Connect with us

Articles

വയോജന പരിപാലനത്തിനും "കേരള മോഡൽ'

നീണ്ട കാലം പലതലത്തില്‍ സമൂഹത്തെ സേവിച്ചാണ് ഓരോ മനുഷ്യരും വൃദ്ധത്വത്തിലേക്ക് എത്തുന്നത്. അവര്‍ സമൂഹത്തിന് നല്‍കിയ സേവനങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യേണ്ട ബാധ്യത സമൂഹത്തിനുണ്ട്. വൃദ്ധരായ ആളുകളുടെ പരിപാലനം കുടുംബങ്ങള്‍ക്ക് കൃത്യമായി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ തീര്‍ച്ചയായും സമൂഹവും ഭരണകൂടവും അവിടെ ക്രിയാത്മകമായി ഇടപെടണം.

Published

|

Last Updated

നിലവില്‍ സാമൂഹിക നീതി വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വയോജനക്ഷേമ സംവിധാനത്തെ, വൃദ്ധരായ പൗരന്മാര്‍ക്കുള്ള പ്രത്യേക വകുപ്പായി മാറ്റാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം കാലോചിതവും അത്യന്താപേക്ഷിതവുമായ കാര്യമാണ്. ഒരാള്‍ വൃദ്ധനാകുന്നത് പ്രായം കൊണ്ട് മാത്രമല്ല, ജൈവികമായും മാനസികമായും സാമൂഹികമായും അയാള്‍ വൃദ്ധത്വത്തെ പ്രാപിക്കുന്നുണ്ട്. വയസ്സുകൊണ്ട് പ്രായം ചെല്ലുമ്പോഴും മനസ്സുകൊണ്ട് ചെറുപ്പം സൂക്ഷിക്കുന്ന ആളുകളുണ്ട്. പ്രായമായാലും ശരീരത്തിന്റെ ആരോഗ്യം കൊണ്ട് ചെറുപ്പം സൂക്ഷിക്കുന്നവരുണ്ട്. കുടുംബത്തിലും സമൂഹത്തിലും ഒരാള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്ന പല മേഖലകളില്‍ നിന്നും പ്രായാധിക്യം മൂലം അയാള്‍ക്ക് മാറിനില്‍ക്കേണ്ടി വന്നേക്കാം. ചുരുക്കത്തില്‍ വ്യക്തികളെ ശാരീരികവും മാനസികവും സാമൂഹികവുമായി ബാധിക്കുന്ന ഒന്നാണ് വൃദ്ധത്വം എന്നത്. സ്വയംപര്യാപ്തനായി ജീവിച്ചിരുന്ന ഒരാള്‍ മെല്ലെ മറ്റുള്ളവരുടെ ആശ്രിതത്വത്തിലേക്ക് മാറുന്നു എന്നതാണ് വൃദ്ധരാകല്‍ എന്നതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. പോസ്റ്റ് ലിബറലൈസേഷന്‍ കാലം മലയാളി കുടുംബങ്ങളെ തന്നെ പൊളിച്ച് പുനര്‍നിര്‍മിക്കുന്ന കാലമാണ്. ആളുകള്‍ കൂടുതല്‍ അവരവരിലേക്ക് ചുരുങ്ങുകയും വ്യക്തിയുടെ സുഖങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടുകയും ചെയ്യുന്ന ഒരു സമൂഹമായി കേരളം മാറുന്ന വേളയിലാണ് പരാശ്രിതത്വത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന വൃദ്ധജനതയുടെ പെരുപ്പം കേരളത്തില്‍ ഉണ്ടാകുന്നത്. ഈ സന്ദര്‍ഭത്തില്‍ ഭരണതലത്തില്‍ ഉണ്ടാകേണ്ട ഏറ്റവും മികച്ച ഒരു തീരുമാനമാണ് വയോജന വകുപ്പെന്നത്.
2050ല്‍ എത്തുമ്പോള്‍ വയോജനങ്ങളുടെ ആഗോള സംഖ്യ 2.1 ബില്യണ്‍ ആകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ 2001ല്‍ ജനസംഖ്യയുടെ 7.4 ശതമാനം ആയിരുന്നു വയോജനങ്ങള്‍. 2011ലെത്തിയപ്പോള്‍ അത് 8.5 ആയി മാറി. എന്നാല്‍ ഇതേ കാലയളവില്‍ കേരളത്തിലെ വയോജന സംഖ്യ 10.5 ശതമാനത്തില്‍ നിന്ന് 12.5 ആയി മാറി. നിലവിലുള്ള ട്രെന്‍ഡ് അനുസരിച്ച് 2030 ഒക്കെയാകുമ്പോള്‍ കേരളത്തിലെ വയോജന സംഖ്യ 20 ശതമാനം കടക്കും. അതിദാരിദ്ര്യത്തില്‍ നിന്നുള്ള മോചനവും കാര്യക്ഷമമായ ആരോഗ്യപരിപാലന സംവിധാനങ്ങളും ആശുപത്രികളും വീടുകളും തമ്മിലുള്ള മെച്ചപ്പെട്ട സഞ്ചാരമാര്‍ഗങ്ങളും ഒത്തുചേരുന്നതിന്റെ പ്രതിഫലനം കൂടിയാണ് കേരളത്തില്‍ വര്‍ധിച്ചു വരുന്ന വയോജനസംഖ്യ.

