From the print
ദൈവനാമത്തില്‍ 19 പേര്‍; സഗൗരവം രണ്ട് പേര്‍
മുഖ്യമന്ത്രിയുള്‍പ്പെടെ 19 പേര്‍ ദൈവനാമത്തിലും രണ്ട് ഘടകകക്ഷി മന്ത്രിമാര്‍ സഗൗരവവുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
തിരുവനന്തപുരം | കേരളത്തിന്റെ 13ാമത് മുഖ്യമന്ത്രിയായി വി ഡി സതീശനും ഒപ്പം ഘടകകക്ഷി പ്രതിനിധികളുള്‍പ്പെടെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെക്രട്ടേറിയറ്റിന് സമീപത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുള്‍പ്പെടെ 19 പേര്‍ ദൈവനാമത്തിലും രണ്ട് ഘടകകക്ഷി മന്ത്രിമാര്‍ സഗൗരവവുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി വി ഡി സതീശനൊപ്പം പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, എ പി അനില്‍കുമാര്‍, എന്‍ ഷംസുദ്ദീന്‍, പി സി വിഷ്ണുനാഥ്, സി പി ജോണ്‍, ഷിബു ബേബിജോണ്‍, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, എം ലിജു, കെ എം ഷാജി, പി കെ ബഷീര്‍, വി ഇ അബ്ദുല്‍ ഗഫൂര്‍, ടി സിദ്ദിഖ്, കെ എ തുളസി, ഒ ജെ ജനീഷ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
മുരളീധരന്‍ ഇംഗ്ലീഷില്‍
ആര്‍ എസ് പി പ്രതിനിധിയായ ഷിബു ബേബിജോണും സി എം പി അംഗം സി പി ജോണും സഗൗരവവും മറ്റു മന്ത്രിമാര്‍ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കെ മുരളീധരന്‍ ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ചടങ്ങില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എം പിമാരായ പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഢി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു, എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി തുടങ്ങിയ നേതാക്കള്‍ വിശിഷ്ടാതിഥികളായി.
നിയുക്ത പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍, നിയുക്ത സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, ചീഫ് സെക്രട്ടറി എ ജയതിലക്, സുന്നി സംഘടനാ പ്രതിനിധികളായി മര്‍കസ് ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സിദ്ദീഖ് സഖാഫി നേമം, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ ക്രൈസ്തവ സഭാ പ്രതിനിധികള്‍ പങ്കെടുത്തു. ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ ഇരുന്നാല്‍ മതിയെന്നായിരുന്നു ലോക്ഭവന്റെ നിര്‍ദേശം. എന്നാല്‍, ലോക്ഭവനുമായി മുഖ്യമന്ത്രി സംസാരിച്ചതിനെ തുടര്‍ന്ന് നേതാക്കള്‍ക്ക് വേദിയില്‍ ഇരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.







