങ്ങളുമുള്ളവരായിരിക്കണമെന്നും അത് സാക്ഷാത്കരിക്കാന്‍ കഠിനമായി പരിശ്രമിക്കണമെന്നും കാന്തപുരം ഉത്‌ബോധിപ്പിച്ചു. ആധുനിക ലോകത്ത് മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് വലിയ സാധ്യതകളാണ് വിദ്യാര്‍ഥികളെ കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാമിഅത്തുല്‍ ഹിന്ദ് ഏകജാലക സംവിധാനം വഴി ഏഴ്, എട്ട് ക്ലാസുകളിലേക്ക് പ്രവേശനം നേടിയ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇശ്‌റാഖ് സംഗമത്തില്‍ പങ്കാളികളായത്. ജെ-സാറ്റ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ഒന്നും രണ്ടും അലോട്ട്‌മെന്റുകളിലൂടെ യോഗ്യത നേടിയവരാണ് ഈ ബാച്ചിലുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ക്യാമ്പസുകളില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ മോഡുകളിലായി ഒരേസമയമാണ് സംഗമം സംഘടിപ്പിച്ചത്.







