Kerala
അട്ടപ്പാടി മധു ആള്‍ക്കൂട്ട കൊലപാതക കേസ്: വിധിയില്‍ സന്തോഷമെന്ന് കുടുംബം; ഒന്നാം പ്രതിയെ വിട്ടയച്ചതിനെതിരെ അപ്പീല്‍ പോകും
പ്രതികളുടെ ശിക്ഷ വര്‍ധിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും
പാലക്കാട് | അട്ടപ്പാടി മധു ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം കേസിലെ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകുമെന്നും കുടുംബം അറിയിച്ചു. മണ്ണാര്‍ക്കാട് വിചാരണ കോടതി പ്രതികള്‍ക്ക് വിധിച്ച ഏഴ് വര്‍ഷം തടവുശിക്ഷയാണ് ഇന്ന് ഹൈക്കോടതി ജീവപര്യന്തമായി വര്‍ധിപ്പിച്ചത്. 12 പ്രതികള്‍ക്കാണ് ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
കേസില്‍ എല്ലാവരുടേയും സഹായം കിട്ടി. അതുകൊണ്ടാണ് ഇത്രയും ആയത്. എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇത് സാധിക്കില്ല. എല്ലാവരുടെയും സഹായം ഉണ്ടായിരുന്നു. സര്‍ക്കാരും സഹായിച്ചിട്ടുണ്ട്. ഒരു പ്രതിയെ വെറുതെ വിട്ടു. എന്തിന് വിട്ടു എന്ന് എനിക്കറിയില്ലെന്നും മധുവിന്റെ അമ്മ പറഞ്ഞു.
ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടേയും ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെയും അപ്പീലുകളാണ് കോടതി പരിഗണിച്ചത്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ പ്രതികളെല്ലാം കോടതിയില്‍ ഹാജരായിരുന്നു
2018 ഫെബ്രുവരി 22-നാണ് മുക്കാലിയില്‍, ആദിവാസി യുവാവായ മധുവിനെ ഒരുസംഘം ആള്‍ക്കൂട്ടം മോഷണക്കുറ്റം ആരോപിച്ച് കൈകള്‍ ബന്ധിച്ച് അതിക്രൂരമായി മര്‍ദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പോലീസിന് മധുവിനെ കൈമാറി. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയിലാണ് മധു മരിച്ചത







