Connect with us

From the print

കീഴ്‌വഴക്കങ്ങള്‍ മാറ്റിയ സത്യപ്രതിജ്ഞാവേദി

ഭരണ-പ്രതിപക്ഷ നേതാക്കള്‍ നിറഞ്ഞ സദസ്സ്. കീഴ്‌വഴക്കങ്ങള്‍ മാറ്റപ്പെടാനുള്ളതെന്ന് വി ഡി സതീശന്‍.

Published

|

Last Updated

തിരുവനന്തപുരം | ഭരണ-പ്രതിപക്ഷ നേതാക്കള്‍ നിറഞ്ഞ സദസ്സും കീഴ്‌വഴക്കങ്ങള്‍ മാറ്റിയ സത്യപ്രതിജ്ഞാവേദിയും കേരളത്തിന് പുതിയ അനുഭവമായി. സത്യപ്രതിജ്ഞാവേദിയില്‍ കേരളചരിത്രം കണ്ടിട്ടില്ലാത്ത ഹൃദ്യമായ കാഴ്ചകള്‍ക്കാണ് ഇന്നലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം സാക്ഷിയായത്.

ഗവര്‍ണര്‍, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ വിരലില്‍ എണ്ണാവുന്നവര്‍ക്കായി മാത്രം ഒരുങ്ങിയിരുന്ന സത്യപ്രതിജ്ഞാവേദി ഭരണ, പ്രതിപക്ഷ ഭേദമന്യേ നേതാക്കളെ സ്വീകരിച്ചിരുത്തി. സത്യപ്രതിജ്ഞ തുടരുന്നതിനിടെ കുട്ടികളില്‍ ചിലര്‍ വേദിയിലേക്ക് ഓടിയെത്തി ദേശീയനേതാക്കളെ പരിചയപ്പെടുന്നതും വിസ്മയക്കാഴ്ചയായി.

നിയുക്ത പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരും മുന്‍നിരയിലുണ്ടായിരുന്നു.

കഴിഞ്ഞദിവസം സത്യപ്രതിജ്ഞാവേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്ന നിര്‍ദേശം ലോക്ഭവന്‍ നല്‍കിയിരുന്നുവെങ്കിലും നേതാക്കളെ വേദിയിലിരുത്തണമെന്ന് വി ഡി സതീശന്‍ ലോക്ഭവനോട് അനുമതി തേടിയിരുന്നു. ഇതോടൊപ്പം ആവേശം അലയടിച്ചെത്തിയ വേദിയില്‍ പ്രോട്ടോക്കോള്‍ നിര്‍ദേശങ്ങള്‍ അപ്രസക്തമായി.

കീഴ്വഴക്കങ്ങളൊക്കെ മാറ്റപ്പെടാനുള്ളതാണെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി വി ഡി സതീശന്റെ മറുപടി. ഭാവിയില്‍ ഒരുപാട് കീഴ്വഴക്കങ്ങള്‍ മാറ്റപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

താളംതെറ്റി; സീറ്റില്ലാതെ വി ഐ പികളും എം എല്‍ എമാരും
തിരുവനന്തപുരം | പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം അധികാരത്തിലെത്തിയ യു ഡി എഫ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞക്ക് സാക്ഷ്യം വഹിക്കാനെത്തിയ ജനക്കൂട്ടത്തെക്കൊണ്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞതോടെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം താളംതെറ്റി. സദസ്സില്‍ വി ഐ പികള്‍ ഉള്‍പ്പെടെ പ്രത്യേകം ക്ഷണിച്ചവര്‍ക്കായി 15,000 കസേരകള്‍ നിരത്തിയിരുന്നുവെങ്കിലും രാവിലെ ഏഴോടെ പന്തല്‍ നിറഞ്ഞുകവിഞ്ഞിരുന്നു. പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ എത്തിയതോടെ വേദിയിലെ സാഹചര്യം നിയന്ത്രണാതീതമായി. നേതാക്കള്‍ക്ക് പോലും ഇരിപ്പിടം ലഭിച്ചില്ല. മുഖ്യമന്ത്രി വി ഡി സതീശന്റെ മകള്‍ ഉണ്ണിമായക്ക് ഉള്‍പ്പെടെ ആദ്യഘട്ടത്തില്‍ സീറ്റ് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ടാണ് ഉണ്ണിമായക്ക് സീറ്റ് സംഘടിപ്പിച്ച് നല്‍കിയത്.

വി ഐ പികള്‍ക്കായി നിശ്ചയിച്ചിരുന്ന ഗേറ്റിലൂടെ പ്രവര്‍ത്തകര്‍ തള്ളിക്കയറിയതോടെ വേദിയുടെ കവാടത്തില്‍ ആള്‍ക്കൂട്ടമായി. ഇതിനിടെ വേദിയിലേക്കെത്തിയ വി ഐ പി കള്‍ക്കും എം എല്‍ എമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അകത്തുകയറാന്‍ കഴിയാത്ത സ്ഥിതിയായി. ഓരോ എം എല്‍ എക്കുമൊപ്പം 20 മുതല്‍ 30 പേര്‍ വരെ എത്തിയതും പോലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാനാകാത്തവിധം സങ്കീര്‍ണമാക്കി. നിയുക്ത എം എല്‍ എമാര്‍ക്കും പ്രമുഖ പാര്‍ട്ടി നേതാക്കള്‍ക്കു പോലും വേദിയില്‍ ഇരിപ്പിടം കിട്ടാത്ത സ്ഥിതിയായിരുന്നു. വി വി ഐ പികള്‍ക്കായി പ്രത്യേകം തരംതിരിച്ച മുന്‍നിരകളിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചുകയറി നേരത്തേ തന്നെ ഇരിപ്പിടങ്ങള്‍ കൈക്കലാക്കിയിരുന്നു. മുന്‍നിരയിലെ തിരക്ക് ഒഴിവാക്കാനും നേതാക്കള്‍ക്ക് വഴിയൊരുക്കാനും പോലീസ് ശ്രമിച്ചെറങ്കിലും പരാജയപ്പെട്ടു. പ്രത്യേക വി ഐ പി പാസ്സുകള്‍ കൈവശമുണ്ടായിട്ടും നിരവധി പേരാണ് സദസ്സില്‍ ഇടം ലഭിക്കാതെ പുറത്തുനില്‍ക്കേണ്ടി വന്നത്.