ആക്ഷേപഹാസ്യം എന്ന മട്ടില്‍ “കോക്രോച്ച് ജനതാ പാര്‍ട്ടി’ എന്ന പേരില്‍ ഒരു ഡിജിറ്റല്‍ പാര്‍ട്ടിക്ക് രൂപം നല്‍കപ്പെട്ടത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. അതിന്റെ ഫോളോവേഴ്‌സ് ആയി 19 മില്യണ്‍ ആളുകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായി എന്നത് ഇന്ത്യന്‍ സമൂഹം എത്രമേല്‍ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുന്നു എന്ന് സൂചിപ്പിക്കുന്നു. ഒരുവശത്ത് ട്രില്യണ്‍ ഇക്കോണമിയാകാന്‍ യത്‌നിക്കുന്ന ഇന്ത്യയും മറുവശത്ത് മൂന്ന് നേരം ഭക്ഷണം കഴിക്കാന്‍ കഴിയാത്തവരുടെ നെട്ടോട്ടവും ചേരുന്ന സാമ്പത്തിക ദ്വന്ദ്വത്തിലൂടെയാണ് ഇന്ത്യന്‍ ജനത കടന്നുപോകുന്നത്. ഇന്ത്യന്‍ തെരുവുകളിലൂടെ ബൈക്കുകളില്‍ കുതിച്ചുപായുന്ന ഗിഗ് ഇക്കോണമിയുടെ മുന്നണിപ്പോരാളികളായ യുവാക്കള്‍ രാജ്യത്തിന്റെ വികാസത്തെയല്ല കുറിക്കുന്നത്. മറിച്ച് ഒരു കുടുംബത്തില്‍ നിന്ന് തൊണ്ണൂറ് കഴിഞ്ഞ അപ്പൂപ്പനും അമ്മൂമ്മയും കൂടി തൊഴില്‍ കമ്പോളത്തിലേക്ക് വന്നാലേ കുടുംബത്തിന് പട്ടിണി മാറ്റാന്‍ കഴിയൂ എന്ന സാധാരണക്കാരുടെ ദൈന്യതയെയാണ് അത് സൂചിപ്പിക്കുന്നത്. ഒരു കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് കടക്കുമ്പോള്‍ അവര്‍ ആദ്യം ചിന്തിക്കുക എന്തൊക്കെ ചെലവുകള്‍ ഒഴിവാക്കാം എന്നതാണ്. അങ്ങനെ ഒഴിവാക്കുന്ന നിരവധി കാര്യങ്ങളില്‍ ഒന്ന് നമ്മള്‍ സമ്മതിച്ചു കൊടുത്താലും ഇല്ലെങ്കിലും വയോജന പരിപാലനം തന്നെയാണ്. അവര്‍ക്ക് ആവശ്യമായ മരുന്നുകള്‍, സമയബന്ധിതമായ പരിചരണം, ആശുപത്രി ചെക്കപ്പുകള്‍ ഒക്കെ ഭാഗികമായോ പൂര്‍ണമായോ ഒഴിവാക്കുക എന്നത് ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്. വയോജന പരിപാലനം ഒരു നഷ്ടക്കച്ചവടമായി സമൂഹം കരുതുന്നുവോ എന്ന് സംശയിക്കാന്‍ മാത്രം തെളിവുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന വീഡിയോകള്‍ സാക്ഷ്യം പറയും.

നീണ്ട കാലം പലതലത്തില്‍ സമൂഹത്തെ സേവിച്ചാണ് ഓരോ മനുഷ്യരും വൃദ്ധത്വത്തിലേക്ക് എത്തുന്നത്. അവര്‍ സമൂഹത്തിന് നല്‍കിയ സേവനങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യേണ്ട ബാധ്യത സമൂഹത്തിനുണ്ട്. വൃദ്ധരായ ആളുകളുടെ പരിപാലനം കുടുംബങ്ങള്‍ക്ക് കൃത്യമായി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ തീര്‍ച്ചയായും സമൂഹവും ഭരണകൂടവും അവിടെ ക്രിയാത്മകമായി ഇടപെടണം. മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന പരാശ്രിതത്വത്തെ എങ്ങനെ സ്ഥാപനപരമായി കുറയ്ക്കാന്‍ കഴിയും എന്നതാണ് ആദ്യത്തെ കടമ്പ. വൃദ്ധജനങ്ങള്‍ക്ക് പരാശ്രിതത്വം കൂടാതെയും മനുഷ്യാന്തസ്സോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാകണം പുതിയ വകുപ്പിന്റെ പ്രാഥമികമായ ലക്ഷ്യം.

Latest