National
'കോക്രോച്ച് ജനതാ പാർട്ടി വിഷയത്തിൽ ഇത്രയധികം വികാരാധീനരാകേണ്ട': ഹരജിയിൽ അടിയന്തര ഇടപെടൽ തള്ളി സുപ്രീം കോടതി
കോക്രോച്ച് ജനതാ പാർട്ടി അഥവാ സി ജെ പി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകളും കാമ്പെയ്നുകളും നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം.
ന്യൂഡൽഹി | ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമർശത്തെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ഉദയംകൊണ്ട ‘കോക്രോച്ച് ജനത പാർട്ടി’യുമായി ബന്ധപ്പെട്ട ഹരജികളിൽ അടിയന്തരമായി ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഇക്കാര്യത്തിൽ അഭിഭാഷകർ ഇത്രയധികം വികാരാധീനരാകേണ്ട കാര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോക്രോച്ച് ജനതാ പാർട്ടി അഥവാ സി ജെ പി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകളും കാമ്പെയ്നുകളും നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം. നിലവിൽ ഇതിൽ വലിയ അടിയന്തര സാഹചര്യമില്ലെന്നും ഹർജി പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് നടത്തിയ മുൻപത്തെ പരാമർശങ്ങളെ വളച്ചൊടിച്ചും വികലമാക്കിയും ചില കേന്ദ്രങ്ങൾ ഇപ്പോഴും നീതിന്യായ വ്യവസ്ഥയെ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഹർജിക്കാരനായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ചീഫ് ജസ്റ്റിസ് തന്നെ വിഷയത്തിൽ വ്യക്തത വരുത്തിയിട്ടും സോഷ്യൽ മീഡിയയിൽ സ്ഥാപനത്തിന്റെ പ്രതിച്ഛായയെ ഇല്ലാതാക്കാനുള്ള പ്രചാരണങ്ങൾ തുടരുകയാണ്. കോടതി മുറികളിലെ വാദപ്രതിവാദങ്ങളും വാക്കാലുള്ള പരാമർശങ്ങളും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്നും കോടതി നടപടികളെ തെറ്റായി വ്യാഖ്യാനിക്കുന്ന രീതിയിൽ ഭാഗികമായി മാത്രം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കൂടാതെ രാജ്യത്ത് 35 മുതൽ 40 ശതമാനം വരെ വ്യാജ നിയമ ബിരുദങ്ങൾ ഉണ്ടെന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്സന്റെ പ്രസ്താവനയെക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്നും ഹർജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ യുവതലമുറയെ ചീഫ് ജസ്റ്റിസ് വിമർശിച്ചുവെന്ന രീതിയിൽ വന്ന മാധ്യമ വാർത്തകളിൽ അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾ തന്റെ വാക്കുകളെ തെറ്റായി ഉദ്ധരിക്കുകയായിരുന്നുവെന്നും വ്യാജ ബിരുദങ്ങളുമായി നിയമരംഗത്തേക്ക് കടന്നുവരുന്നവരെയാണ് താൻ വിമർശിച്ചതെന്നും മെയ് 16 ന് പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഡൽഹി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷക പദവികളുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടയിലാണ് വിവാദത്തിന് ആസ്പദമായ ‘കോക്രോച്ച്’ പരാമർശം ഉണ്ടായത്. സമൂഹത്തിലെ ചില പരാദങ്ങൾ വ്യവസ്ഥിതിയെ ആക്രമിക്കുകയാണെന്നും തൊഴിലില്ലാത്ത ചില യുവാക്കൾ സോഷ്യൽ മീഡിയയും ആർ ടി ഐ ആക്ടിവിസവും ആയുധമാക്കി കോടതികളെ ലക്ഷ്യമിടുകയാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു. ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയവയിലൂടെ നീതിന്യായ വ്യവസ്ഥയെ ലക്ഷ്യമിട്ട് നടക്കുന്ന നീക്കങ്ങൾ സുപ്രീം കോടതി നിരീക്ഷിക്കുന്നുണ്ടെന്നും ഡൽഹിയിലെ ചില അഭിഭാഷകരുടെ ബിരുദങ്ങളുടെ ആധികാരികതയിൽ ഗുരുതരമായ സംശയങ്ങളുണ്ടെന്നും കോടതി മുൻപ് വ്യക്തമാക്കിയിരുന്നു.
Content Highlights:
Chief Justice of India Surya Kant has declined an urgent hearing on a writ petition concerning the viral ‘Cockroach Janta Party’ (CJP) social media movement. The petitioner argued that courtroom recordings were being commercially exploited and distorted to defame the judiciary despite the CJI’s earlier clarifications. The apex court stated there is no immediate emergency and it will consider the matter in due course, while also noting the plea’s demand for a CBI probe into alleged fake law degrees.







