Connect with us

Kerala

മസ്കറ്റ് വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അപകടത്തിൽപെട്ടത് കണ്ണൂരിലേക്കുള്ള വിമാനം

ടാക്സി വേയിൽ നിന്നും റൺവേയിലേക്ക് പ്രവേശിച്ച് വേഗത വർധിപ്പിക്കുന്നതിനിടെ വിമാനം റൺവേയുടെ അരികിലെ ലൈറ്റുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു

Published

|

Last Updated

ഫയൽ ചിത്രം

ന്യൂഡൽഹി | മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽ പെട്ടു. മസ്കറ്റിൽ നിന്നും കേരളത്തിലെ കണ്ണൂരിലേക്ക് വരാൻ തയാറെടുത്ത ബോയിങ് 737 800 വിമാനമാണ് റൺവേയിൽ നിന്ന് തെറ്റിയത്. മെയ് 15 ന് രാത്രി പ്രാദേശിക സമയം ഒൻപത് മണിക്ക് ശേഷമായിരുന്നു സംഭവം. ടാക്സി വേയിൽ നിന്നും റൺവേയിലേക്ക് പ്രവേശിച്ച് വേഗത വർധിപ്പിക്കുന്നതിനിടെ വിമാനം റൺവേയുടെ അരികിലെ ലൈറ്റുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിച്ചതിനെ തുടർന്ന് നിരവധി റൺവേ ലൈറ്റുകൾ തകരുകയും വിമാനത്തിന്റെ മുൻവശത്തെ ചക്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

റൺവേയിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ കോക്പിറ്റിൽ വലിയ ശബ്ദം കേട്ടതോടെ പൈലറ്റുമാർ വിമാനം അടിയന്തരമായി ബ്രേക്ക് ചെയ്ത് നിർത്തുകയായിരുന്നു. ശക്തമായ ഇടിയിൽ വിമാനത്തിന് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഹൈഡ്രോളിക് ചോർച്ചയും ടയർ പഞ്ചറായതും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ പുറത്തുനിന്നുള്ള വസ്തുക്കൾ തുളച്ചുകയറി എഞ്ചിനുകൾക്ക് ഗുരുതരമായ തകരാറും സംഭവിച്ചു. റൺവേയിൽ വെച്ചുതന്നെ യാത്രക്കാരെയും ക്രൂ അംഗങ്ങളെയും വിമാനത്തിൽ നിന്നും സുരക്ഷിതമായി പുറത്തെത്തിക്കുകയും ടെർമിനലിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടർന്ന് ദിവസങ്ങളോളം വിമാനം മസ്കറ്റ് വിമാനത്താവളത്തിൽ തന്നെ പാർക്ക് ചെയ്തിട്ടിരിക്കുകയായിരുന്നു.

അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം എയർ ഇന്ത്യ എക്സ്പ്രസ് മറ്റൊരു ബോയിങ് 737 800 വിമാനം എത്തിച്ചാണ് യാത്രക്കാരെ കണ്ണൂരിൽ എത്തിച്ചത്. നിശ്ചയിച്ച സമയത്തേക്കാൾ 13 മണിക്കൂറിലേറെ വൈകിയാണ് ഈ പകരക്കാരൻ വിമാനം സർവീസ് നടത്തിയത്. ഒമാന്റെ എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടർ ഈ സംഭവത്തെ ഗുരുതരമായ ഒരു അപകടമായി തരംതിരിക്കുകയും സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് വ്യക്തമാക്കി. യാത്രക്കാർക്ക് ആവശ്യമായ താമസ സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും ഒരുക്കിയിരുന്നതായും എയർലൈൻ അധികൃതർ അറിയിച്ചു.

Content Highlights:

An Air India Express Boeing 737-800 aircraft operating from Muscat to Kannur veered off the runway at Muscat Airport during takeoff. The plane sustained severe damage, including a hydraulic leak, flat tire, and foreign object damage to both engines after hitting runway edge lights. Passengers and crew were safely evacuated back to the terminal, and a replacement flight transported the stranded passengers to Kerala the next day.

Latest