International
ഇറാൻ മുൻ പരമാധികാരി ആയത്തുല്ല അലി ഖാംനഈയുടെ മയ്യിത്ത് മശ്ഹദിൽ ഖബറടക്കി; വിലാപയാത്രയിൽ ഒഴുകിയെത്തി ജനസാഗരം
ഇറാന്റെ ചരിത്രത്തിൽ മശ്ഹദിൽ ഖബറടക്കപ്പെടുന്ന രണ്ടാമത്തെ ഭരണാധികാരിയാണ് ഏതാണ്ട് 37 വർഷത്തോളം രാജ്യം ഭരിച്ച അലി ഖാംനഈ.
ടെഹ്റാൻ | അമേരിക്കയുടെയും ഇസ്റാഈലിന്റെയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമാധികാരി ആയത്തുല്ല അലി ഖാംനഈയുടെ മയ്യിത്ത് ഒടുവിൽ ഖബറടക്കി. നാല് മാസങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ മയ്യിത്ത് ഒരാഴ്ച നീണ്ടുനിന്ന പൊതുദർശനത്തിനും വിലാപയാത്രകൾക്കും ശേഷമാണ് ജന്മനാടായ മശ്ഹദിൽ ഖബറടക്കിയത്. ഖബറടക്കച്ചടങ്ങുകളിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് അനുയായികളാണ് ഒഴുകിയെത്തിയത്. ഗൾഫ് (Gulf) മേഖലയിലുൾപ്പെടെ വൻ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിച്ച മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ തുടക്കമായി ഫെബ്രുവരി 28 നാണ് യു എസ്, ഇസ്റാഈൽ വ്യോമാക്രമണത്തിൽ ഖാംനഈ കൊല്ലപ്പെടുന്നത്.
ഇറാന്റെ ചരിത്രത്തിൽ മശ്ഹദിൽ ഖബറടക്കപ്പെടുന്ന രണ്ടാമത്തെ ഭരണാധികാരിയാണ് ഏതാണ്ട് 37 വർഷത്തോളം രാജ്യം ഭരിച്ച അലി ഖാംനഈ. 1747 ൽ വധിക്കപ്പെട്ട നാദിർ ഷായെയാണ് ഇതിന് മുമ്പ് ഇവിടെ ഖബറടക്കിയിട്ടുള്ളത്. ഷിയാ മുസ്‌ലിംകളുടെ വിശുദ്ധ കേന്ദ്രങ്ങളിലൊന്നായ ഇമാം റിസാ മസ്ജിദിലാണ് ഖാംനഈക്ക് അന്ത്യവിശ്രമസ്ഥലമൊരുക്കിയത്. കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച വിലാപയാത്രകളെത്തുടർന്ന് ടെഹ്റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ വ്യോമപാതകളും റോഡുകളും അധികൃതർ പൂർണ്ണമായി അടച്ചിട്ടിരുന്നു.

ഇറാൻ ഇന്റർനാഷണൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഖാംനഈയുടെ മൂത്ത മകൻ മുസ്തഫയാണ് ജനാസ നിസ്കാരത്തിന് നേതൃത്വം നൽകിയത്. എന്നാൽ ഖാംനഈയുടെ രണ്ടാമത്തെ മകനും ഇറാന്റെ പുതിയ പരമാധികാരിയുമായി ചുമതലയേറ്റ മൊജ്തബ ഖാംനഈ ചടങ്ങുകളിൽ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമായി. മറ്റ് മൂന്ന് മക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഹോർമുസ് കടലിടുക്കിൽ സിവിലിയൻ ടാങ്കറുകൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി യു എസ് തുടർച്ചയായ ദിവസങ്ങളിൽ ഇറാനിൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഈ ചടങ്ങുകൾ നടന്നത്. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ജൂണിൽ 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ വെടി നിർത്തൽ ലംഗിച്ച് യുഎസ് ഇപ്പോഴും ഇറാനിൽ ശക്തമായ ആക്രമണം തുടരുകയാണ്.
Content Highlights:
Former Iranian Supreme Leader Ayatollah Ali Khamenei was buried in his hometown of Mashhad four months after being killed. Khamenei lost his life in US and Israeli airstrikes on February 28. His funeral prayers were led by his eldest son Mostafa, while his successor Mojtaba Khamenei was absent.


