Kerala
പാരിയത്തുകാവ് കുടിയൊഴിപ്പിക്കല്‍; ആരേയും ഉപേക്ഷിക്കില്ല, പുനരധിവാസം ഉറപ്പാക്കും: മുഖ്യമന്ത്രി
എട്ട് കുടുംബങ്ങള്‍ക്കും ആവശ്യമായ ബദല്‍ ഭൂമിയും സുരക്ഷിതമായ ഭവന സൗകര്യവും നല്‍കി അവരെ പൂര്‍ണ്ണമായി പുനരധിവസിപ്പിക്കുക എന്നത് തന്നെയാണ് സര്‍ക്കാരിന്റെ വ്യക്തമായ നയം
തിരുവനന്തപുരം | എറണാകുളം കിഴക്കമ്പലം മലയിടംതുരുത്തിന് സമീപമുള്ള പാരിയത്തുകാവ് ദലിത് കോളനിയിലെ കുടിയൊഴിപ്പിക്കലില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വിഡി സതീശന്‍. കുടിയൊഴിപ്പിക്കപ്പെടുന്ന എല്ലാവരേയും പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു തിങ്കളാഴ്ച ചേര്‍ന്ന നിര്‍ണ്ണായക മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരിയത്തുകാവിലെ ഒരു ദളിത് കുടുംബത്തെപ്പോലും വീടില്ലാതെ തെരുവില്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും പ്രശ്‌നത്തിന് ശാശ്വതമായ നിയമപരമായ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
കോടതി ഉത്തരവ് പൂര്‍ണ്ണമായി നടപ്പിലാക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായാല്‍ പോലും, അവിടെയുള്ള എട്ട് കുടുംബങ്ങള്‍ക്കും ആവശ്യമായ ബദല്‍ ഭൂമിയും സുരക്ഷിതമായ ഭവന സൗകര്യവും നല്‍കി അവരെ പൂര്‍ണ്ണമായി പുനരധിവസിപ്പിക്കുക എന്നത് തന്നെയാണ് സര്‍ക്കാരിന്റെ വ്യക്തമായ നയം. വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലുമായി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ കടുത്ത ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. മാനുഷിക പരിഗണന മുന്‍നിര്‍ത്തി ഈ കുടുംബങ്ങളുടെ ഇപ്പോഴത്തെ സങ്കീര്‍ണ്ണമായ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്താനും, കൂടുതല്‍ സമയം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കാനും എ ജി ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് തന്നെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കിയായിരിക്കും സര്‍ക്കാര്‍ മുന്നോട്ട് പോകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു







